പത്തനംതിട്ട –വേനല്‍ക്കാലത്ത് ജലജന്യരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ കരുതല്‍ വേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. വേനല്‍ കടുത്തതോടെ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും ജില്ലയിലെ ഉയര്‍ന്ന സ്ഥലങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമാണ്. ഇത്തരം സ്ഥലങ്ങളില്‍ ജലജന്യരോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ജില്ലയില്‍ പത്തനംതിട്ട, പന്തളം മുനിസിപ്പാലിറ്റികള്‍, കോന്നി, മല്ലപ്പള്ളി, ഇലന്തൂര്‍, കടമ്പനാട്, ഏഴംകുളം, ചന്ദനപ്പള്ളി, തണ്ണിത്തോട്, മലയാലപ്പുഴ, മൈലപ്ര, മെഴുവേലി, വടശേരിക്കര എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ നന്നായി ഉരച്ചു കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളം നിറച്ചുവെക്കാന്‍ ശ്രദ്ധിക്കണം. പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം നന്നായി അടച്ചു സൂക്ഷിക്കണം.
വീടിനുള്ളിലെ ഫ്രിഡ്ജ് കൂളറിന്റെ അടിയിലെ ട്രേ എന്നിവ ആഴ്ചയിലൊരിക്കലെങ്കിലും പരിശോധിച്ച് കൊതുകിന്റെ കൂത്താടികളില്ല എന്നുറപ്പുവരുത്തണം. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ചെടിച്ചട്ടികള്‍ക്കടിയില്‍ വെയ്ക്കുന്ന ട്രേ എന്നിവിടങ്ങളിലും വെള്ളംകെട്ടി നില്‍ക്കാം. കൊതുകുകള്‍ പെരുകുന്നത് തടയാനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചെറിയപനി ഉണ്ടായാല്‍ പോലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിലെത്തി ചികിത്സ തേടണം. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്കക്ക് വീണ്ടും രോഗബാധ ഉണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്.
പ്രായമായവര്‍,ഗര്‍ഭിണികള്‍ ഗുരുതരരോഗ ബാധിതര്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് വയറിളക്കരോഗങ്ങള്‍ ഭക്ഷ്യവിഷബാധ എന്നിവയ്‌ക്കെതിരെയും ജാഗ്രത വേണം. വെള്ളം മലിനമാകാനുള്ള സാഹചര്യം കൂടുതലായതിനാല്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഉത്സവങ്ങളുടെയും വിപണനമേളകളുടെയും സമയമായതിനാല്‍ ശീതളപാനീയങ്ങള്‍, ഐസ്, സര്‍ബത്തുകള്‍ എന്നിവ ശുദ്ധജലത്തില്‍ തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍, വാങ്ങികഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ചൂടു കൂടിയ സാഹചര്യമായതിനാല്‍ ഭക്ഷണം വേഗം കേടാകാന്‍ സാധ്യതയുണ്ട്. മലിനമായജലം, ഭക്ഷണം, വ്യക്തിശുചിത്വമില്ലായ്മ,പരിസരശുചിത്വമില്ലായ്മ, എന്നിവ ജലജന്യരോഗങ്ങള്‍ക്കു കാരണമാകാം. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ചെങ്കണ്ണ് തുടങ്ങിയ രോഗങ്ങളും വേനല്‍ക്കാലത്ത് കൂടുതലായി കാണുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഉടന്‍ ചികിത്സ തേടണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.