Saturday, January 11, 2025
Homeസിനിമ' എൺപതുകളിലെ വസന്തം: ' രോഹിണി മൊല്ലേറ്റി ❤️ ' ✍ അവതരണം: ആസിഫ...

‘ എൺപതുകളിലെ വസന്തം: ‘ രോഹിണി മൊല്ലേറ്റി ❤️ ‘ ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

ആസിഫ അഫ്രോസ്. ബാംഗ്ലൂർ.

മലയാള ചലച്ചിത്രലോകത്ത് റഹ്മാൻ സജീവമായിരുന്ന കാലത്ത്, റഹ്മാന്റെ പേരിനോടൊപ്പം തന്നെ നമ്മൾ കേട്ടിരുന്ന ഒരു പേരായിരുന്നു രോഹിണി. രോഹിണിയെ ഒരു ഫീനിക്സ് പക്ഷിയോട് ഉപമിക്കാൻ ആണ് എനിക്കിഷ്ടം. അതെ, അവരുടെ ഉയർത്തെഴുന്നേൽപ്പിന്റെ കഥ എന്താണെന്ന് നമുക്ക് നോക്കാം.

1969 ഡിസംബർ 15ന് ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിൽ, അപ്പറാവു നായിഡുവിന്റെയും രാധയുടെയും മകളായിട്ടായിരുന്നു രോഹിണിയുടെ ജനനം. അച്ഛൻ പഞ്ചായത്ത് ഓഫീസർ ആയിരുന്നു.

രോഹിണിയുടെ കുട്ടിക്കാലം ചെന്നൈയിലായിരുന്നു. അഞ്ചു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു.

അപ്പറാവു നായിഡു ഒരു സിനിമാനടൻ ആവാൻ ഏറെ കൊതിച്ച ആളായിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് സാധിച്ചില്ല. ഒരിക്കൽ അദ്ദേഹം ഓഡിഷൻ നൽകാൻ പോയപ്പോൾ കൂടെയുള്ള അഞ്ചുവയസ്സുകാരി രോഹിണിയെ സംവിധായകൻ കാണുകയും തന്റെ “യശോദ കൃഷ്ണ” എന്ന സിനിമയിൽ ബാലതാരമായികാസ്റ്റ് ചെയ്യുകയും ചെയ്തു. അതായിരുന്നു രോഹിണിയുടെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലതാരമായി.

1982ൽ “കക്ക” എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. ഇതേ വർഷം ധീര എന്ന സിനിമയിലും അഭിനയിച്ചു. കുയിലിനെ തേടി, ആരാന്റെ മുല്ല കൊച്ചുമുല്ല, ബന്ധുക്കൾ ശത്രുക്കൾ, ഇവിടെ ഈ തീരത്ത്, ഇവിടെ തുടങ്ങുന്നു, പറന്നു പറന്നു പറന്ന്‌, ഗായത്രിദേവി എന്റെ അമ്മ, ഒരിക്കൽ ഒരിടത്ത്, തണലിൽ ഇത്തിരി നേരം, കഥ ഇതുവരെ, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ആക്ഷൻ ഹീറോ ബിജു തുടങ്ങി നിരവധി ചിത്രങ്ങളിൽ, മലയാളത്തിലെ അക്കാലത്തെ നായക നടന്മാർക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച രോഹിണി, റഹ്മാന്റെ ഭാഗ്യജോഡിയായിരുന്നു.

80കളിലും 90കളിലുമായി മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങൾ രോഹിണിക്ക് സ്വന്തമായിരുന്നു.

ബാഹുബലി എന്ന പാൻ ഇന്ത്യൻ സിനിമയിൽ, മഹേന്ദ്ര ബാഹുബലിയുടെ വളർത്തമ്മയായി വേഷമിട്ട രോഹിണി, 2017ൽ ആക്ഷൻ ഹീറോ ബിജുവിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വനിതാ ഫിലിം അവാർഡ് നേടി. അതേ വർഷം ഗപ്പിയിലെ അഭിനയത്തിനും മികച്ച സഹനടിക്കുള്ള ഇതേ അവാർഡ് നേടിയിരുന്നു.

1995ൽ പുറത്തിറങ്ങിയ “സ്ത്രീ” എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന്, ദേശീയ ചലച്ചിത്ര അവാർഡും പ്രത്യേക പരാമർശവും ആന്ധ്രപ്രദേശ് സംസ്ഥാന നന്ദി അവാർഡും നേടി. 1995ൽ ചിന്ന വാതിയാർ എന്ന തമിഴ് സിനിമയിൽ ‘കണ്മണിയെ കണ്മണിയെ’ എന്ന പാട്ട് എസ് പി ബി യോടൊപ്പം പാടി പിന്നണി ഗായികയായി രോഹിണി. ‘മലയ് പൊഴുതിൻ മയക്കത്തിലെ’ എന്ന ആൽബത്തിലെ എല്ലാ ഗാനങ്ങളും രചിച്ചത് രോഹിണിയാണ്. തമിഴ് ചിത്രമായ പച്ചക്കിളി മുത്തു ചരത്തിനും അവർ വരികളെഴുതി.

