വത്തിക്കാൻ> കൂടുതൽ മികച്ച ലോകം സ്വപ്‌നം കാണുന്നത് അവസാനിപ്പിക്കരുതെന്ന് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്‌ചയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. യുദ്ധങ്ങളാലും ധ്രുവീകരണങ്ങളാലും വിഭജിക്കപ്പെട്ട ലോകം തന്നെ വേദനിപ്പിക്കുന്നെന്ന് പ്രതികരിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിലും സമത്വത്തിലും ഊന്നിയ നല്ല നാളേയ്‌ക്കുവേണ്ടി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്‌തു.
ദുർബലരെ സംരക്ഷിക്കുകയും ഒപ്പം സമൂഹത്തിലും രാഷ്‌ട്രീയത്തിലും പടരുന്ന അഴിമതി, അധികാര ദുർവിനിയോഗം, നിയമരാഹിത്യം എന്നിവയെ ചെറുക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഡയലോപ് സംവാദ പരിപാടിയുടെ ഭാഗമായാണ് 15 പ്രതിനിധികളുമായി 10-ന് മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്. സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ തമ്മിലുള്ള സംവാദം സാധ്യമാക്കുകയാണ് ഡയലോപിന്റെ ലക്ഷ്യം.
2014ൽ ഫ്രാൻസിസ് മാർപാപ്പയും ഗ്രീസ് മുൻ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ്, യൂറോപ്യൻ ലെഫ്റ്റ് പാർടിയുടെ പ്രസിഡന്റ് വാൾട്ടർ ബെയർ, ഫോകലാർ പ്രസ്ഥാനത്തിന്റെ ഫ്രാൻസ് ക്രോൺറെയ്ഫ് എന്നിവർ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഈ സംവാദവേദി രൂപീകരിച്ചത്.