Friday, January 10, 2025
Homeസിനിമസാന്ത്വനം 2 വിലെ ഗോമതി; നടി ലാവണ്യയുടെ ജീവിതം.

സാന്ത്വനം 2 വിലെ ഗോമതി; നടി ലാവണ്യയുടെ ജീവിതം.

മഞ്ഞുരുകും കാലം എന്ന പരമ്പരയെ മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അത്രത്തോളം ജനമനസുകളില്‍ ഇടം നേടാന്‍ ആ പരമ്പരയ്ക്കും പരമ്പരയിലെ കഥാപാത്രങ്ങളായ രത്നമ്മയ്ക്കും വിജയരാഘവനും ജാനിക്കുട്ടിയ്ക്കുമെല്ലാം സാധിച്ചിരുന്നു. അന്നു നേടിയ ജനപ്രീതിയ്ക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. പാതിവഴിയില്‍ രത്നമ്മയെന്ന കഥാപാത്രത്തെ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന നടിയാണ് ലാവണ്യ നായര്‍. എട്ടു മാസം ഗര്‍ഭിണിയായിരിക്കവേയാണ് ശാരീരികാസ്വസ്ഥതകള്‍ക്കിടയിലും ആ കഥാപാത്രത്തെ ലാവണ്യ അതിമനോഹരമാക്കിയത്.
അന്നൊക്കെ ലാവണ്യയെ മിനിസ്‌ക്രീനില്‍ കണ്ടാല്‍ പ്രേക്ഷകര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ പറഞ്ഞിരുന്നത് ‘ദേ….താടക വന്നു’ എന്നാണ്. പുറത്തിറങ്ങിയാലും ആളുകളുടെ പ്രതികരണം കടുത്തതായിരുന്നു. കുട്ടികള്‍ പോലും പേടിയോടെയാണ് നടിയെ കണ്ടിരുന്നത്. അഭിനയമാണെന്ന് അറിയാമെങ്കിലും ‘ഇത്രയും ക്രൂരത വേണ്ടിയിരുന്നില്ല’ എന്നു പറയാതെ ഒരു പ്രേക്ഷകനും പിന്മാറിയിട്ടില്ല. സീരിയലില്‍ ശരിക്കും കഥാപാത്രമായി ലാവണ്യ മാറുകയായിരുന്നു.

175 എപ്പിസോഡുകള്‍ പിന്നിട്ടപ്പോഴാണ് ഗര്‍ഭ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഏറിയതോടെ ലാവണ്യ ‘മഞ്ഞുരുകുംകാല’ത്തില്‍ നിന്നു മാറിയത്. പകരം മഞ്ജു സതീഷ് ആണ് രത്നമ്മയെ അവതരിപ്പിക്കാന്‍ തുടങ്ങിയത്. തുടര്‍ന്നും പരമ്പര ജനപ്രീതിയോടെ തന്നെ സംപ്രേക്ഷണം തുടര്‍ന്നു. ലാവണ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പിന്നീട് മകള്‍ മാളവികയ്ക്ക് മൂന്നു വയസായപ്പോഴാണ് വീണ്ടും ലാവണ്യ സീരിയലിലേക്ക് തിരിച്ചു വന്നത്. സാധാരണ വിവാഹത്തോടേയും പ്രസവത്തോടെയും ഒക്കെ അഭിനയ ലോകത്തു നിന്നും പൂര്‍ണമായും മാറിനില്‍ക്കുന്ന താരങ്ങളില്‍ വ്യത്യസ്തമായിട്ടാണ് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ ലാവണ്യ തിരിച്ചു വന്നത്. മകള്‍ക്ക് മൂന്നു വയസായിരിക്കവേയാണ് 2018ല്‍ മഴവില്‍ മനോരമയിലെ ഭ്രമണത്തിലൂടെ നടി തിരിച്ചു വരുന്നത്.

അതിനു ശേഷം നാമം ജപിക്കുന്ന വീടിലൂടെയും സീകേരളത്തിലെ കയ്യെത്തും ദൂരത്തിലൂടെയും മികച്ച പ്രകടനം കാഴ്ച വച്ച ലാവണ്യ സാന്ത്വനം 2വിലെ ഗോമതിയിലൂടെയാണ് ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറയുന്നത്. ലാവണ്യയുടെ ഈ അഭിനയ യാത്രയില്‍ കുടുംബത്തിനുള്ള പങ്ക് വളരെ വലുതാണ്. ഒന്‍പതു വയസുകാരിയായ മകളും ദുബായിലെ ഒരു ഗ്രീക്ക് കമ്പനിയില്‍ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ക്കാരനായ ഭര്‍ത്താവ് രാജീവിന്റെയും പിന്തുണയാണ് എടുത്തു പറയേണ്ടത്.

ശിവമോഹന്‍ തമ്പി സംവിധാനം ചെയ്ത ‘അസൂയപ്പൂക്കള്‍’ എന്ന സീരിയലിലൂടെയാണ് പത്താം ക്ലാസില്‍ പഠിക്കവേ ലാവണ്യ അഭിനയലോകത്തേക്ക് എത്തിയത്. അന്ന് തിരുവനന്തപുരം നൂപുര ഡാന്‍സ് അക്കാദമിയില്‍ കലാക്ഷേത്രം വിലാസിനി ടീച്ചറുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ നൃത്തം പഠിക്കവേയാണ് അവിടെ വച്ച് ശിവമോഹന്‍ തമ്പിയെ കാണുന്നതും സീരിയലിലേക്ക് ക്ഷണിച്ചതും. വയലാര്‍ മാധവന്‍കുട്ടിയുടെ ‘ഗന്ധര്‍വയാമം’ എന്ന ഹൊറര്‍ സീരിയലായിരുന്നു രണ്ടാമത്തേത്. ആ സീരിയലും ഹിറ്റായി. തുടര്‍ന്ന് ആര്‍. ഗോപിനാഥിന്റെ ‘അങ്ങാടിപ്പാട്ട്’, ശിവമോഹന്‍ തമ്പിയുടെ ‘ചന്ദ്രോദയം’, കെ.കെ. രാജീവിന്റെ ‘ഒരു പെണ്ണിന്റെ കഥ’ എന്നീ സീരിയലുകളിലും ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു. ‘ഒരു പെണ്ണിന്റെ കഥ’ ചെയ്യുമ്പോഴായിരുന്നു വിവാഹിതയായത്.

വാട്ടര്‍ അതോറിറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ രവീന്ദ്രന്‍ നായരുടെയും വീട്ടമ്മയായ ഉഷ രവീന്ദ്രന്റെയും മകളാണു ലാവണ്യ. ഒരു സഹോദരനുണ്ട് ഉല്ലാസ്. തിരുവനന്തപുരം ബവ്റജിസ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥനാണ് ഉല്ലാസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments