Wednesday, December 25, 2024
HomeKeralaആദ്യദിനം തന്നെ ഓസ്‌ലര്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ്.

ആദ്യദിനം തന്നെ ഓസ്‌ലര്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ്.

ആദ്യദിനം തന്നെ ഓസ്‌ലര്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. ‘മമ്മൂക്കയുടെ എന്‍ട്രിയില്‍ തിയറ്ററില്‍ വെടിക്കെട്ട് ആയിരിക്കും’ എന്ന് ജയറാം പറഞ്ഞത് വെറുതെയല്ല. ആ എന്‍ട്രിയും കഥപാത്രവും തന്നെയാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായകമാകുന്നത്. ഒരു ത്രില്ലറിന്റെ സ്വഭാവത്തില്‍ നിന്നു തുടങ്ങി ഇമോഷണല്‍ ഡ്രാമയിലേക്ക് ഗിയര്‍ മാറ്റുന്ന ഓസ്‌ലര്‍ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഇടംപിടിക്കുമെന്ന് ഉറപ്പാണ്.

എബ്രഹാം ഓസ്‌ലര്‍ എന്ന അസിസ്റ്റന്റ് കമ്മിഷണറുടെ ജീവിതത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഭാര്യയേയും മകളേയും നഷ്ടപ്പെടുന്ന ഓസ്‌ലര്‍ കടുത്ത വിഷാദരോഗിയാകുന്നു. എങ്കിലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറാന്‍ ഇയാള്‍ക്ക് സാധിക്കുന്നില്ല. ആശുപത്രിയില്‍ വെച്ച്‌ നടക്കുന്ന അസാധാരണമായ ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന മറ്റു കൊലപാതകങ്ങളും ആണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ കൊലപാതകങ്ങള്‍ക്കെല്ലാം വലിയ രീതിയില്‍ സാമ്യതയുണ്ട്. അത്തരത്തിലുള്ള മൂന്ന് കൊലപാതകങ്ങള്‍, ബെര്‍ത്ത് ഡേ കില്ലര്‍ എന്ന സൈക്കോപ്പാത്ത് വില്ലന്‍, ഈ കൊലപാതകങ്ങള്‍ക്കുള്ള കാരണം തേടിയുള്ള യാത്ര, ഇതിനെല്ലാം ഇടയില്‍പ്പെടുന്ന ഓസ്‌ലര്‍…!

ആദ്യ പകുതി പൂര്‍ണമായി ത്രില്ലര്‍ സ്വഭാവത്തിലാണ് കഥ പറച്ചില്‍. അഞ്ചാം പാതിര പോലെ പൂര്‍ണമായി ഒരു സീറ്റ് എഡ്ജ് ത്രില്ലര്‍ സീനുകള്‍ ഇല്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് ഓസ്‌ലര്‍. ആരാണ് വില്ലന്‍? ഈ കൊലപാതകങ്ങള്‍ക്ക് കാരണം എന്ത്? എന്ന ചോദ്യം അവശേഷിപ്പിച്ചാണ് ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയിലാണ് വില്ലന്‍ ആരെന്ന് വെളിപ്പെടുത്തുന്നത്. മലയാള സിനിമയില്‍ ഒരു വില്ലനും കിട്ടാത്ത ആരവവും കൈയടിയുമാണ് ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നിലുള്ള അലക്‌സാണ്ടര്‍ എന്ന വില്ലന് ലഭിക്കുന്നത്.

ആദ്യ പകുതിക്കുള്ള ചടുലതയും വേഗവും രണ്ടാം പകുതിയില്‍ ഇല്ല. വില്ലന്‍ ആരെന്ന് മനസിലാകുകയും ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തുകയുമാണ് രണ്ടാം പകുതിയില്‍. മിഥുന്‍ മാനുവല്‍ തോമസ് സിനിമയ്ക്ക് നല്‍കിയ ഇമോഷണല്‍ ഡ്രാമ എന്ന ടാഗ് ലൈനില്‍ നിന്നു വിലയിരുത്തുമ്ബോള്‍ രണ്ടാം പകുതി സിനിമയുടെ ഴോണറിനോട് നീതി പുലര്‍ത്തുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട, എങ്കിലും ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥനായി ജയറാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെറും അതിഥി വേഷത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല മമ്മൂട്ടിയുടെ കഥാപാത്രം. ജയറാമിന്റെ തിരിച്ചുവരവിനു താനും ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് മമ്മൂട്ടിയുടെ കഥാപാത്രം ഈ സിനിമയില്‍ പ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നത്.

മിഥുന്‍ മുകുന്ദന്റെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതമാണ് പലയിടത്തും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. തേനി ഈശ്വറിന്റെ ക്യാമറയും മികച്ചുനിന്നു. മറ്റൊരു അഞ്ചാം പാതിര പ്രതീക്ഷിക്കാതെ ടിക്കറ്റെടുത്താല്‍ ഓസ്‌ലര്‍ നിങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. മെഡിക്കല്‍ ത്രില്ലര്‍ എന്ന രീതിയിലും ചിത്രം മികവ് പുലര്‍ത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments