തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട് . തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
നാളെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 21ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.