കൊന്ന മലരിന്റെ പീതവർണ്ണവുമായ്
വന്നെത്തിയല്ലോ വിഷുക്കാലം
പൂത്തിരി വെട്ടത്തിൽ
വർണ്ണാഭയെന്നപോൽ
ആമോദമേകുന്നൊരീ വിഷുക്കാലം
കൊന്ന മലരുകൾ പൂങ്കുല
ചാർത്തുമായി
എങ്ങും ഒളി വീശി നിന്നീടവേ…
എന്നകതാരിൽ ആയിരം സ്വപ്നങ്ങൾ
മിന്നിമറഞ്ഞതു ഞാനറിവൂ .
പൊന്നുണ്ണിക്കണ്ണനെ
കണി കണ്ടിടാൻ
മേടവിഷുവിതാ വന്നണഞ്ഞു.
കൈനീട്ടം വാങ്ങുവാൻ ഉണ്ണികളോ
അപ്പൂപ്പനന്തികേ ഓടിയെത്തും
ആരാദ്യം ഞാനാദ്യം എന്ന മട്ടിൽ
ആമോദ മോടവരെത്തിടുമ്പോൾ
അപ്പൂപ്പൻ മാനസം പോയിടുന്നു
തൻബാല്യ കാല സ്മരണകളിൽ.
പോയൊരാക്കാലം എത്ര രമ്യം
എന്നു വൃഥാ നാം നിനച്ചിടുമ്പോൾ
എല്ലാം വെറുമൊരു യാന്ത്രികമായ്
ഘോഷിക്കയല്ലിയി പാരിടത്തിൽ
വിത്തും കൈ കോട്ടുമായ് കർഷകരും
പോയിടും ദൃശ്യവും പോയ് മറഞ്ഞു
നവയുഗ വേദിതൻ നൃത്തരംഗം
ഓരോ വിഷുവിലും കാൺമുനിത്യം
മുറതെറ്റിടാതെ ഈ കൊന്ന മലർ
നിശബ്ദ സാക്ഷിയായ് നിന്നിടുന്നു.