ഇന്ത്യൻ ഭരണതന്ത്രജ്ഞനായ വി പി മേനോൻ 1894 സെപ്റ്റംബർ 30 ന് ഒറ്റപ്പാലത്ത് ജനിച്ചു.
ഹൈസ്കൂൾ വിദ്യാഭ്യാസാനനന്തരം കോളർ സ്വർണ്ണഖനികളിലും ബോംബെയിലും ജോലി നോക്കി. പിന്നീട് ദൽഹിയിലെത്തി .1914-ൽ സെക്രട്ടറിയേറ്റിൽ ക്ലർക്കായി. സ്ഥിരോത്സാഹവും കഠിനാധ്വാനവും കൊണ്ട് പടിപടിയായി ഉയർന്ന് 1941-ൽ വൈസ്രോയി വേവൽ പ്രഭുവിന്റെ ഭരണഘടന ഉപദേഷ്ടാവായി. മൗണ്ട് ബാറ്റൻ പ്രഭു വൈസ്രോയി ആയിരിക്കെ അദ്ദേഹം 1947 ൽ റിഫോംസ് കമ്മീഷണറായി. ഒരു ഇന്ത്യക്കാരന് ലഭിച്ച ആദ്യത്തെ റിഫോംസ് കമ്മീഷണർ സ്ഥാനമായിരുന്നു അത്.
സ്വാതന്ത്ര്യ പ്രാപ്തിയെതുടർന്ന് 1947 -48 കാലയളവിൽ നാട്ടുരാജ്യവകുപ്പ് സെക്രട്ടറി എന്ന നിലയിൽ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. .1949-ൽ നാട്ടുരാജ്യ വകുപ്പിൽ ഉപദേഷ്ടാവായി.
1951-ൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം മേനോൻ കുറച്ചുകാലം ഒറീസ്സാ ഗവർണർ പദവി അലങ്കരിക്കുകയും പിന്നീട് സ്വതന്ത്ര പാർട്ടി രൂപീകൃതമായപ്പോൾ അതിൽ അംഗമാവുകയും ചെയ്തു. നൈസാം ട്രസ്റ്റിന്റെ ട്രസ്റ്റിയായിരുന്ന അദ്ദേഹം ബാംഗ്ലൂരിൽ ചില വ്യവസായ സംരംഭങ്ങളിലും ഏർപ്പെട്ടു .
ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനം ഇന്ത്യയിലെ അധികാര കൈമാറ്റം എന്നീ രണ്ട് ആധികാരിക ഗ്രന്ഥങ്ങൾ മേനോൻ ഇംഗ്ലീഷിൽ രചിച്ചിട്ടുണ്ട്. 500 ഓളം നാട്ടുരാജ്യങ്ങളെ ഇന്ത്യയോട് കൂട്ടിയോജിപ്പിക്കാൻ മുഖ്യപങ്കുവഹിച്ച വി.പി മേനോനോട് സംയോജിത ഇന്ത്യയ്ക്ക് എന്നും കടപ്പാടുണ്ട്.