എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ പുതിയതായി ഉദ്ഘാടനം ചെയ്ത റൂട്ടുകളിൽ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് പുതിയ ടെർനമിനലുകൾ എത്തിയതോടെ വാട്ടർ മെട്രോയ്ക്ക് രണ്ടു റൂട്ടുകൾ കൂടിയാണ് സജ്ജമായത്. 9 ടെർമിനൽ 5 റൂട്ടുകൾ 13 ബോട്ടുകൾ എന്നിവയാണ് പുതിയതായി നാടിന് സമർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഏലൂർ മെട്രോ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ നാല് ടെർമിനലുകൾ നാടിന് സമർപ്പിച്ചത്.
യാത്രയോടൊപ്പം കായൽ ഭംഗിയും ദ്വീപ് സൗന്ദര്യവും ആസ്വദിക്കാനാകുമെന്നതാണ് വാട്ടർ മെട്രോയുടെ പ്രത്യേകത. പുതിയ റൂട്ടുകൾ വന്നതോടെ ആളുകളും ഏറെ സന്തോഷത്തിലാണ്. പഠനവും ജോലിയും കഴിഞ്ഞ് മടങ്ങുന്ന ദ്വീപ് നിവാസികൾക്ക് ഇനി നഗരക്കുരുക്കിൽ ചുറ്റിവലയാതെ വീടണയാം. 20 മുതൽ 40 രൂപയാകും പുതിയ റൂട്ടിലെ ടിക്കറ്റ് നിരക്ക്.
കൊച്ചിയിലെ ദ്വീപ് നിവാസികൾക്ക് കൂടി ഉപകാരപ്പെടാനാണ് പുതിയ ടെർമിനലുകൾ യാഥാർത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം തുടരുകയാണ്. പദ്ധതി പൂർത്തിയായാൽ 38 ടെർമിനലുകളിലായി 78 വാട്ടർ മെട്രോ ബോട്ടുകളാകും കൊച്ചി നഗരത്തിന്‍റെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുക.