Thursday, November 21, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 13, 2024 ബുധൻ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 13, 2024 ബുധൻ

കപിൽ ശങ്കർ

🔹തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിയപ്പോള്‍ ആള് കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് ആളു കുറഞ്ഞതിലാണ് സുരേഷ് ഗോപി ബിജെപി പ്രര്‍ത്തകരോട് കയര്‍ത്തത്. സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആള് കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതുമാണ് പ്രകോപനത്തിന് കാരണമായത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര്‍ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവര്‍ത്തകരോട് പറയുന്നുണ്ട്.

🔹കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യ രാധിക(36) ആണ് മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മനേജറാണ് രാധിക.

🔹ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.ആലപ്പി-ധൻബാദ് എക്സ്പ്രസിൽ നിന്നാണ് 10 കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് സംഘവും ആർ പി എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ട്രെയിനിലെ ജനറൽ ബോഗിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.അഞ്ച് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 10.276 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.ഉടമസ്ഥനെക്കുറിച്ച് അന്വേഷണം തുടങ്ങി.

🔹മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നു. മാലമ്പാടി കാവുങ്ങലില്‍ കുര്യന്റെ ആടിനേയും, അപ്പാട് കാഞ്ചിയുടെ ആടിനേയും ആട്ടിന്‍കുട്ടിയേയുമാണ് കൊന്നത്

🔹മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി – റഫീല ദമ്പതികളടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്.കഞ്ഞികൊടുക്കുന്നതിനിടെയാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സിയ്ക്കായി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔹വനിതാ ദിനത്തോടനുബന്ധിച്ച് പാലാ അൽഫോൻസാ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും വനിത ജീവനക്കാർക്കും, മെൻസ്ട്രൽ കപ്പുകൾ നൽകിക്കൊണ്ട് കോളേജിനെ ‘പാഡ് ഫ്രീ ക്യാമ്പസ്” ആയി മാറ്റുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി 2024 മാർച്ച് മാസം പന്ത്രണ്ടാം തീയതി ഹരിഹരപുത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. ഇന്ത്യയിൽ തന്നെ നിർമ്മിച്ച എല്ലാവിധ ടെസ്റ്റ് റിപ്പോർട്ടുകളോടും കൂടിയ ലീവാ കപ്പ് ആണ് ഹരിഹരപുത്ര മാതൃസമിതി വിതരണം ചെയ്യുന്നത്.ഹരിഹരപുത്ര ധർമ്മപരിപാലന സഭ ഒരു നോൺ പ്രോഫിറ്റബിൾ നോൺ പൊളിറ്റിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ്‌കോവിഡ് കാലയളവിൽ പോലീസിനും സർക്കാർ സാമൂഹിക പ്രവർത്തകർക്കും മാസ്ക്കുകൾ സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്യുകയും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് രാത്രികാലങ്ങളിൽ ഡ്രൈവർമാർ ഉറങ്ങി പോകാതിരിക്കാൻ ആയി ചുക്കുകാപ്പി വിതരണം ചെയ്തു (റോഡ് സേഫ്റ്റി പ്രോഗ്രാം )തുടങ്ങിയ പ്രൊജക്ടുകൾ മുൻകാലങ്ങളിൽ ട്രസ്റ്റ് നടത്തിയിട്ടുണ്ട്.
ട്രൈബൽ ഏരിയകളിൽ വീടുകൾ നിർമ്മിച്ചു നൽകുകയും, ആഹാരം എത്തിച്ചു നൽകുകയും വസ്ത്രങ്ങൾ വിതരണം ചെയ്തുകൊണ്ട് മാനവസേവ മാധവസേവ എന്ന തത്വത്തിൽ സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന ട്രസ്റ്റാണ് ഹരിഹരപുത്രാ ധർമ്മ പരിപാലന സഭ ട്രസ്റ്റ് ഈ വർഷം ശുചിത്വ സേവന പദ്ധതിയുടെ ഭാഗമായി ശൗചാല്യങ്ങൾ നിർമ്മിച്ചു നൽകുവാനും എല്ലാ വീടുകളിലും മെൻസ്ട്രൽ കപ്പുകൾ എത്തിച്ചു നൽകുവാനും പദ്ധതി ഇട്ടിട്ടുണ്ട്.

🔹കോട്ടയം: കേരളത്തിലെ രക്ഷകർത്താക്കൾ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്നത് കുറയുന്നു. പത്തിൽ താഴെ മാത്രം വിദ്യാർഥികളുള്ള 34 സർക്കാർ എൽപി സ്കൂളുകൾ സംസ്ഥാനത്തുണ്ട് എന്നാണ് കണക്ക്. 91 എയ്ഡഡ് എൽപി സ്കൂളുകളിലും പത്തിൽ താഴെ മാത്രമാണ് വിദ്യാർത്ഥികൾ. 10-നും 15-നും ഇടയിൽ വിദ്യാർഥികളുള്ള 60 സർക്കാർ സ്‌കൂളുകളും 114 എയ്ഡഡ് വിദ്യാലയങ്ങളുമാണുള്ളത്. 15-നും 25-നും ഇടയിൽ വിദ്യാർഥികളുള്ള 255 സർക്കാർ വിദ്യാലയങ്ങളും 308 എയ്ഡഡ് വിദ്യാലയങ്ങളുമാണുള്ളത്. അതേസമയം, സർക്കാർ മേഖലയിലെ എൽപി സ്കൂളുകളോടുള്ള അകൽച്ച യുപി, ഹൈസ്കൂൾ തലത്തിലില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു. പത്തിൽ താഴെ വിദ്യാർഥികളുള്ള എട്ട് യു.പി സ്കൂളുകളും മൂന്ന് ഹൈസ്‌കൂളുകളും മാത്രമാണ് സംസ്ഥാനത്തുള്ളത്.

🔹തിരുവനന്തപുരം: തമിഴ്നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള അരിക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. വാട്സാപ് ഗ്രൂപ്പുകളിലാണ് ഇതു പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ഡാമിന്റെ വൃഷ്ടിപ്രദേശത്തു തന്നെയുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ജൂൺ 6 നാണ് അരിക്കൊമ്പനെ തമിഴ്നാട് ക‍ളക്കാട് വനമേഖലയിൽ തുറന്നു വിട്ടത്.

🔹ചെന്നൈ: നടന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെട്ടു.
കഴിഞ്ഞ മാസമാണ് വിജയ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈല്‍ ആപ് വഴി പാര്‍ട്ടിയില്‍ അംഗമാകുന്ന ക്യാംപെയ്ന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആദ്യ അംഗമായി വിജയ് ചേര്‍ന്നിരുന്നു.
പാര്‍ട്ടിയില്‍ അംഗമാകാന്‍ വിജയ് ആവശ്യപ്പെട്ടതോടെ ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തില്‍പ്പരം ആളുകളാണ് അംഗത്വത്തിനായി ആപ്പ് സന്ദര്‍ശിച്ചത്. അംഗത്വമെടുക്കാനായി ഒരേ സമയം ഒട്ടേറെയാളുകള്‍ ആപ്പില്‍ കയറിയതോടെ സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്.തകരാര്‍ പരിഹരിച്ച് 24 മണിക്കൂറിനകം 30 ലക്ഷം പേര്‍ അംഗത്വമെടുത്തു. 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണു ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

