ലണ്ടൻ ; 2024ലെ ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്സിൽ( ബാഫ്റ്‌റ ) തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹെയ്മർ. ഏഴ് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. യോർഗോസ് ലന്തിമോസിന്റെ പുവർ തിങ്‌സിന് അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു. ആറ്റം ബോംബുകളുടെ പിതാവ് എന്നറിയപ്പെടുന്ന ഭൗതിക ശാസ്ത്രജ്ഞന്‍ ജെ റോബര്‍ട്ട് ഓപ്പൺഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ബയോപിക് ചിത്രമായ ഓപ്പൺഹൈമറാണ് മികച്ച ചിത്രം.
ചിത്രത്തിലെ പ്രകടനത്തിന് കിലിയൻ മർഫിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ക്രിസ്റ്റഫര്‍ നോളനാണ് മികച്ച സംവിധായകൻ. റോബര്‍ട്ട് ഡൗണി ജൂനിയറെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. മികച്ച സിനിമ ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, എഡിറ്റിങ്, എന്നീ പുരസ്‌കാരങ്ങളും ഓപ്പൺഹൈമര്‍ സ്വന്തമാക്കി.
മികച്ച നടിയടക്കം അഞ്ച് പുരസ്കാരങ്ങളാണ് പുവർ തിങ്സ് നേടിയത്. എമ്മ സ്റ്റോണാണ് മികച്ച നടി. കോസ്റ്റ്യും ഡിസൈനര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍, സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നീ പുരസ്‌കാരങ്ങളും പുവര്‍ തിങ്സ് സ്വന്തമാക്കി. ദ ഹോള്‍ഡ് ഓവേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.
അമേരിക്കൻ ഫിക്ഷനാണ് മികച്ച അവലംബിത തിരക്കഥ. ദ ബോയ് ആൻഡ് ദ ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിലായിരുന്നു പ്രഖ്യാപനം. ബോളിവുഡ് നടി ദീപിക പദുക്കോണും പുരസ്കാരച്ചടങ്ങിന്റെ ഭാഗമായി. മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്കാരമാണ് ദീപിക പദുക്കോൺ പ്രഖ്യാപിച്ചത്.