2024 സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വന്‍ നേട്ടം. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ഏറ്റവും കൂടിയ വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലുണ്ടായ രണ്ടക്ക വളര്‍ച്ച ആഗോള വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാം പാദത്തില്‍ പട്ടികയില്‍ മുന്നിലുണ്ടായിരുന്ന അതേ ബ്രാന്റുകള്‍ തന്നെയാണ് ഇത്തവണയും മുന്നിലുള്ളത്. സാംസങ് ആണ് പട്ടികയില്‍ ഏറ്റവും മുന്നില്‍ (20 ശതമാനം വിപണിവിഹിതം). ആപ്പിള്‍ (16ശതമാനം) രണ്ടാമതാണ്. മൂന്നാം സ്ഥാനത്ത് ഷാവോമിയും, നാലാമത് വിവോയും, അഞ്ചാമത് ഓപ്പോയും ഇടം പിടിച്ചു.
സാംസങിന് ഒന്നാം പാദത്തേക്കാള്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. എങ്കില്‍ ആപ്പിളിന്റെ വിപണി വിഹിതത്തില്‍ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നാല്‍ രണ്ട് കമ്പനികളും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. അതേസമയം ഷാവോമിയുടെ വിപണി വിഹിതത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനവാണുണ്ടാക്കിയത്. വിവോ 9 ശതമാനവും നേട്ടമുണ്ടാക്കി. ഇങ്ങനെ 2024 ല്‍ നാല് ശതമാനത്തിന്റെ വര്‍ധനവാണ് സ്മാര്‍ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തിയത്. വാവേ, ഓണര്‍, മോട്ടോറോള, ട്രാന്‍ഷന്‍ ഗ്രൂപ്പ് ബ്രാന്റുകള്‍ എന്നിവയെല്ലാം സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വലിയ നഷ്ടം രേഖപ്പെടുത്തിയ ബ്രാന്‍ഡുകളാണ്.
ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് 2023 ല്‍ ഉണ്ടായത്. അതിനാല്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ച് നല്ലതാണ് ഈ നേട്ടമെന്ന് കൗണ്ടര്‍ പോയിന്റ് പറയുന്നു. വരുന്ന മാസങ്ങളിലും ഈ വളര്‍ച്ച നിലനില്‍ക്കുമെന്നാണ് വിലയിരുത്തൽ.