വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യുഎസ് പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താൽപര്യം മുൻനിർത്തി പിന്മാറുന്നുവെന്ന് ഒരു വാർത്താക്കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ജൂണില്‍ നടന്ന സംവാദത്തിലെ ദുര്‍ബലമായ പ്രകടനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ജോ ബൈഡനുമേല്‍ പാര്‍ട്ടിയില്‍നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇനി അടുത്ത ആറുമാസം ഭരണകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമെന്ന് ബൈഡൻ വ്യക്തമാക്കി. 2016 തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റൺ അടക്കമുള്ളവർ ബൈഡന്റെ തീരുമാനത്തെ പിന്തുണച്ചും, കമല ഹാരിസിന് പിന്തുണ നൽകിയും രംഗത്തുണ്ട്. ബൈഡൻ ഏത് വഴി തെരഞ്ഞെടുത്താലും താൻ ഒപ്പമുണ്ടാകുമെന്ന് പ്രഥമവനിത ജിൽ ബൈഡൻ പ്രസ്താവിച്ചു.
തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചിട്ടുണ്ട്. കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. ഒന്നിച്ചുനിന്ന് ട്രംപിനെ തോൽപ്പിക്കണമെന്നും ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു
ബൈഡന്റെ ട്വീറ്റ്. കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓൺലൈനായി സംഭാവന ചെയ്യാനുള്ള ലിങ്കും ബൈഡൻ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ബൈഡന്റെ പിന്തുണ ലഭിച്ചതോടെ താൻ ബഹുമാനിതയായി എന്ന് കമല ഹാരിസ് പ്രതികരിച്ചു. കമല ഇതിനകം തന്നെ ഫണ്ട് രൂപീകരണത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി അവർ മെയിലുകൾ അയച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു.തന്റെ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും മികച്ച പങ്കാളിയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്ന് ബൈഡന്‍ തന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒന്നിച്ചുനിന്നാല്‍ അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ തന്റെ വാര്‍ത്താക്കുറിപ്പ് അവസാനിപ്പിച്ചത്.
കമല ഹാരിസിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡെമോക്രാറ്റ് നേതാക്കളുടെ പ്രസ്താവനകൾ ഇറങ്ങിയിട്ടുണ്ട്. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം കമല നിർഭയയായ നേതാവാണെന്ന് പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ ഇരുണ്ട കാഴ്ചപ്പാടുകളെ വിചാരണ ചെയ്യാൻ കമലയെക്കാൾ മികവോടെ മറ്റാർക്കും സാധിക്കില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വാഷിങ്ടൺ സന്ദർശിക്കാൻ തയ്യാറെടുക്കുകയാണ്. ഈയാഴ്ച തന്നെ അദ്ദേഹം സന്ദർശനം നടത്തുമെന്നാണ് വിവരം. ഡെമോക്രാറ്റ് വോട്ടർമാർ ഗാസയിൽ വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സന്ദർശനം.