🔹കോഴിക്കോട് :പേരാമ്പ്ര നൊച്ചാട് 26കാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വാളൂര്‍ സ്വദേശിയായ അനുവിനെ അർധ നഗ്നയായ നിലയിലാണ് മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കൂടാതെ യുവതിയെ കാണാതായപ്പോൾ മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായിരുന്നില്ല. അനുവിന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അനുവിന്റെ പോസ്റ്റുമോർട്ടം നടക്കും. ഇതോടെ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് അനുവിനെ കാണാതായത്. എട്ടരയ്ക്ക് വാളൂരിലെ സ്വന്തം വീട്ടിൽ നിന്നിറങ്ങിയ അനുവിനെ പിന്നീട് ബന്ധപ്പെടാനായില്ല. ഭര്‍ത്താവിനെ ആശുപത്രിയിൽ കാണിക്കാനാണ് അനു ഭർതൃ വീട്ടിലേക്ക് പോയത്. ഇതോടെ കുടുംബാംഗങ്ങൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഒരു വര്‍ഷം മുൻപായിരുന്നു അനുവിന്റെ വിവാഹം. ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി അവശനാണ്. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം വാളൂരിലെ സ്വന്തം വീട്ടിലേക്ക് അനു എത്തിയത്. ഇരു വീടുകളിലും കുടുംബ പ്രശ്നങ്ങളൊന്നും യുവതിക്ക് ഇല്ലായിരുന്നുവെന്നും സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.

🔹ചേര്‍ത്തല: കഞ്ചാവുമായി യുവാവ് പിടിയിൽ. തുറവൂര്‍ സ്വദേശി അഖിലിനെയാണ് 2.3 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. അന്ധകാരനഴി ബീച്ചിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.പ്രതി കഞ്ചാവ് ബെംഗളൂരുവില്‍നിന്നാണ് എത്തിക്കുന്നത്. ഇതിനെ ചെറിയ പൊതികളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എക്‌സൈസ് പറഞ്ഞു. ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍മാരായ ബെന്നി വര്‍ഗ്ഗീസ്, സുരേഷ് കെ.പി, വി. സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സുരേഷ് .കെ .വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, വിഷ്ണുദാസ്, ആകാശ് നാരായണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുള്ളത്

🔹കൊച്ചി: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.  കോതമംഗലം സ്വദേശി വിജിൽ ആണ് മരിച്ചത്. കോതമംഗലം തട്ടേക്കാട് വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്.  എറണാകുളം കളപ്പാറയിൽ രോഗിയുമായി ആശുപതിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു.  ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ നിസാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു.  ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചതോടെ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  തുടർന്ന് വിദഗ്ധ ചികിത്സക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 2 മണിയോടെ മരണപ്പെടുകയായിരുന്നു.   വിജിലിന്‍റെ മൃതദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

🔹ബെം​ഗളൂരു: രമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതിയെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കർണാടകയിലെ ബെല്ലാരി ജില്ലയിൽ വെച്ച് ഷബീർ എന്ന പ്രതിയെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി കസ്റ്റഡിയിലാകുന്നത്. ഇയാളെ എൻഐഎ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു ബെ​ഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടക്കുന്നത്.

🔹ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ഇന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മാറ്റി. കോഴിക്കോട് എന്‍ഐടിയിലെ വിദ്ഗദരുടെ സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനം.

🔹തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. ആഗോള ബോക്സ്ഓഫീസ് കളക്ഷനില്‍ 150 കോടി രൂപയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 2006-ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. 1980-ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ചിത്രം ഗുണ എന്ന ചിത്രത്തിനുള്ള ട്രിബ്യൂട്ട് കൂടിയായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഗുണയിലെ ‘കണ്മണി അന്‍പോട്’ എന്ന ഗാനവും മഞ്ഞുമ്മല്‍ ബോയ്സിന്റെ പ്രധാന ഭാഗമാണ്. മഞ്ഞുമ്മല്‍ ചിത്രീകരണ സമയത്ത് കണ്മണി എന്ന ഗാനത്തിന്റെ കോപ്പി റൈറ്റ്സ് കിട്ടുമോ എന്നതായിരുന്നു ഏറ്റവും വലിയ ആശങ്ക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ കൂടിയായ ഗണപതി. കണ്മണി എന്ന ഗാനമില്ലാതെ മഞ്ഞുമ്മല്‍ എന്ന ചിത്രം അപൂര്‍ണമാണെന്നാണ് ഗണപതി പറയുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments