Sunday, November 24, 2024
Homeഇന്ത്യസർവകലാശാലയിൽ തറാവീഹ് നമസ്കരിക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമർദ്ദനം*

സർവകലാശാലയിൽ തറാവീഹ് നമസ്കരിക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമർദ്ദനം*

ഗാന്ധിനഗര്‍: അഹ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയിൽ തറാവീഹ് നമസ്‌കരിക്കുന്നതിനിടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമര്‍ദനം. സര്‍വകലാശാലയിലെ ഹോസ്റ്റല്‍ എ ബ്ലോക്ക് കെട്ടിടത്തില്‍ ഹോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ അനുവദിച്ച സ്ഥലത്ത് റമദാന്‍ തറാവീഹ് നമസ്‌കരിക്കുന്നതിനിടെയായിരുന്നു സംഭവം. കാവി ഷാളുകൾ ധരിച്ച് ജയ്ശ്രീറാം വിളികളും ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി അക്രമി സംഘം വിദ്യാർഥികളെ മർദിക്കുകയായിരുന്നു.

വിദ്യാർഥികൾക്കുനേരെ കല്ലെറിഞ്ഞ സംഘം, ഹോസ്റ്റൽ കെട്ടിടത്തിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളും അടിച്ചുതകർത്തു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഞ്ചു വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു. ഇവരെ സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും ജയ്ശ്രീറാം വിളികളുമായാണ് സംഘം എത്തിയതെന്നും ക്രിക്കറ്റ് ബാറ്റ്, കല്ല്, മറ്റ് ആയുധങ്ങള്‍ എന്നിവ ഇവര്‍ കൈയില്‍ കരുതിയിരുന്നതായും വിദ്യാര്‍ഥികളെ ഉദ്ധരിച്ച് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

യൂനിവേഴ്‌സിറ്റി കാമ്പസിനകത്തോ, ഹോസ്റ്റല്‍ പരിസരത്തോ പള്ളികളില്ലാത്തതിനാലാണ് അധികൃതർ ഹോസ്റ്റലിൽ അനുവദിച്ച സ്ഥലത്ത് വിദ്യാർഥികൾ പ്രാർഥന നടത്തിയത്. കാവി ഷാളുകള്‍ ധരിച്ചെത്തിയ ചിലര്‍ തങ്ങളെ തള്ളിമാറ്റി ആരാണ് അവിടെ പ്രാര്‍ഥിക്കാന്‍ അനുവദിച്ചതെന്ന് ആക്രോശത്തോടെ ചോദിക്കുകയും ഇവിടെ പ്രാര്‍ഥിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ അവരുടെ ചോദ്യം മനസിലായില്ലെന്നും ഉത്തരം നല്‍കുന്നതിനു മുമ്പ് തന്നെ അക്രമിക്കാന്‍ തുടങ്ങിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസിനെ വിളിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയത്. കൺമുന്നിലുണ്ടായിട്ടും അക്രമികളെ പിടികൂടാൻ പൊലീസ് തയാറായില്ലെന്നും ആരോപണമുണ്ട്.
— – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments