Wednesday, May 8, 2024
Homeയാത്ര'നാംഡ്രോലിംഗ് മൊണാസ്ട്രി കൂർഗ് ' (റിറ്റ ഡൽഹി എഴുതുന്ന "മൈസൂർ - കൂർഗ്...

‘നാംഡ്രോലിംഗ് മൊണാസ്ട്രി കൂർഗ് ‘ (റിറ്റ ഡൽഹി എഴുതുന്ന “മൈസൂർ – കൂർഗ് – കേരള യാത്രാ വിശേഷങ്ങൾ” (PART-6)

റിറ്റ ഡൽഹി

മൊട്ടത്തലയും കാവി പുതച്ച് നിഷ്കളങ്കത തുളുമ്പുന്ന മുഖവുമായിട്ടുള്ള ആ കൊച്ചു കുട്ടിയെ കണ്ണു കൊണ്ട് അന്വേഷിക്കുകയായിരുന്നു ഞാനാ  ആ യാത്രയിൽ.

കൂർഗിലെ പ്രശസ്തമായ കാഴ്ചകൾ കാണാനുള്ള സ്ഥലങ്ങളിലൊന്നാണ്,  ‘നാംഡ്രോംലിംഗ് മൊണാസ്ട്രി’ . അങ്ങോട്ടേക്കുള്ള യാത്ര എന്നു പറഞ്ഞപ്പോൾ മനസ്സിലേക്ക് ഓടി വന്നത്,

 യോദ്ധ മലയാള സിനിമയിലെ  നമുക്കെല്ലാം പ്രിയങ്കരനായ ആ ‘ഉണ്ണിക്കുട്ടനെയാണ്!’. പക്ഷെ അത്തരം കൊച്ചു കുട്ടികളെയൊന്നും കണ്ടില്ല. പകരം ടീനേജ് അല്ലെങ്കിൽ അതിലും പ്രായമുള്ളവരെയാണ് കണ്ടത്.ടിബറ്റൻ ബുദ്ധമത സ്കൂളിന്റെ ഏറ്റവും വലിയ അധ്യാപന കേന്ദ്രവും പ്രശസ്തമായ ആത്മീയ കേന്ദ്രവുമാണിത്.ധർമ്മശാല കഴിഞ്ഞാൽ ടിബറ്റിന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റൻ സെറ്റിൽമെൻ്റാണിത്.

ഈ മൊണാസ്ട്രിയുടെ പ്രധാന കവാടം ബുദ്ധമതത്തിൻ്റെ പ്രതീകങ്ങൾ ചിത്രീകരിക്കുന്ന ആകർഷകമായ നാലു നില ഗോപുരമാണ്. നാൽപ്പതടി ഉയരമുള്ള സ്വർണ്ണ ബുദ്ധപ്രതിമകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ചുവരുകൾ ടിബറ്റൻ ബുദ്ധ പുരാണങ്ങളിലെ  കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന മനോഹരമായ പെയിൻ്റിംഗുകൾ കൊണ്ട്   അലങ്കരിച്ചിരിക്കുന്നു.

എല്ലാം കൂടെ വളരെ വർണ്ണാഭമായ സ്ഥലം എന്നു പറയാം. എല്ലാ ക്ഷേത്രങ്ങളിലും കാണുന്നതുപോലെ പലതരം പുഷ്പങ്ങൾ, മെഴുകുതിരി, ചന്ദനത്തിരികളാൽ ബലിപീഠം അലങ്കരിച്ചിരിക്കുന്നു.

സന്ദർശകർക്ക് പ്രാർത്ഥിക്കാം, ധ്യാനിക്കാം, അവരുടെ വഴിപാടുകൾ നൽകാം. പക്ഷെ അവിടെയുള്ളവരിൽ പലരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്.   അതിമനോഹരമായ സ്ഥലം എങ്ങനെ  ക്യാമറയിൽ പകർത്താതെയിരിക്കും എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

നാട്ടുകാർക്കിടയിൽ ഈ ദേവാലയത്തെ ‘സുവർണ്ണ ക്ഷേത്രം ‘എന്നാണ് അറിയപ്പെടുന്നത്.

എല്ലാ വർഷവും ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം ഇതുപോലെയുള്ള മറ്റു സ്ഥലങ്ങളിൽ കാണുന്നതു പോലുള്ള ആത്മീയ അന്തരീക്ഷവും ശാന്തതയും കുറഞ്ഞു പോയോ എന്ന് സംശയം. ക്ഷേത്ര സമുച്ചയത്തിൽ ഏകദേശം 16000 അഭയാർത്ഥികളും 600 സന്യാസിമാരും വസിക്കുന്നുണ്ട്.

‘ഇത് എന്തോന്ന് മൊട്ടകളുടെ സമ്മേളനമോ?’

ടിബറ്റൻ ഭക്ഷണം കഴിക്കാനായിട്ട് അവിടെയുള്ള കഫേയിൽ പോയപ്പോൾ തോന്നിയതാണ്.

അടുത്തിരിക്കുന്ന സന്യാസിയുമായി കുശലം  പറയാനും മടിച്ചില്ല. അദ്ദേഹം, 1960-ൽ വളരെ ചെറിയ കുട്ടിയായിട്ട്  ജോയിന് ചെയ്തതാണ്. 300 രൂപ മുതൽ മുടക്കിലാണ് അത്രേ. ഈ മൊണാസ്ട്രി പണിയാൻ തുടങ്ങിയത്. പിന്നീട് 10 – 20 – 50 പൈസകൾ നാട്ടുകാരിൽ നിന്ന് സ്വരൂപിച്ചാണ് ആദ്യത്തെ ദേവാലയം ഉണ്ടാക്കിയത്. പിന്നീട് അത്  പുതുക്കി പണിതു —— ചില ചരിത്ര വിശേഷങ്ങൾ ഞങ്ങളുമായി പങ്കിട്ടു.

 അദ്ദേഹവുമായിട്ടുള്ള ഫോട്ടോ എടുത്ത് അവിടെ നിന്നും യാത്ര പറയാൻ നേരം – നമ്മുടെ ഉണ്ണിക്കുട്ടനുമായിട്ടുള്ള ഫോട്ടോ എടുക്കാൻ സാധിച്ചില്ലെങ്കിലും ഏകദേശം ആ പ്രായത്തിൽ ഇവിടെ ജോയിൻ ചെയ്ത ഒരാളുമായിട്ട് ഫോട്ടോ എടുക്കാൻ സാധിച്ചല്ലോ എന്നൊരു സമാധാനം😏  മനസ്സിൽ. ഇപ്പോൾ 73 വയസ്സാണെന്ന് മാത്രം!

കൂർഗ് ജില്ലയിൽ നിന്ന് 34 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ   ‘സുവർണ്ണ ക്ഷേത്രം അല്ലെങ്കിൽ നംഡ്രോലിംഗ് മൊണാസ്ട്രി ‘  സന്ദർശനം കണ്ണിനും മനസ്സിനും  രസമുകളങ്ങൾക്കും ഒരേ പോലെ രമണീയം.

Thanks

റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments