ചിലി : തിമിംഗലത്തിന്റെ വായിൽപ്പെട്ട കയാക്കിങ് താരത്തിന് അത്ഭുതകരമായ രക്ഷ. തെക്കൻ ചിലിയിലാണ് സംഭവം. കയക്കിങ് താരമായ അഡ്രിയാൻ സിമാൻകസാണ് (24) ഹംപ്ബാക്ക് തിമിംഗലത്തിന്റെ വായിൽപ്പെട്ടത്. പിതാവിന്റെ കൺമുന്നിൽ വച്ചായിരുന്നു സംഭവം. സാൻ ഇസിഡ്രോ ലൈറ്റ്ഹൗസിനു സമീപമായിരുന്നു അപകടം നടന്നത്. പിതാവ് ഡെല്ലിനൊപ്പമാണ് അഡ്രിയാൻ കയാക്കിങ് നടത്തിയത്. പെട്ടെന്ന് തിമിംഗലം കയാക്കിനെയും അഡ്രിയാനെയും വിഴുങ്ങുകയായിരുന്നു.
കുറച്ചു നിമിഷങ്ങൾക്കു ശേഷം അഡ്രിയാൻ തിമിംഗലത്തിന്റെ വായിൽ നിന്ന് പുറത്തുവന്നു. അഡ്രിയാന്റെ പിതാവ് എടുത്ത വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. അഡ്രിയാനെയും കയാക്കിനെയും തിമിംഗലം വിഴുങ്ങുന്നതും ഉടൻ തന്നെ അഡ്രിയാൻ പുറത്തുവരുന്നതും വീഡിയോയിൽ കാണാം. മരിച്ചുവെന്നാണ് കരുതിയതെന്നും താൻ പേടിച്ചുവെന്നും അഡ്രിയാൻ പറഞ്ഞു.