Monday, May 20, 2024
Homeഅമേരിക്കഅജ്ഞാത’ ശൃംഖല തകർത്ത് ദുബായ് പോലീസ്; ലഹരി വിൽപനക്കാർ ‘വല’യിൽ, സംശയാസ്പദമായ 600 സമൂഹമാധ്യമ അക്കൗണ്ടുകൾ...

അജ്ഞാത’ ശൃംഖല തകർത്ത് ദുബായ് പോലീസ്; ലഹരി വിൽപനക്കാർ ‘വല’യിൽ, സംശയാസ്പദമായ 600 സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു.

ദുബായ്: ‘അജ്ഞാത’ ശൃംഖല വഴി ലഹരി വിൽപന നടത്തിയ സംഘത്തെ കീഴടക്കി ദുബായ് പൊലീസ്. പൊലീസിലെ വിവിധ വിഭാഗങ്ങൾ ചേർന്നു കഴിഞ്ഞ വർഷം നടത്തിയ നീക്കത്തിൽ 280 പേരാണ് കുടുങ്ങിയത്. ഇവരിൽ നിന്ന് 118 കിലോ ലഹരി പിടിച്ചെടുത്തതായി ആന്റി നർക്കോട്ടിക്സ് വിഭാഗം മേധാവി മേജർ ഈദ് മുഹമ്മദ് ഹാരിബ് അറിയിച്ചു.

∙ കുഞ്ഞുങ്ങളുടെ പേരിലും അക്കൗണ്ട്
ചെറിയ തൊഴിൽ ചെയ്തു ജീവിക്കുന്ന തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ലഹരി ഇടപാടുകൾക്കുള്ള ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. വിദ്യാർഥികൾ, കൗമാരക്കാർ എന്നിവരുടെ പേരിലും ബാങ്ക് അക്കൗണ്ടുകളുണ്ട്. ഒന്നു മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളുടെ പേരിലും ലഹരി പണം നിക്ഷേപിച്ചതായി കണ്ടെത്തി.

രക്ഷിതാക്കളുടെ തിരിച്ചറിയൽ കാർഡ് വഴിയാണ് ഇതു നടക്കുന്നത്. ലോകമെമ്പാടുമുള്ള സംഘടിത കുറ്റകൃത്യങ്ങളിൽ ഏറ്റവും മുൻ നിരയിലാണ് ലഹരിക്കടത്ത് സംഘങ്ങളെന്നു മേജർ ഈദ് പറഞ്ഞു. ലഹരി ഉത്പാദനത്തിന് രസതന്ത്രജ്ഞരെയും ഇതര തട്ടിപ്പുകൾക്ക് സാങ്കേതിക വിദഗ്ധരെയും ഉപയോഗിക്കുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രമോഷൻ നടത്തുന്നത്. സംശയാസ്പദമായ 600 സമൂഹമാധ്യമ അക്കൗണ്ടുകളും ദുബായ് പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

∙ ലഹരിക്ക് ബാങ്ക് ഇടപാട് വേണ്ട
ലഹരി മരുന്ന് വാങ്ങുക എന്ന ലക്ഷ്യത്തോടെ ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറിയാൽ രാജ്യത്തെ നർക്കോട്ടിക് നിയമപ്രകാരം ശിക്ഷ ലഭിക്കും. ഇതിനായുള്ള നിക്ഷേപം, ഇടനിലക്കാർ വഴിയുള്ള ഇടപാടുകൾ എല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. സെൻട്രൽ ബാങ്കിന്റെ അനുമതിയോടെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചായിരിക്കും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുക. ശിക്ഷാ കാലാവധി തീർന്ന് രണ്ടു വർഷം വരെ പ്രതികൾക്ക് ബാങ്ക് ഇടപാടുകൾക്ക് വിലക്കുണ്ടാകും.

∙ നിരീക്ഷണത്തിന് അൽ മിർസാദ്
ലഹരിമരുന്ന് സംഘത്തെ കുടുക്കാൻ ദുബായ് പൊലീസ് ‘അൽ മിർസാദ്’ എന്ന പ്രത്യേക നിരീക്ഷണ സംവിധാനം തന്നെ രൂപപ്പെടുത്തി. ഇതിലൂടെയാണ് കഴിഞ്ഞ വർഷം ജൂൺ – ഡിസംബർ കാലയളവിൽ 280 പ്രതികളെ പിടികൂടിയത്. പ്രതികളുടെ പേരിലുള്ള 810 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 4560 നിയമവിരുദ്ധ ഇടപാടുകളും നിക്ഷേപവുമാണ് ഈ അക്കൗണ്ടുകൾ വഴി നടന്നതെന്നും പൊലീസ് കണ്ടെത്തി.

