Monday, December 23, 2024
Homeകേരളംകോന്നി അതിരാത്രത്തിന് നാളെ ദീപം തെളിയും (ജയൻ കോന്നി)

കോന്നി അതിരാത്രത്തിന് നാളെ ദീപം തെളിയും (ജയൻ കോന്നി)

ജയൻ കോന്നി

കോന്നി: കോന്നി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഹിത ഫൗണ്ടേഷൻ നേതൃത്വത്തില്‍ കോന്നി ഇളകൊള്ളൂർ അതിരാത്രത്തിന് നാളെ ( 21/04/2024 ) തുടക്കമാകും. വൈകിട്ട് 3 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. 5 മണിക്ക് യജമാനൻ പത്നീ സമേതം യജ്ഞ ശാലയിലേക്ക് പ്രവേശിക്കും. തുടർന്നാണ് യാഗത്തിനായുള്ള അഗ്നി പകരുന്ന പ്രാതരഗ്നിഹോത്രം നടക്കുന്നത്. വിശ്വാസ പ്രമാണമനുസരിച്ചു വിശിഷ്ടമായ ഒരു ചടങ്ങാണിത്. സർവ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും നടക്കും. ആദ്യ ആറു ദിനം ദിവസം സോമയാഗം തന്നെയാകും നടക്കുക. തുടർന്ന് സമ്പൂര്‍ണ്ണ അതിരാത്ര യജ്ഞത്തിലേക്കു കടക്കും. മെയ് 1 നു ഉച്ചതിരിഞ്ഞു 3 മണിക്ക് യാഗ ശാലകൾ അഗ്നിക്ക് സമർപ്പിക്കുന്ന പൂർണാഹുതി നടക്കും.

ഡോക്ടർ ഗണേഷ് ജോഗ്ലേക്കർ ആണ് അതിരാത്രത്തിന്റെ പ്രധാന ആചാര്യൻ. യാഗാവസാനം വരെ യജമാനനും പതിനിയും പ്രധാന ആചാര്യനും യാഗ ശാലയിൽ തന്നെ തുടർന്ന് എല്ലാ ക്രിയകളിലും പങ്കെടുക്കും. ഇവർക്ക് പുറമെ 17 വൈദികർ ഋത്വിക്കുകൾ എന്ന പേരിൽ ഉണ്ടാകും. കൂടാതെ പരികർമികളായ വൈദികരും ചേർന്ന് ഇളകൊള്ളൂർ അതിരാത്രത്തിൽ 41 വൈദികരാണ് യാഗ ക്രിയകൾ ചെയ്യുക. ഇന്നലെ വൈകിട്ടോടു കൂടി ഋത്വിക്കുകൾ യാഗശാലയിലെത്തി അഗ്നിമന്ഥന നിത്യാഗ്നി ഹോത്രംനടത്തി. അനവധി കർമ്മങ്ങളും ഉപകർമങ്ങളും ചടങ്ങുകളും മന്ത്രോച്ചാരണങ്ങളും സ്തുതികളും കൊണ്ട് നിറഞ്ഞതാണ് അതിരാത്രം. സാധാരണ യാഗങ്ങൾ 6 ദിവസം കൊണ്ട് പൂർത്തിയാകുമെങ്കിലും അതിരാത്രം 12 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്. 4 സ്തുതി ശാസ്ത്രങ്ങൾ (വേദ മന്ത്രങ്ങൾ) 3 ചുറ്റായി 12 പ്രാവശ്യം ഉരുവിട്ട് മന്ത്രിക്കുകയും ഹവിസ്സുകൾ അർപ്പിക്കുകയും ചെയ്യുന്നു. 1000 ഋക്കുകൾ വരുമിത്. സൂര്യോദയത്തിനു മുൻപ് ഇത് അവസാനിച്ചാൽ സൂര്യോദയം വരെ ഇതാവർത്തിച്ചു കൊണ്ടിരിക്കും.

അതിരാത്രത്തിനായുള്ള യജ്ഞ മണ്ഡപങ്ങളുടെ പണി മൂന്നു ദിവസം മുൻപേ പൂർത്തിയായിരുന്നു. ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ പുറം മതിലിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് യജ്ഞമണ്ഡപകങ്ങൾ നിർമിച്ചിരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് രണ്ടടിയിൽ കൂടുതൽ ഉയർത്തിക്കെട്ടിയ തറയിലാണ് ഇവ പണിതിരിക്കുന്നത്. മേൽക്കൂര ഓല കൊണ്ട് നിർമിച്ചതാണ്. യാഗ വ്യവസ്ഥയനുസരിച്ചു മൂന്നു മണ്ഡപങ്ങളാണ് ഇത്തരത്തിൽ ഉള്ളത്. രണ്ടെണ്ണം ചരിഞ്ഞ കൂരകലും വലിപ്പ വ്യത്യാസമുള്ളവയുമാണ്. ഒരെണ്ണം പരന്നതും വളരെ ഉയരത്തിൽ നിർമിച്ചതുമാണ്.

യാഗത്തിന് വേണ്ട പാത്രങ്ങൾ മരം കൊണ്ടും മണ്ണ് കൊണ്ടും നിർമിച്ചിട്ടുള്ളതാണ്. അതിരാത്ര ഹോമകുണ്ഡങ്ങളിലേക്കുള്ള അഗ്നി അരണി കടഞ്ഞാണ് നിർമിക്കുന്നത്. ആൽ വൃക്ഷത്തിന്റെ കൊമ്പുകൊണ്ടാണ് അരണികൾ നിർമിക്കുന്നത്. യജമാനനും ഋത്വിക്കുകൾക്കും വേണ്ട പാൽ ആഹാരം എന്നിവ യജ്ഞ ശാലയിൽ തന്നെയാണ് നിർമിക്കുക. ഇതിനുള്ള യാഗ പശുക്കളെയും (മൃഗങ്ങൾ) മറ്റും യജ്ഞശാലയിൽ എത്തിച്ചു. ഉച്ചഭാഷിണികളുടെ വ്യന്യാസവും മറ്റൊരുക്കങ്ങളും പൂർത്തിയായി. യോഗങ്ങൾക്കുള്ള വേദിയും തയ്യാറായിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കുള്ള കൗണ്ടറുകളും വിശ്രമ മുറികളും സജ്ജമായിട്ടുണ്ട്.

മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെ പൂജകൾ അരിപ്പിക്കാം. ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോക്ടർ ചേന്നാസ് ദിനേശൻ നമ്പൂതിരിയാണ് അതിരാത്ര സ്വാഗത സംഘം ചെയർമാൻ. പി ആർ മുരളീധരൻ നായരാണ് ജനറൽ കൺവീനർ. കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഷ്ണു മോഹൻ ചെയർമാനായുള്ള സംഹിതാ ഫൗണ്ടേഷൻ ആണ് സംഘാടകർ.

അനീഷ് വാസുദേവൻ പോറ്റി രക്ഷാധികാരിയും കെ സി പ്രദീപ് കുമാർ ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയുമാണ്. ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ എന്നിവർ ട്രസ്റിമാരാണ്. ബബിലു ശങ്കർ, വി പി അഭിജിത്ത്, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവരാണ് അത്രിരാത്രത്തിനു നേതൃത്വം കൊടുക്കുന്നത്. ലക്ഷക്കണക്കിന് ഭക്തർ അതിരാത്രത്തിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജയൻ കോന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments