Saturday, March 14, 2026
Homeഅമേരിക്കഉപേക്ഷിക്കപ്പെട്ട കല്ല് (കഥ) ✍സുജ പാറുകണ്ണിൽ

ഉപേക്ഷിക്കപ്പെട്ട കല്ല് (കഥ) ✍സുജ പാറുകണ്ണിൽ

ജോയൽ കുളി കഴിഞ്ഞിറങ്ങിയതും നിഷ ഫോണുമായി ഓടി വന്നു.
” ദേ റീത്താമ്മാന്റി വിളിക്കുന്നു”.
അവൻ ഫോൺ എടുത്തു.
“മോനെ ജോയലെ, ഞങ്ങളുടെ മരുന്ന് തീർന്നു. നീ വാങ്ങിക്കൊണ്ടു വരാമോ? “. “അതിനെന്താ റീത്താമ്മാന്റി ഞാൻ വാങ്ങിക്കൊണ്ടു
വന്നോളാം.” ബ്രേക്ക്ഫാസ്റ്റ് കഴിക്കാനിരുന്നപ്പോൾ വീണ്ടും ഫോൺ റിങ് ചെയ്തു.
“ജോണി പാപ്പനാണല്ലോ!. ” “എന്താ പാപ്പാ,” അവൻ ഫോൺ എടുത്തു. “മോനെ ജോയലെ, ഇന്നെനിക്ക് ചെക്കപ്പിന് പോണം. പതിനൊന്നു മണിക്കാണ് ഡോക്ടറുടെ അപ്പോയിന്റ്മെന്റ്. നീ വരില്ലേ?”
“വരാം പാപ്പാ, നിങ്ങൾ റെഡിയായി നിന്നോളൂ.” ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ജോയൽ അമ്മയോട് പറഞ്ഞു.
“ജോണി പാപ്പനെ ചെക്കപ്പിന് കൊണ്ടുപോകണം. ഞാൻ പോയിട്ട് വരാം “.
ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലായി. സിസിലിയാമ്മ പിറുപിറുത്തു. ജോയൽ ഒന്നും മിണ്ടിയില്ല.

ജോയൽ ഫാർമസിയുടെ മുൻപിൽ മരുന്ന് വാങ്ങാൻ നിൽക്കുമ്പോഴാണ് ജോളിമ്മാന്റിയുടെ കോൾ വന്നത്.
“മോനെ ജോയലെ, സാധനങ്ങളെല്ലാം തീർന്നു. നീ വൈകുന്നേരം ഒന്ന് വരാമോ? നമുക്ക് സൂപ്പർ മാർക്കറ്റിൽ പോകാം”.
ജോയൽ സമയം നോക്കി. ഒരു മണി. “ആന്റി ഞാനിപ്പോൾ വരട്ടേ. റെഡിയായി
നിൽക്കാമോ?. ”
“എന്നാൽ ശരിയെടാ. വേഗം വാ. കുറെ ദിവസങ്ങളായി അമ്മക്ക് പരാതിയാണ് നിന്നെ കാണാൻ പോലും കിട്ടുന്നില്ലല്ലോ എന്ന്. എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ഓടിയാൽ മതിയോ?”

ഇപ്പോൾ സൂപ്പർമാർക്കറ്റിൽ പോയാൽ സാധനങ്ങൾ വാങ്ങിക്കൊടുത്തിട്ട് വീട്ടിൽ പോയി ഊണ് കഴിക്കാം. വൈകുന്നേരം അമ്മയെയും നിഷയെയും പിള്ളേരെയും കൂട്ടി ഒന്ന്
പുറത്തുപോകുകയും ചെയ്യാം. അവൻ കണക്ക് കൂട്ടി.

ജോണി പാപ്പനെ വീട്ടിലാക്കി അവൻ ജോളിമ്മ ആന്റിയെയും കൂട്ടി സൂപ്പർ മാർക്കറ്റിലേക്ക്
പോയി. അവിടുന്ന് ഇറങ്ങിയപ്പോൾ മണി രണ്ടര. വിശന്നിട്ട് അവന് കണ്ണുകാണാൻ
പറ്റാതായി. തിരികെ വീട്ടിൽ എത്തിയതേ അവൻ നിഷയോട് വിളിച്ചുപറഞ്ഞു. “ചോറെടുക്ക്, വിശന്നിട്ട് കണ്ണ് കാണാൻ വയ്യ “.
കൈ കഴുകി ചോറിന്റെ
മുന്നിലിരുന്നതും നിഷ പറഞ്ഞു.. ” ദേ സാലിമ്മ ആന്റി വിളിക്കുന്നു”.
“കൊണ്ടുപോകുന്നുണ്ടോ?. എന്റെ ചെറുക്കനെ ഇത്തിരി ഭക്ഷണം കഴിക്കാൻ പോലും സമ്മതിക്കില്ലേ?”. സിസിലിയാമ്മ ദേഷ്യപ്പെട്ടു. ജോയൽ ചിരിച്ചുകൊണ്ട് ഫോൺ വാങ്ങി. “മോനെ അങ്കിളിന് സ്ട്രോക്ക് ആണെന്ന് തോന്നുന്നെടാ. വേഗം ഹോസ്പിറ്റലിൽ എത്തിക്കണം “. സാലിമ്മയുടെ കരച്ചിലും പറച്ചിലും കേട്ട് ജോയൽ ചാടി എണീറ്റു. പുറത്തേക്ക് ഓടുന്നതിനിടയിൽ അവൻ നിഷയോട് വിളിച്ചുപറഞ്ഞു. നീയാ ദിലീപിനെ വിളിച്ച് ആംബുലൻസുമായി വരാൻ പറ. തങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബൈക്കിൽ പറന്നുപോകുന്ന ജോയലിനെ കണ്ട് വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന് റീത്താമ്മയും ഭർത്താവ് ജോസുകുട്ടിയും അന്തം വിട്ടു. റീത്താമ്മ വേഗം ഫോൺ എടുത്ത് നിഷയെ വിളിച്ചു. ഫോൺ എൻഗേജ്ഡ്. കുറച്ച് കഴിഞ്ഞപ്പോൾ നിഷ തിരിച്ചുവിളിച്ചു. “റീത്താമ്മാന്റി, സ്റ്റീഫനങ്കിളിനു സ്ട്രോക്ക് വന്നു. ജോയൽ അങ്ങോട്ട് പോയതാ”.
വാർത്ത പെട്ടെന്നു തന്നെ എല്ലായിടത്തും എത്തി. ദിലീപും ജോയലും കൂടി ആംബുലൻസിൽ സ്റ്റീഫനെ ആശുപത്രിയിൽ എത്തിച്ചു. സാലിമ്മ കരഞ്ഞുകൊണ്ട്
ഐ സി യുവിന്റെ മുൻപിലുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു. ജോയലിന് സങ്കടം തോന്നി. പിന്നെ ഫോണെടുത്ത് സ്റ്റീഫനങ്കിളിന്റെയും സാലിമ്മ ആന്റിയുടെയും രണ്ട് മക്കളെയും മാറി മാറി വിളിച്ചു. രണ്ട് പേരും ഫോൺ എടുത്തില്ല. രണ്ടാൾക്കും അവൻ മെസ്സേജ് ഇട്ടു. വിവരമറിഞ്ഞു ബന്ധുക്കളെല്ലാം ജോയലിനെ തുരു തുരാ വിളിച്ചുകൊണ്ടിരുന്നു. കുറേ കഴിഞ്ഞപ്പോൾ ഓസ്‌ട്രേലിയയിൽ നിന്ന് മകൻ വിളിച്ചു.
“പപ്പക്ക് എന്തു പറ്റി ജോയലെ?
അവൻ കാര്യങ്ങൾ വിശദീകരിച്ചു. “എനിക്കിപ്പോൾ വരാൻ പറ്റാത്ത അവസ്ഥയാണ്. എന്ത് ചെയ്യും.”
“അത് സാരമില്ല. ഞാനുണ്ടല്ലോ ഇവിടെ. ഞാൻ നോക്കിക്കോളാം.” “എന്തെങ്കിലുമുണ്ടെങ്കിൽ നീ അറിയിക്കണേ.” “ശരി”.
രണ്ട് മണിക്കൂർ കൂടി കഴിഞ്ഞാണ് യു കെ യിൽ നിന്ന് മകൾ വിളിച്ചത്.
“എടാ, ഞാനിപ്പഴാ മെസ്സേജ് കണ്ടത്”. ജോയൽ കാര്യങ്ങൾ വിശദീകരിച്ചു.
“ഞാൻ വരേണ്ട ആവശ്യമുണ്ടോ? “.
“വേണ്ട ചേച്ചി, ഞാൻ നോക്കിക്കോളാം. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അറിയിക്കാം”.
മക്കൾ വരില്ല എന്നറിഞ്ഞതുകൊ ണ്ടാകാം സാലിമ്മയുടെ
മുഖം കൂടുതൽ മ്ലാനമായി. നിഷ വന്നപ്പോൾ അവൻ പറഞ്ഞു,
“ആന്റിയെ നീ വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോ. വയ്യാത്തതല്ലേ “. എല്ലാവരും കൂടി ഇവിടെ ഇരിക്കേണ്ട ആവശ്യം ഇല്ല.
വെറുതെ ഉറക്കമിളച്ചിരുന്നു അസുഖം വരുത്തി വെക്കണ്ട. ഞാനുണ്ടല്ലോ ഇവിടെ. അവൻ നിർബന്ധപൂർവ്വം സാലിമ്മയെ നിഷക്കൊപ്പം പറഞ്ഞുവിട്ടു.

സ്റ്റീഫന്റെ അസുഖവിവരമറിഞ്ഞു വിളിക്കുന്നവരോടൊക്കെ മറുപടി പറഞ്ഞും, ഇടക്കൊന്നു മയങ്ങിയും ജോയൽ സമയം തള്ളി നീക്കി. ഇടയ്ക്കെപ്പഴോ താനിതുവരെ കഴിച്ചിട്ടില്ലല്ലോ എന്ന ഓർമ്മ അവന്റെ മനസ്സിലേക്ക് വന്നു.
പുറത്തു പോയി പേരിനെന്തോ കഴിച്ച് തിരികെ വീണ്ടും കസേരയിൽ ഇരിപ്പുറപ്പിച്ചു. അടുത്ത
ദിവസം സ്റ്റീഫനങ്കിളിനെ
റൂമിലേക്ക് കൊണ്ടുവന്നു. വിവരം ജോയൽ അപ്പോൾ തന്നെ നിഷയെ വിളിച്ചു പറഞ്ഞു. നഴ്സുമാർ മുറിക്ക് പുറത്തുപോയി കഴിഞ്ഞപ്പോൾ ജോയൽ സ്റ്റീഫനങ്കിളിന്റെ അരികിലിരുന്ന് അയാളുടെ കൈ തടവികൊണ്ടിരുന്നു. “അങ്കിളേ, ഇപ്പോൾ എങ്ങനെയുണ്ട് ?” അവൻ ചോദിച്ചു. സ്റ്റീഫൻ അവന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു.
“സാലിമ്മ ആന്റിയെ ഞാൻ അന്നുതന്നെ വീട്ടിൽ പറഞ്ഞുവിട്ടു. വയ്യാത്തതല്ലേ. അങ്കിളിനെ റൂമിൽ കൊണ്ടുവന്ന വിവരം ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പൊ വരും. അങ്കിൾ വിഷമിക്കേണ്ട. കുഴപ്പമൊന്നുമില്ല. ഒന്നും പേടിക്കാനില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ജെറിയും ജോഷ്നിയും വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. രണ്ടാൾക്കും ഇപ്പോൾ വരാൻ പറ്റാത്ത സാഹചര്യം ആണത്രേ. അത് സാരമില്ല ഞാനുണ്ടല്ലോ ഇവിടെ.” സ്റ്റീഫൻ എന്തോ ചിന്തയിൽ മുഴുകി കിടക്കുകയാണെന്ന് അവന് തോന്നി. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. “അയ്യേ… എന്തിനാ അങ്കിൾ കരയുന്നത്? ഞാനില്ലേ ഇവിടെ.” അത് പറഞ്ഞ് അവൻ അയാളുടെ കൈകൾ ചേർത്ത് പിടിച്ചു.

അവന്റെ മനസ്സ് കുറേ വർഷങ്ങൾ പിറകിലേക്ക് പോയി. ജോയലിന്റെ പപ്പക്ക് മൂന്ന് സഹോദരന്മാരും
രണ്ട് സഹോദരിമാരും ആണ്. അവരുടെയെല്ലാം മക്കൾ നന്നായി പഠിക്കുന്നവർ. എല്ലാ എക്സാമിനും എ പ്ലസ് വാരി കൂട്ടുന്നവർ. ജോയലിനു മാത്രം തപ്പി പെറുക്കിയാൽ പോലും ഒരു എ പ്ലസ് ഉണ്ടാവില്ല. അത് കൊണ്ടു തന്നെ എല്ലാവരുടെയും പരിഹാസപാത്രമായിരുന്നു അവൻ. കുടുംബത്തിൽ ഏത് ചടങ്ങിനും എല്ലാവരും ഒത്തു കൂടുമ്പോഴും അവിടത്തെ പ്രധാന സംസാര വിഷയം ജോയലിന്റെ പഠിത്തവും അവന്റെ ഭാവിയുമായിരുന്നു. അവനെ പൊട്ടനെന്നും മന്ദബുദ്ധിയെന്നും പേരിട്ടു വിളിച്ചത് സ്റ്റീഫന്റെയും സാലിമ്മയുടെയും മക്കളായിരുന്നു.