∙ ലഹരിയെത്തുന്ന വഴികൾ
വാട്സാപ്, എസ്എംഎസ് സന്ദേശങ്ങളാണ് ഇടപാടുകരെ കണ്ടെത്താനുള്ള ആദ്യ മാർഗം. സന്ദേശങ്ങളിൽ കൊളുത്തുന്നവരെ പതുക്കെ ലഹരി വലയിലേക്ക് ഇടും. വിൽപനക്കാരന്റെയും വാങ്ങുന്നവന്റെയും സ്വകാര്യത പരമാവധി സംരക്ഷിക്കും. പരസ്പരം നേരിൽ കാണാതെ സാധനം കൈമാറുന്നതിനുള്ള വഴികളാണ് വിൽപനക്കാർ ഉപയോഗിച്ചിരുന്നത്.

ഏതെങ്കിലും ഒരു സ്ഥലത്ത് ലഹരി മരുന്ന് സൂക്ഷിച്ചും. അവിടേക്ക് എത്താനുള്ള വഴി ലൊക്കേഷൻ മാപ്പായി വാട്സാപ്പിലേക്ക് അയച്ചുകൊടുക്കും. ലോക്കേഷനിൽ പറഞ്ഞ സ്ഥലത്ത് സാധനം കിട്ടിയാൽ അടുത്തത് പണമിടപാടാണ്. സാധനം കിട്ടി ബോധ്യപ്പെട്ടാൽ മാത്രം പണം നൽകിയാൽ മതി. പണം കൈമാറാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുക്കും.

ഇത്തരം ഇടപാടുകളിലേക്ക് ഇടിച്ചു കയറാൻ പൊലീസിന് അത്ര എളുപ്പമായിരുന്നില്ല. വിൽപനക്കാരും വാങ്ങുന്നവരും നേരിൽ കാണാത്തത് പൊലീസിനു വലിയ വെല്ലുവിളിയായിരുന്നു. നാർക്കോട്ടിക്ക് കൺട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് അജ്ഞാത ഇടപാടുകളുടെ ചുരുളഴിഞ്ഞത്.

സംശയം തോന്നിയ ബാങ്കിങ് ഇടപാടുകൾ നിരന്തരം നിരീക്ഷിച്ചു. ദുബായ് സെന്റർ ഫോർ ഇക്കണോമിക് സെക്യൂരിറ്റിയുമായി സഹകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് വിൽപനക്കാരെ ഓരോരുത്തരെയായി കുടുക്കിയത്.

∙ സന്ദേശങ്ങൾ അപരിചിത നമ്പറുകളിൽ നിന്ന്
ലഹരി കൈവശമുണ്ടെന്ന മുഖവുരയോടെയാണ് ലഹരി സംഘങ്ങളുടെ വാട്സാപ് സന്ദേശങ്ങൾ. വിദേശത്തു നിന്നുള്ള അപരിചിത നമ്പറുകളിൽ നിന്നാണ് ഇവ വരുന്നത്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ നമ്പർ ബ്ലോക്ക് ചെയ്യുകയും വിവരങ്ങൾ ദുബായ് പൊലീസിൽ നൽകുകയും വേണം. സന്ദേശവും മൊബൈൽ നമ്പറും പൊലീസിനു കൈമാറണം.

രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും ഇതു സംബന്ധിച്ച് ബോധവാന്മാരാണെങ്കിലും പുതിയ താമസക്കാരിൽ ചിലർ കെണിയിൽ വീഴുന്നതായി മേജർ ഈദ് ഹാരിബ് സൂചിപ്പിച്ചു. അതുകൊണ്ടാണ് പൊലീസ് ബോധവൽക്കരണം തുടരുന്നത്. ഇത്തരം സന്ദേശങ്ങളെ കുറിച്ചു രക്ഷിതാക്കൾ കുട്ടികളെ ബോധ്യപ്പെടുത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments