ഗാസ സിറ്റി: മധ്യ ഗാസയിലെ ദെയ്‌ർ എൽബലായിൽ അൽ അഖ്‌സ ആശുപത്രിയിലേക്ക് ബുധനാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. പൊതുജനങ്ങൾക്ക് സുരക്ഷിത ഇടമായി കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ച മേഖലയാണിത്. കൊല്ലപ്പെട്ടവരിൽ അഹമ്മദ് ബാദിർ എന്ന മാധ്യമപ്രവർത്തകനുമുണ്ട്.
ഇസ്രയേൽ തുടരുന്ന വംശഹത്യ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഗാസ ഭരണനേതൃത്വം ആവശ്യപ്പെട്ടു. 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 147 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുശട എണ്ണം 23,357 ആയി. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളിൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും തെളിവ് സമർപ്പിക്കാമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പറഞ്ഞു. ഇതിനായി വെബ്‌സൈറ്റ് തുറന്നു.
അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ബുധനാഴ്ച റാമള്ളയിൽ പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തി. യുദ്ധാനന്തരം പലസ്തീൻകാർതന്നെ ഗാസ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകണമെന്ന നിലപാടും ആവർത്തിച്ചു. തെക്കൻ ലബനനിലെ ഹിസ്‌ബുള്ള ആസ്ഥാനം ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.