Friday, May 3, 2024
Homeഅമേരിക്കദുരിതം പെയ്തിറങ്ങിയ യുഎഇ (രവി കൊമ്മേരി. യുഎഇ) .

ദുരിതം പെയ്തിറങ്ങിയ യുഎഇ (രവി കൊമ്മേരി. യുഎഇ) .

രവി കൊമ്മേരി. യുഎഇ .

യുഎഇ: വളരെ വളരെ വർഷങ്ങൾക്കു ശേഷം യുഎഇ വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കുന്നു. ഒമാൻ കടലിലും യുഎഇ കടലിലും രൂപപ്പെട്ട ന്യൂനമർദ്ദം കാരണം, ഒമാനിൽ ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വളരെ വലിയ നാശനഷ്ടങ്ങളാണ് ഒമാനിൽ ഉണ്ടായത്. തുടർന്ന് യുഎഇ ലേക്ക് നീങ്ങിയ ശക്തമായ കാർമേഘങ്ങൾ ഭയാനകമായി പെയ്തിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ യുഎഇയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടുകളിൽ അകപ്പെട്ടു.

കഴിഞ്ഞ നാലു ദിവസമായി യുഎഇ ഗവൺമെൻ്റും, മറ്റ് നിരവധി സന്നദ്ധ സംഘടനകളും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങൾ വെള്ളത്തിനടിയിലായി. നിരവധി കെട്ടിടങ്ങളിൽ കറണ്ട് നഷ്ടപ്പെട്ടു. പല പ്രദേശങ്ങളിലേയും റോഡുകൾ ഇപ്പോഴും പോലീസ് സേന അടച്ചിരിക്കുകയാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയും, വെള്ളമോ ഭക്ഷണമോ കിട്ടാതെയും വലയുന്ന ജനവിഭാഗങ്ങൾക്ക് ആഹാരവും വെള്ളവുമെത്തിക്കാൻ ഇന്ത്യൻ അസോസിയേഷൻ ഷാർജയടക്കം നിരവധി ഇന്ത്യൻ സംഘടനകൾ സജീവമായി രംഗത്തുണ്ട്.

മഴ തുടങ്ങിയതുമുതൽ നാലു ദിവസം യുഎഇ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ ഗവൺമെൻ്റ് സ്വകാര്യ കമ്പനികൾക്കും വീടുകളിലിരുന്ന് പഠിക്കാനും, പഠിപ്പിക്കാനും, ജോലി ചെയ്യാനുമുള്ള നിർദ്ദേശം അധികാരികൾ നൽകിയത് ആളപായമില്ലാതാക്കാൻ സഹായിച്ചു. അവിചാരിതമായി സംഭവിച്ച ശക്തമായ കാറ്റും മഴയും കാരണം പൊതുഗതാഗത സംവിധാനങ്ങൾ പെട്ടന്ന് നിറുത്തിവയ്ക്കേണ്ടി വന്നതിനാൽ നിരവധി യാത്രക്കാർക്ക് യാത്രാധുരിതം അനുഭവിക്കേണ്ടിവന്നു.

വളരെ പെട്ടന്ന് തന്നെ ദുബായിലെ എല്ലാ സംവിധാനങ്ങളും വീണ്ടും പഴയ സ്ഥിതിയിലേക്ക് തിരിച്ചു വന്നെങ്കിലും ഷാർജയിലും മറ്റ് പലയിടങ്ങളിലും ഇപ്പോഴും വെള്ളക്കെട്ടുകൾ തുടരുകയാണ്. എഴുപത്തിഅഞ്ച് വർഷങ്ങൾക്ക് ശേഷമാണ് യുഎഇയിൽ ഇത്തരത്തിലൊരു മഴക്കെടുതി സംഭവിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ശക്തമായ കാറ്റിലും മഴയിലും എയപ്പോർട്ടുകളിൽ ഉണ്ടായ വെള്ളക്കെട്ടുകൾ കാരണം ആയിരത്തിലധികം വിമാനങ്ങളാണ്
നിർത്തലാക്കിയത്. ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ എക്പ്രസ്സിൻ്റേതടക്കം നിരവധി വിമാനക്കമ്പനികളുടെ സർവ്വീസുകൾ പുന:ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനും പ്രവർത്തനങ്ങൾ വീണ്ടും സുഗമമാക്കാനും വിമാനത്താവള അധികൃതരും ഗവൺമെൻ്റും കഠിനപ്രയത്നം ചെയ്യുകയാണ്. അതിനാൽ തുടർന്നുള്ള അറിയിപ്പുകൾ ലഭിക്കുന്നതുവരെ യാത്രികർ മുൻകരുതൽ സ്വീകരിക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസി അധികൃതരും ഇന്ത്യക്കാർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

വളരെക്കാലങ്ങൾക്ക് ശേഷം അനുഭവിച്ച മഴക്കെടുതിയിൽ നിന്ന് കരകയറി വരുമ്പോഴേക്കും വീണ്ടും ന്യൂനമർദ്ദ ഭീഷണിയുമായി കാലാവസ്ഥാ മുന്നറിയിപ്പ്. വരുന്ന ആഴ്ച്ചയിൽ ഇരുപത്തി മൂന്നിന് യുഎഇയിൽ പലയിടങ്ങളിലുമായി വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments