രാഗതാരാധിപൻ നിത്യം കിഴക്കൊരേ-
രീതിയിൽ
ആഴിവിട്ടംബുജംപൂത്തപോൽ,
രൂപലാവണ്യമോടാഗമിച്ചാർദ്രനായ്
രോദനം മാറ്റുവാൻ കൈതൊഴാം
കൈതൊഴാം..
ലാഭനഷ്ടക്കണക്കില്ലാതെ ഭൂമിയെ
ലാളിച്ചുപോറ്റുവാൻ വെട്ടമേകീടുവാൻ,
വാടാവിളക്കുമായ് വിണ്ണിലങ്ങോളവും
വാഴുവാൻ നിത്യവും കൈതൊഴാം
കൈതൊഴാം..
വീതരാഗൻപരൻ വിശ്വൈകനാഥനായ്
വീക്ഷിച്ചുറങ്ങാതെ നിന്നെരിഞ്ഞൂഴിയിൽ,
വേനലും വർഷവും ജീവനോപായവും
വേണ്ടുവോളം തരാൻ കൈതൊഴാം
കൈതൊഴാം..
ശാന്തിമന്ത്രംജപിച്ചാദികാലംമുതൽ
ശാലീനസൗന്ദര്യരൂപനായ് അഗ്നിയാൽ-
സാമ്യമില്ലാതഹംതീണ്ടാതുദിച്ചു നൽ
സൂനമായീടുവാൻ കൈതൊഴാം
കൈതൊഴാം..
സേധംനിറഞ്ഞൂർജ്ജസ്രോതസ്സായ്
നിത്യവും
സോപാനമേറിവന്നാകാശരാജനായ്,
ഹാരംധരിച്ചാത്മശുദ്ധിയോടാളുന്ന-
ഹോമാഗ്നിയാകുവാൻ കൈതൊഴാം
കൈതൊഴാം…



