Thursday, February 13, 2025
Homeകേരളംഎ.ഡി.എമ്മിന്റെ മരണം: മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട് -വി.ഡി. സതീശൻ.

എ.ഡി.എമ്മിന്റെ മരണം: മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട് -വി.ഡി. സതീശൻ.

കൽപ്പറ്റ: എ.ഡി.എമ്മിന്റെ മരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.മുഖ്യമന്ത്രിയുടെ ജില്ലയിലാണ് എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്. എന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ പ്രതികരിക്കാത്തത് വിസ്മയകരമാണ്.

കേരളത്തെ ഞെട്ടിച്ച മരണമുണ്ടായിട്ടും ഒരു അനുശോചന കുറിപ്പ് പോലും നല്‍കിയില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ട നേതാവ് പങ്കാളിയായ മരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും ഒരു പത്രക്കുറിപ്പ് പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വരുന്നില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്.മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. എ.ഡി.എം മരിച്ചിട്ടും പ്രതിയെ രക്ഷിക്കാന്‍ വേണ്ടി കൈക്കൂലി നല്‍കിയെന്ന വ്യാജ രേഖ സി.പി.എം സൃഷ്ടിച്ചു. അത് വ്യാജരേഖയാണെന്ന് തെളിഞ്ഞു.പ്രശാന്തന്‍ ഉണ്ടാക്കിയിരിക്കുന്ന പാട്ടക്കാരാറിലെയും പരാതിയിലെയും പേരും ഒപ്പും രണ്ടാണ്. വ്യാജമായി രേഖയുണ്ടാക്കി എ.ഡി.എം അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നത്.ഇക്കാര്യത്തില്‍ കളക്ടറുടെ പങ്ക് എന്താണെന്നും വ്യക്തമാക്കണം. എന്തുകൊണ്ടാണ് കലക്ടര്‍ മൗനം പാലിച്ചത്? ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച യാത്ര അയപ്പ് പരിപാടിയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായാണ് വന്നതെന്ന് പറഞ്ഞ ജില്ലാ പ്രസിഡന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കളക്ടര്‍ ക്ഷണിച്ചിട്ട് വന്നതെന്നാണ് പറയുന്നത്.

കലക്ടര്‍ കൂടി പ്രതിക്കൂട്ടിലായിരിക്കുകയാണ്. എ.ഡി.എമ്മിനെ അപമാനിക്കുന്നതിന് വേണ്ടി വലിയ ഗൂഡാലോചന നടന്നിട്ടുണ്ട്. അല്ലാതെ വെറുതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അതുവഴി പോയപ്പോള്‍ വന്ന് പ്രസംഗിച്ചതല്ല.ഗൂഡോലോചന നടത്തി വീഡിയോഗ്രാഫറുമായി എത്തി എ.ഡി.എമ്മിനെ അപമാനിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിത ശ്രമത്തിന് സി.പി.എമ്മും കൂട്ടു നിന്നു. കൊന്നതിനേക്കാള്‍ വലിയ ക്രൂരകൃത്യമാണ് മരിച്ചതിനു ശേഷം എ.ഡി.എം അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കുന്നതിനു വേണ്ടി നടത്തുന്ന ശ്രമം.നവീന്‍ ബാബുവിനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ കൂടിയാണ് അപമാനിക്കുന്നത്. കേസ് അന്വേഷണം പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുകായണ്. അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും.

പരിയാരം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന പ്രശാന്തന് പെട്രോള്‍ പമ്പിന് വേണ്ടി നാലര കോടി മുടക്കാനുള്ള പണം എവിടെ നിന്നാണ് ലഭിച്ചത്? പ്രശാന്തന്‍ ഏതു സി.പി.എം നേതാവിന്റെ ബിനാമിയാണെന്നു കൂടി അന്വേഷിച്ചേ മതിയാകൂ.
സി.പി.എം പ്രതിപക്ഷ നേതാവിനെയാണ് കോര്‍ണര്‍ ചെയ്യുന്നത്. പിണറായി വിജയന്‍ എത്തിയിരിക്കുന്ന കുഴപ്പത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ അദ്ദേഹത്തിന് എന്തെല്ലാം കുഴപ്പങ്ങളുണ്ടോ അതെല്ലാം എന്നില്‍ ആരോപിക്കുകയാണ് സി.പി.എം എം.എല്‍.എമാര്‍ നിയമസഭയില്‍ ചെയ്തത്.ഇന്നലെ സ്ഥാനാർഥി ഉള്‍പ്പെടെയുള്ളവര്‍ക്ക് എഴുതിക്കൊടുത്തതും അതുതന്നെയാണ്. എന്നെപ്പറ്റി ഇവര്‍ ഒന്നും പറയാതിരുന്നാല്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അര്‍ത്ഥം. എന്നെ മാറ്റാന്‍ നീക്കമുണ്ടെന്നാണ് ഇന്നലെ പറഞ്ഞത്.അപ്പോള്‍ എന്നെ മാറ്റാന്‍ ആഗ്രഹം സി.പി.എമ്മിനാണ്. ഞാന്‍ ഈ സ്ഥാനത്ത് നില്‍ക്കുന്നതിനെ കുറിച്ചാണ് ആരോപണം. എന്നെ വ്യക്തിപരമായി സി.പി.എം കോര്‍ണര്‍ ചെയ്ത് സി.പി.എം ആരോപണം ഉന്നയിക്കുന്നത് എനിക്ക് തന്നെ ആത്മവിശ്വാസം നല്‍കുന്നതാണ്.ഞാന്‍ അവര്‍ക്ക് സൗകര്യമുള്ള കാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ എനിക്കെതിരെ ഒന്നും പറയില്ലല്ലോ. അപകടകാരിയാണ് ഞാനെന്നു കണ്ടാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സി.പി.എം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവ് പാര്‍ട്ടി വിട്ട് അങ്ങോട്ട് ചെല്ലുന്നവരെക്കൊണ്ടും വായിപ്പിക്കുന്നത്.

പാലക്കാട് പതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് വിജയിക്കും. ചേലക്കര തിരിച്ചും പിടിക്കും. ചിട്ടയായ പ്രവര്‍ത്തനാണ് രണ്ടിടത്തും നടക്കുന്നത്. ഇതേ ആരോപണങ്ങളൊക്കെയാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും പറഞ്ഞത്.തൃക്കാക്കരയില്‍ ഇരട്ടി വോട്ടിനും പുതുപ്പള്ളിയില്‍ നാലിരട്ടി വോട്ടിനുമാണ് വിജയിച്ചത്. പാലക്കാട് രണ്ടാം സ്ഥാനത്തിനു വേണ്ടി ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments