അഴിയൂർ: മാഹി-അഴിയൂര്‍ അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിലും ഒരു ദുരൂഹമരണത്തിലും ഇനിയും വ്യക്തതവന്നില്ല. മാര്‍ച്ച് 26-ന് റെയില്‍വേസ്റ്റേഷനില്‍ നിര്‍മാണം നടക്കുന്ന പാര്‍ക്കിങ് സ്ഥലത്ത് തമിഴ്നാട് സ്വദേശി സുധാകറിനെ (32) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ പ്രതിയെ കണ്ടെത്താനായില്ല.
രണ്ടാഴ്ചയ്ക്കുശേഷം ഏപ്രില്‍ 12-ന് മാഹി റെയില്‍വേസ്റ്റേഷന്‍ റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ 60 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഇതും കൊലപാതകമാണെന്നു സംശയമുണ്ടെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാല്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. മറ്റൊന്ന് ജനുവരി 12-ന് കുഞ്ഞിപ്പള്ളി ടൗണില്‍ അടച്ചിട്ട കടയ്ക്കുള്ളില്‍നിന്ന് പുരുഷന്റെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയതാണ്. മരിച്ചയാളെ ഏതാണ്ട് തിരിച്ചറിഞ്ഞെങ്കിലും മരണകാരണം വ്യക്തമല്ല. ഇതിലും പരിശോധനാഫലത്തിന് കാത്തിരിക്കുകയാണ്. മൂന്ന് മരണങ്ങളും നടന്നത് ചോമ്പാല പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്.
തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി സുധാകറിന്റെ കൊലപാതകം വടകര ഡിവൈ.എസ്.പി. കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കൊലപാതകിയെന്നു സംശയിക്കുന്ന ഒരാളുടെ ചിത്രം കിട്ടിയിരുന്നു. ഇത് ആരാണെന്നു വ്യക്തമായിട്ടില്ല. എങ്കിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ മുറിവായിരുന്നു മരണകാരണം. തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം.
രണ്ടാഴ്ചയ്ക്കുശേഷം ആളൊഴിഞ്ഞ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ തലയിലും മുറിവുണ്ട്. ഇതോടെ രണ്ടുമരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നെങ്കിലും അതില്ലെന്ന നിഗമനത്തിലാണ് പോലീസ്. സ്ത്രീയുടെ തലയിലെ മുറിവ് അത്ര ആഴത്തിലുള്ളതല്ല. ആന്തരിക രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോര്‍ട്ടംചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞത്. ഈ സ്ത്രീ ആരാണെന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മാഹിപരിസരത്ത് പലരും കണ്ടിട്ടുണ്ട്. തമിഴ് നാടോടിസ്ത്രീയാണെന്നാണ് സംശയം. ഇവര്‍ക്കൊപ്പം ഒരു പുരുഷനെയും കണ്ടവരുണ്ട്. എന്നാല്‍, സംഭവത്തിനുശേഷം ഇയാളെ കണ്ടിട്ടില്ല.
കുഞ്ഞിപ്പള്ളിയിലെ കടയ്ക്കുള്ളില്‍ മരിച്ചത് കൊയിലാണ്ടി സ്വദേശിയാണെന്ന വിവരം പോലീസ് ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ഡി.എന്‍.എ. പരിശോധനാഫലം വരേണ്ടതുണ്ട്.മാഹി റെയില്‍വേസ്റ്റേഷന്‍ പരിസരം, അഴിയൂര്‍, പുഴിത്തല തുടങ്ങിയവയെല്ലാം മാഹിമദ്യംതേടി വരുന്നവരുടെ കേന്ദ്രമായി മാറുകയാണ്. കൊലപാതകങ്ങളും ദുരൂഹമരണങ്ങളും ആവര്‍ത്തിക്കുമ്പോള്‍ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.പോലീസ് ഈ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നുണ്ടെന്ന് വടകര ഡിവൈ.എസ്.പി. കെ. വിനോദ്കുമാര്‍ പറഞ്ഞു.