എന്താ ലേഖേ ഇന്ന് സ്പെഷ്യൽ ക്ലാസ് വല്ലതും ഉണ്ടായിരുന്നോ ? അതാണോ വൈകിയത് ?
“അതൊന്നുമല്ല മാഷേ, വഴി മുഴുവൻ ബ്ലോക്കായിരുന്നു. പോരാത്തതിന് പ്രതിഷേധക്കാരുടെയും പോലീസുകാരുടേയും ബഹളങ്ങൾ വേറെയും. ”
“വഴിയിൽ ബഹളമോ അതെന്തിന് ?”
” മാഷ് ഈ നാട്ടിലൊന്നുമല്ലെ ജീവിക്കുന്നത് ?”
“അതെന്താടോ, താനങ്ങനെ ചേദിച്ചത് ?”
“അല്ല പിന്നെ, എന്നും രാവിലെ പത്രത്തിലുള്ള വാർത്തകൾ അരച്ചുകലക്കി കുടിക്കുന്ന മാഷിന് ഒന്നും അറിയില്ലെന്ന് പറഞ്ഞാൽ അത് എന്നെ കളിയാക്കുന്നതു പോലെയല്ലെ …”
“പത്രത്തിലെ വാർത്തകൾ എന്നും രാവിലെ വായിക്കുന്നുണ്ട്. പക്ഷെ, ഇന്ന് സംഭവിക്കുന്ന കാര്യങ്ങൾ നാളെയല്ലെ അതിൽ വരൂ ? അതെങ്ങനെയാണ് ഞാനിപ്പോൾ അറിയുന്നത് ?”
“എന്റെ പൊന്നുമാഷേ ഇന്നാണ് നമ്മുടെ മുഖ്യമന്ത്രിയുടെ വാഹന പ്രചരണജാഥ ഇതിലെ കടന്നുപോയത്. അതിനെതിരെ കരിങ്കൊടി കാണിക്കാൻ നിന്നവരെ പോലീസ് അടിച്ചോടിച്ചു. പിന്നെ പറയണ്ടല്ലോ, രണ്ടു കൂട്ടരും ഉന്തും തള്ളുമായി അതിന്റെ ഫലമായി പാവം ജനങ്ങൾ ബ്ലോക്കിലുമായി ”
” ഹ ഹ ഹ അപ്പോ അതാണ് കാര്യം. അല്ലേലും എപ്പോഴും ദുരിതങ്ങളും ദുരന്തങ്ങളുമെല്ലാം തേടിയെത്തുന്നത് സാധാരക്കാരായ ജനങ്ങളെയാണല്ലോ ? എന്തായാലും ലേഖ വീട്ടിലേക്ക് ചെല്ല്, ഞാനൊന്ന് കവല വരെ നടന്നിട്ടു വരാം …..”
“അയ്യോ മാഷേ ഈ കാലൻ കുടയുമായി അവിടെയൊന്നും ചെന്ന് നിൽക്കല്ലേ. കരിങ്കൊടി കാണിക്കാൻ വന്നതാണെന്ന് കരുതി പോലീസുകാരുടെ നല്ല ചൂരൽ കഷായം കിട്ടും. ”
“ഏയ് അങ്ങനെയൊന്നും ഉണ്ടാകില്ലടോ ഒന്നുമല്ലെങ്കിലും ഞാൻ പഠിപ്പിച്ച കുട്ടികളും പോലീസിലുള്ളതല്ലെ അവർക്കെന്നെ അറിയാൻ പറ്റും ”
” ആങ്ങ്ഹാ, ഞാൻ പറയാനുള്ളത് പറഞ്ഞു. മാഷും പണ്ട് ഒരുപാട് പേർക്ക് ചൂരൽ കഷായം കൊടുത്തിട്ടുണ്ട്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാ പറയാറ് . അത് മറക്കണ്ട .”