ഫെബ്രുവരി പകുതിയായപ്പോഴേക്കും കേരളം ചുട്ടുപൊള്ളുകയാണ്. കനത്ത ചൂടില്‍ പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥയാണ്. പകല്‍ താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് വരെയായി. ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലായിരുന്നു ഉയർന്ന താപനില. 37.9 ഡിഗ്രി. മറ്റു ജില്ലകളിലും ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്. മൂന്നാറില്‍ 17.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മാർച്ച് പകുതിയോടെ മാത്രമാണ് വേനല്‍മഴ പ്രതീക്ഷിക്കുന്നത് എന്നതിനാല്‍ അത്യുഷ്ണത്തെ നേരിടാനുള്ള കർമ്മപദ്ധതികള്‍ ഇത്തവണ നേരത്തേ പ്രഖ്യാപിച്ചേക്കും.
പകല്‍ 11 മണിക്കും 3 മണിക്കും ഇടയില്‍ വെയിലേല്‍ക്കരുത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. പകല്‍ 11 മുതല്‍ മൂന്ന് മണി വരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.