1996 ൽ തെന്നിന്ത്യൻ താരമായിരുന്ന രഘുവരനെ വിവാഹം ചെയ്യുകയും എട്ടുവർഷത്തോളം സിനിമയിൽ നിന്നും മാറി നിൽക്കുകയും ചെയ്തു. എന്നാൽ 2004 ആയപ്പോഴേക്കും അവർ വേർപിരിഞ്ഞു. ഒരു മകനാണ് ഉള്ളത്. ഋഷിവരൻ. ലഹരിക്ക് അടിമപ്പെട്ട അദ്ദേഹം 2008 മാർച്ച് 19ന് തന്റെ 49 ആം വയസ്സിൽ ചെന്നൈയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

തമിഴ് തെലുഗു സിനിമാവ്യവസായങ്ങളിലെ ജനപ്രിയ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് രോഹിണി. മണി രത്നത്തിന്റെ 5 സിനിമകളിൽ ആറ് കഥാപാത്രങ്ങൾക്ക് അവർ ശബ്ദം നൽകിയിട്ടുണ്ട്. ജ്യോതിക, ഐശ്വര്യ റായ്, മനീഷ കൊയ്റാള, അമല എന്നിവർക്ക്.

തമിഴ് ടിവി സീരിയലുകൾക്ക് എപ്പിസോഡുകളും തിരക്കഥയും എഴുതാറുള്ള രോഹിണി, നിരവധി ടിവി ഷോകളിൽ ഹോസ്റ്റും മോഡറേറ്ററും ടോക്ക് ഷോ അവതാരകയും ആയിരുന്നിട്ടുണ്ട്. മൂന്നു വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് രോഹിണി.

മഴവിൽ മനോരമയിലെ കഥ ഇതുവരെ എന്ന പ്രോഗ്രാമിൽ അവതാരകയും, ഉഗ്രം ഉജ്ജ്വലം എന്ന പരിപാടിയിൽ ഗ്രാൻഡ്ഫിനാലെയിൽ ജഡ്ജിയും, ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിൽ ജഡ്ജിയും, അമൃത ടിവിയിൽ റെഡ് കാർപെറ്റ് എന്ന ഷോയിൽ മെന്ററും ആയിരുന്നു ഈ ബഹുമുഖ പ്രതിഭ.

2008 ൽ ബാലകലാകാരന്മാരെ പറ്റി ‘സൈലന്റ് ഹ്യൂസ്’ എന്ന 50 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി രോഹിണി സംവിധാനം ചെയ്തിട്ടുണ്ട്. 2009ൽ തമിഴ് ചലച്ചിത്ര വ്യവസായത്തിനുള്ള സംഭാവനകൾക്ക് തമിഴ് സർക്കാരിന്റെ കലൈമാമണി അവാർഡ് നേടി.

2013 ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്തുവെങ്കിലും റിലീസ് ചെയ്യാനായില്ല. 2022ൽ ഗോൾഡ് വിന്നർ പാചക എണ്ണ യുടെ പരസ്യത്തിൽ രോഹിണി പ്രത്യക്ഷപ്പെട്ടിരുന്നു. രോഹിണിയുടെ ചലച്ചിത്രരംഗത്തെ നേട്ടങ്ങൾ ഇതിലൊന്നും ഒതുങ്ങി നിൽക്കുന്നില്ല. തന്റെ സ്വപ്നങ്ങൾ വെട്ടിപ്പിടിക്കാനുള്ള തേരോട്ടത്തിലാണ് അവർ.

എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഒരു പ്രവർത്തക കൂടിയായ രോഹിണി, എംജിആർ യൂണിവേഴ്സിറ്റിക്കും തമിഴ്നാട് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കുമായി ഷോർട്ട് ഫിലിംസ് സംവിധാനം ചെയ്തിട്ടുണ്ട്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ് അസോസിയേഷന്റെ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.

തികഞ്ഞ ഒരു പ്രകൃതിസ്നേഹിയായതുകൊണ്ട് സ്വയം ഒരു നെമോഫിലിസ്റ്റ് എന്നാണ് രോഹിണി തന്നെ വിശേഷിപ്പിക്കുന്നത്. ക്ലിയോ എന്ന അവരുടെ വളർത്തുനായയുടെ ചിത്രങ്ങൾ പോലും തമിഴ് മാധ്യമങ്ങളിൽ പ്രസിദ്ധമാണ്.

മകൻ ഋഷിവരൻ യുഎസിൽ മെഡിക്കൽ സയൻസ് പഠിക്കുന്നു. പല എൻ. ജി.
ഒ. കളുമായി പ്രവർത്തിക്കുന്ന രോഹിണി സിനിമയുടെ എല്ലാ മേഖലകളിലും കൈ വയ്ക്കാനുള്ള വെമ്പലിലാണ് ഇപ്പോൾ. ഇനിയും പ്രശസ്തിയുടെ പടവുകൾ കയറാൻ സാധിക്കട്ടെ അവർക്ക് എന്നാശംസിച്ചുകൊണ്ട്

ആസിഫ അഫ്രോസ്. ബാംഗ്ലൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments