Saturday, November 9, 2024
Homeഅമേരിക്കചാടികടക്കാൻ ചാഴികാടൻ ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ചാടികടക്കാൻ ചാഴികാടൻ ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

വ്യത്യസ്ത ചേരിയിലുള്ള ബദ്ധവൈരികൾ ആയ രണ്ടു കേരള കോൺഗ്രസ്‌ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതുകൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് കോട്ടയം ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ.

പൊതുവെ യൂ ഡി ഫ് നു അനുകൂലമായ ഈ മണ്ഡലത്തിൽ നിന്നും പക്ഷേ എൽ ഡി ഫ് സ്‌ഥാനാർഥികളും പലവട്ടം ജയിച്ചിട്ടുണ്ട്.

67ൽ കമ്മ്യൂണിസ്റ് പാർട്ടിക്കുവേണ്ടി കെ എം എബ്രഹാമും 80ൽ അന്ന് ഇടതുപക്ഷത്തായിരുന്ന കേരള കോൺഗ്രസ്‌ മാണി വിഭാഗം നേതാവ് സ്‌കറിയ തോമസും ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്.

84ൽ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിന്റെ സഹതാപ തരംഗം രാജ്യമെമ്പാടും ആഞ്ഞു വീശിയ തെരഞ്ഞെടുപ്പിൽ സി പി എം ന്റെ യുവ പോരാളി കെ സുരേഷ്കുറുപ്പ് കോട്ടയത്ത്‌ അട്ടിമറി വിജയം നേടിയത് ചരിത്രമായി.

തുടർന്ന് 89ൽ രമേശ്‌ചെന്നിത്തല കോൺഗ്രസിനായി മണ്ഡലം തിരിച്ചു പിടിച്ചെങ്കിലും 96ൽ സാക്ഷാൽ സുരേഷ്കുറുപ്പ് തന്നെ അന്ന് കോൺഗ്രസ്‌ ദേശീയ നേതാവായി വളർന്ന ചെന്നിത്തലയെ തറപറ്റിച്ചുകൊണ്ട് മണ്ഡലം സ്വന്തമാക്കി. തുടർന്നുള്ള മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയിച്ചുകൊണ്ട് നീണ്ട 13 വർഷം കോട്ടയത്തിന്റെ എം പി ആയി സുരേഷ്കുറുപ്പ്.

ഇത്തവണ എൽ ഡി ഫ് നായി അങ്കംവെട്ടുന്നത് കേരള കോൺഗ്രസ്‌ മാണി വിഭാഗം നേതാവും സിറ്റിംഗ് എം പി യുമായ തോമസ് ചാഴികാടൻ ആണ്.

91ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യൂ ഡി ഫ് സ്‌ഥാനാർത്തി ആയിരുന്ന യൂത്ത്ഫ്രണ്ട് എം ന്റെ നേതാവ് ബാബു ചാഴികാടൻ തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ വാരിമുട്ടത്തു വച്ചു ഇടിമിന്നലേറ്റ് മരിച്ചപ്പോൾ പകരം സ്‌ഥാനാർത്തി ആയതു ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന സഹോദരൻ തോമസ് ചാഴികാടൻ ആയിരുന്നു.

അങ്ങനെ യാദൃചികമായി രാഷ്ട്രീയത്തിൽ എത്തിയ തോമസ് ചാഴികാടൻ കന്നിയങ്കത്തിൽ തന്നെ വിജയിച്ചു നിയമസഭയിൽ എത്തി. തുടർന്നുള്ള 3 തെരഞ്ഞെടുപ്പുകളിലായി നീണ്ട 20 വർഷം ഏറ്റുമാനൂരിന്റെ എം ൽ എ ആയിരുന്നു ചാഴികാടൻ.

2011ലും 16ലും സി പി എം ന്റെ സ്റ്റാർ ഫൈറ്റർ സുരേഷ്കുറുപ്പിനോട് ഏറ്റുമാനൂരിൽ പരാജയപ്പെട്ടെങ്കിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അന്ന് ഒരുമിച്ചായിരുന്ന കേരള കോൺഗ്രസിൽ പി ജെ ജോസഫ് കോട്ടയത്ത്‌ മത്സരിക്കുവാൻ താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും ജോസ് കെ മാണി സീറ്റു കൊടുത്തത് കരിങ്ങോഴത്തു തറവാടിന്റെ വിശ്വസ്തൻ ആയ ചാഴികാടന് ആയിരുന്നു.

തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് കെ എം മാണി അന്തരിച്ചതിന്റെ സഹതാപ തരംഗം കൂടി കോട്ടയത്ത്‌ ഉണ്ടായപ്പോൾ അന്നത്തെ സി പി എം ജില്ലാ സെക്രട്ടറി വി എൻ വാസവനെ ഒരുലക്ഷത്തിൽപരം വോട്ടുകൾക്കു പരാജയപ്പെടുത്തി ചാഴികാടൻ ആദ്യമായി പാർലമെന്റിൽ എത്തി.

പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജോസഫ് വിഭാഗം വേറെ പാർട്ടിയായി മാറിയപ്പോൾ യൂ ഡി ഫ് നേതൃത്വവുമായി തെറ്റി ജോസ് കെ മാണി വിഭാഗം എൽ ഡി ഫ് ൽ പ്രവേശിച്ചു.

യൂ ഡി ഫ് ൽ ആയിരുന്നപ്പോൾ ലഭിച്ച രാജ്യസഭ മെമ്പർ സ്‌ഥാനം ജോസ് കെ മാണി രാജിവച്ചെങ്കിലും കോട്ടയം എം പി ആയി ചാഴികാടൻ തുടർന്നു.

കോട്ടയം ജില്ലയിൽ ദീർഘകാലമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ജനകീയ പരിവേഷമുള്ള ചാഴികാടൻ മാണി വിഭാഗത്തിന് വളരെ വേരോട്ടമുള്ള ഈ മണ്ഡലത്തിൽ എൽ ഡി ഫ് ന്റെ ശക്തനായ സ്‌ഥാനാർഥിയാണ്.

യൂ ഡി ഫ് നായി പോരിനിറങ്ങുന്നത് ജോസഫ് വിഭാഗം നേതാവും മുൻ എം പി യുമായ ഫ്രാൻസിസ് ജോർജ് ആണ്.

കേരള കോൺഗ്രസ്‌ സ്‌ഥാപക നേതാവ് കെ എം ജോർജിന്റെ പുത്രൻ ആയ ഫ്രാൻസിസ് ജോർജ് 99 ലും 2004ലും ഇടതുപക്ഷത്തായിരുന്ന ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ചു ഇടുക്കി എം പി ആയിരുന്നു.

പിന്നീട് മാണിയും ജോസഫും ഒന്നിച്ചു യൂ ഡി ഫ് ൽ ആയിരുന്നു എങ്കിലും 2014ൽ അന്ന് കേരള കോൺഗ്രസിൽ ഉണ്ടായിരുന്ന മുൻ മന്ത്രി ആന്റണി രാജുവിനെയും മുൻ കുട്ടനാട് എം ൽ എ കെ സി ജോസഫിനേയും കൂട്ടി ജനാധിപത്യ കേരള കോൺഗ്രസ്‌ എന്നൊരു പാർട്ടിയുണ്ടാക്കി എൽ ഡി ഫ് ൽ പ്രവേശിച്ചു.

2016ൽ ഇടുക്കി നിയമസഭ മണ്ഡലത്തിൽ നിന്നും എൽ ഡി ഫ് സ്‌ഥാനാർഥിയായും പിന്നീട് ജോസഫ് ഗ്രൂപ്പിൽ മടങ്ങിയെത്തി 2021ൽ യൂ ഡി ഫ് സ്‌ഥാനാർത്തി ആയും മത്സരിച്ചെങ്കിലും ഇപ്പോഴത്തെ മന്ത്രി റോഷി അഗസ്റ്റിനോട് രണ്ടു തവണയും പരാജയപ്പെട്ടു.

യൂ ഡി ഫ് നായി കോട്ടയത്ത്‌ പോരിനിറങ്ങിയിരിക്കുന്ന ഫ്രാൻസിസ് ജോർജ് ജോസഫ് വിഭാഗത്തിൽ ഇന്നുള്ളതിൽ ഏറ്റവും തലയെടുപ്പുള്ള നേതാക്കളിൽ ഒരാളാണ്.

എൻ ഡി എ സ്‌ഥാനാർതിയായി കളത്തിൽ ഇറങ്ങിയിരിക്കുന്നത് ബി ഡി ജെ എസ് സംസ്‌ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആണ്.

2019ലെ തെരഞ്ഞെടുപ്പിൽ വയനാട് രാഹുൽഗാന്ധിക്കെതിരെ മത്സരിച്ചു ജനശ്രെദ്ധ നേടിയ നേതാവാണ് തുഷാർ.

ഏറ്റുമാനൂർ വൈക്കം പോലുള്ള ബി ഡി ജെ എസ് വോട്ടുകൾ കൂടുതലുള്ള നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോട്ടയത്ത്‌ എൻ ഡി എ യ്ക്കു മത്സരിപ്പിക്കുവാൻ കഴിയുന്ന ഏറ്റവും മികച്ച സ്‌ഥാനാർഥികളിൽ ഒരാളാണ് തുഷാർ.

ഇരു കേരള കോൺഗ്രസിന്റെയും നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഈ തെരഞ്ഞെടുപ്പിൽ ജന്റിൽമാൻ പൊളിറ്റീഷൻ ചാഴികാടൻ കോട്ടയം ചാടിക്കടക്കുമോയെന്നു ജൂൺ നാലിനറിയാം

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments