പുരാതന ശിലായുഗത്തിലെ നിഗൂഢതകൾ ഉറങ്ങുന്ന ചില പ്രത്യേക അറകളെയാണ് മുനിയറകൾ എന്ന് പറയപ്പെടുന്നത്. മഹത്തായ ശിലാ സ്മാരകങ്ങളാണ് ഇവ. ലോകത്തിന്റെ പല ഭാഗത്തും മുനിയറകൾ കാണപ്പെടുന്നുണ്ട്. പലയിടത്തും പലരൂപങ്ങളിൽ എന്ന് മാത്രം. ചില സ്ഥലങ്ങളിൽ ഇത് മൂന്നു കല്ലുകൾ ചേർത്ത് കാണുമ്പോൾ മറ്റു ചിലയിടങ്ങളിൽ നാലും, അഞ്ചും കല്ലുകൾ ചേർത്ത് രൂപപ്പെടുത്തിയിരിക്കുന്നതായി കാണുന്നു. മുനിയറകളെ ചിലയിടങ്ങളിൽ “പഴുതറ” എന്നും അറിയപ്പെടുന്നു. ക്രിസ്തുവിന് മുൻപ് ആയിരം വർഷത്തോളം ഇതിന് പഴക്കമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഇത്രയേറെ പഴക്കമുള്ള ഈ അറകളെ പറ്റി പലകഥകളും പ്രചാരത്തിലുണ്ട്. പണ്ടുകാലത്ത് ശവശരീരം മറവ് ചെയ്യാനാണ് ഈ അറകൾ നിർമ്മിച്ചിരുന്നത് എന്ന് പരക്കെ വിശ്വസിക്കുന്ന പ്രദേശങ്ങൾ ഉണ്ട്. എന്നാൽ ഈ അറകളിൽ നിന്നും കലാകാലങ്ങളായുള്ള പഠനങ്ങളിൽ നിന്നും മനുഷ്യന്റെയോ മൃഗങ്ങളുടെയോ ആയ യാതൊരവശിഷ്ടങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിശ്വാസം തെറ്റാണെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ പണ്ട് സന്യാസിമാർ തപസ്നുഷ്ഠിക്കുന്നതിനായി ഇത്തരത്തിലുള്ള അറകൾ നിർമ്മിച്ചതാകണം എന്ന വിശ്വാസത്തിൽ ചിലരെങ്കിലും ഇന്നും ഉറച്ചു നിൽക്കുന്നുണ്ട്. എന്നിരുന്നാലും ഇതിനും ശാസ്ത്രീയമായ തെളിവുകളോ, അറിവുകളോ ഒന്നും തന്നെ ഇല്ല. ഒരാൾക്ക് കഷ്ടിച്ച് കിടക്കാനും, ഇരിക്കാനും ഉള്ള ഇടം മാത്രമേ ഒരു മുനിയറക്കുള്ളിൽ ഉണ്ടാകൂ. എന്നാൽ ഇത്രയും പോലും ഇടമില്ലാത്തതുമായിട്ടുള്ള മുനിയറകളും കണ്ടെത്തിയിട്ടുണ്ട്. മുനിമാർ തപസ്നുഷ്ഠിച്ചിരുന്ന ഇടമായിരുന്നത് കൊണ്ട് മുനിയറകൾ എന്ന് വിളിച്ചിരുന്നു എന്ന അഭിപ്രായത്തോട് ഭൂരിപക്ഷം ഗവേഷകരും യോജിക്കുന്നു.
ഉത്തരേന്ത്യയിൽ നിന്നും കണ്ടെടുത്ത ചില അറകൾ ജൈന-ബുദ്ധ സന്യാസിമാരുടെ വാസസ്ഥലങ്ങൾ ആയിരുന്നു എന്ന് അവിടെനിന്നും കണ്ടെടുത്ത ചില ചുമർചിത്രങ്ങളിൽ നിന്നും തെളിഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ഫ്രാൻസ്, റഷ്യ, നെതർലൻഡ്, അയർലൻഡ്, ഇറ്റലി, കൊറിയ, പോർട്ടുഗൽ തുടങ്ങിയ സ്ഥലത്തുനിന്നും മുനിയറകൾ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ, മറയൂർ, കാന്തല്ലൂർ, സുൽത്താൻ ബെത്തേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ചരിത്ര സ്മാരകങ്ങൾ കണ്ടെത്തിയിട്ടുള്ളത്. എന്നാലിത് പലയിടങ്ങളിലും വേണ്ടത്ര സംരക്ഷണമില്ലാതെ തകർന്നു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. പുരാതന കാലഘട്ടത്തിൽ ഇത്രയേറെ ചാരുതയോടെ മുനിയറകൾ സ്ഥാപിക്കാൻ തക്കവണ്ണം നൂതന ആശയങ്ങൾ ഉള്ള ജനങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് തന്നെ വലിയൊരു അത്ഭുതമാണ്. ഇന്നും, ഇതുവരെയും വെളിപ്പെടാത്ത രഹസ്യങ്ങൾ ഒളിപ്പിച്ചുകൊണ്ട്, മലനിരകളിലെ കാറ്റിന്റെ തഴുകലേറ്റ്, ആരുടെയൊക്കെയോ കരതലങ്ങളുടെ സ്പർശനമേറ്റ മുനിയറകൾ നമ്മുടെ മുന്നിൽ, ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്നു.
ലിജി സജിത്ത്✍