ഘടികാര സൂചികള്‍ 12-ല്‍ മുട്ടിയപ്പോള്‍, കലണ്ടര്‍ 2024-ലേക്ക് മറിഞ്ഞപ്പോള്‍ പുതുപ്രതീക്ഷയുടെ ആരവങ്ങളില്‍ മുങ്ങി നാടും നഗരവും. ബീച്ചുകളും ക്ലബ്ബുകളും തുടങ്ങി പൊതു ഇടങ്ങളും ഫ്‌ളാറ്റ് സമുച്ചയങ്ങളും വരെ ഉണര്‍ന്നിരുന്ന് പുതുവര്‍ഷത്തെ വരവേറ്റത് ആഘോഷപൂര്‍വം. ഞായറാഴ്ച വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ രാവേറെ നീണ്ടപ്പോള്‍ നഗരം തിരക്കില്‍ മുങ്ങി. ഒപ്പം ജാഗ്രതയില്‍ ഉണര്‍ന്നിരുന്ന പോലീസും. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത്. പിന്നാലെ ന്യൂസീലന്‍ഡിലും ആഘോഷമെത്തി.
രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആഘോഷം പൊടിപൊടിച്ചു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ക്കിടെയായിരുന്നു ആഘോഷം.
പ്രമുഖ ബാന്‍ഡുകളുടെ സംഗീത പരിപാടികളും ഡി.ജെ. പാര്‍ട്ടികളുമുള്‍പ്പെടെ തിരുവനന്തപുരത്ത് അന്‍പതോളം ഇടങ്ങളിലാണ് പ്രധാനമായും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. ഷോപ്പിങ് മാളുകളിലും പ്രത്യേക പരിപാടികള്‍ ഉണ്ടായിരുന്നു. പ്രത്യേക പാക്കേജുകള്‍ ഒരുക്കി നഗരത്തിലെയും പുറത്തെയും ഹോട്ടലുകള്‍ ബുക്കിങ്ങില്‍ നിറഞ്ഞിരുന്നു. കോവളം, ശംഖുംമുഖം, വര്‍ക്കല ബീച്ചുകള്‍ ജനത്തിരക്കില്‍ മുങ്ങി. മാനവീയം വീഥിയും കനകക്കുന്നുമായിരുന്നു നഗരത്തിലെ പ്രധാന ആഘോഷകേന്ദ്രങ്ങള്‍. പൊതു ഇടങ്ങളില്‍ വര്‍ണവെളിച്ചവും കലാപരിപാടികളുമുണ്ടായിരുന്നു.
നഗരത്തിലെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥി പാട്ടും ആഘോഷങ്ങളുമായി വൈകുവോളം ഉണര്‍ന്നിരുന്നു. മുന്‍ദിവസങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായതിനാല്‍ ഇവിടെ കനത്ത പോലീസ് നിരീക്ഷണമുണ്ടായിരുന്നു. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ഒരുക്കുന്ന വസന്തോത്സവത്തിന് വേദിയായ കനകക്കുന്നിലും പുതുവര്‍ഷ രാവ് ആഘോഷപൂര്‍വമായി.