മറ്റൊരു സംഭവം ഇന്നലെ സംഭവിച്ചതുപോലെ അവന്റെ ഓർമ്മയിലൂടെ കടന്നുപോയി. ഒരിക്കൽ കൂട്ടുകാരുമൊരുമിച്ചു തോട്ടുവക്കിൽ ഇരുന്ന് ചൂണ്ടയിട്ടു മീൻ പിടിക്കുകയായിരുന്നു. അപ്പോഴാണ് സ്റ്റീഫനങ്കിൾ ആ വഴി ബുള്ളറ്റിൽ വന്നത്.
വണ്ടി നിർത്തുന്നത് കണ്ടപ്പോൾ തന്നെ തല്ലാനായിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ അടുത്ത് വന്ന് കൂട്ടുകാർ കേൾക്കെ അദ്ദേഹം പറഞ്ഞു,
“നന്നായെടാ മോനെ, മീൻ പിടിക്കാനും വിൽക്കാനുമൊക്കെ പഠിച്ചിരിക്കുന്നത് നല്ലതാണ്. നീയേതായാലും പഠിച്ച് മജിസ്ട്രേറ്റ് ആവാനൊന്നും പോകുന്നില്ലല്ലോ. കഞ്ഞി കുടിച്ച് കിടക്കേണ്ടേ”.
അന്ന് തനിക്കുണ്ടായ അപമാനം ഭൂമി പിളർന്ന് താന്നു പോയെങ്കിൽ എന്ന് വരെ ആഗ്രഹിച്ചു. പക്ഷേ കൂട്ടുകാർ തന്നെ സമാധാനിപ്പിച്ചു. അന്ന് കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ ദിലീപിന്റെ ആംബുലൻസിൽ ആണ് അങ്കിളിനെ ആശുപത്രിയിൽ എത്തിച്ചത്.

ഒരിക്കൽ കൂട്ടുകാരുമൊരുമിച്ചു സ്കൂളിലേക്ക് പോകുമ്പോൾ സ്റ്റീഫനങ്കിൾ റോഡരുകിൽ നിന്ന് മീൻ വാങ്ങുകയായിരുന്നു. തന്നെ കണ്ടതും അങ്കിൾ കുട്ടയിൽ നിന്ന് ഒരു മീനെടുത്തു
ഉയർത്തി കാട്ടി. അങ്കിൾ എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്കും കൂട്ടുകാർക്കും മനസ്സിലായി.
അക്കാലത്ത് എല്ലാവരുടെയും പരിഹാസം കേട്ട് താൻ ദുഃഖിക്കുമ്പോൾ അമ്മ പറയും എന്റെ മോൻ വിഷമിക്കേണ്ട. മോന് പറ്റുന്ന പോലെ പഠിച്ചാൽ മതി. നിനക്കുള്ള ചോറ് ദൈവം എവിടെയെങ്കിലും കരുതിയിട്ടുണ്ടാകും. അമ്മ പറഞ്ഞത് സത്യമായി. ജോയലിന്റെ പപ്പ വാങ്ങിയിട്ടിരുന്ന ഒരു സ്ഥലം ഒരു പ്രൊജക്ടിനു വേണ്ടി ഗവണ്മെന്റ് ഏറ്റെടുത്തു. നല്ല വില കിട്ടി. ആ പണം ബാങ്കിൽ നിക്ഷേപിച്ചതു കൊണ്ട്
കൃത്യമായി പലിശ കിട്ടുന്നുണ്ട്. പപ്പയുടെ
പെൻഷൻ മമ്മിക്ക് കിട്ടുന്നുണ്ട്. ജോയൽ
പ്ലമ്പിങ്, വയറിംഗ് ജോലിക്ക് പോകുന്നുണ്ട്. ആത്മാർത്ഥമായി പണി ചെയ്യുന്നതുകൊണ്ട് എല്ലാവരും അവനെയാണ് പണിക്ക് വിളിക്കുക
ബന്ധുക്കളെ സഹായിച്ചു കഴിഞ്ഞ് ജോലിക്ക് പോകാൻ അവന് സമയം കിട്ടാറില്ല എന്നേ ഉള്ളൂ. അവന്റെ ഈ ഓട്ടം കാണുമ്പോൾ അമ്മ സിസിലിയാമ്മ പറയും “ഒരു കാലത്ത് എല്ലാവരും എത്ര പരിഹസിച്ചതാണ് എന്റെ മോനെ. ഇപ്പൊ എല്ലാവർക്കും ജോയലിനെ വേണം. ഇതാണ് പറയുന്നത് ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലാവും എന്ന്. ജോയൽ വിവാഹം കഴിച്ചതും നല്ല ഒരു പെൺകുട്ടിയാണ്.
നിഷക്ക് അത്യാഗ്രഹങ്ങളോ പരാതികളോ ഇല്ല. സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടും. നന്നായി വീടും വീട്ടുകാര്യങ്ങളും നോക്കും. അത് കാണുമ്പോളും സിസിലിയാമ്മ പറയും “എന്റെ മോന്റെ മനസ്സറിഞ്ഞു ദൈവം ഇങ്ങനെ ഒരു പെണ്ണിനെ അവന് കൊടുത്തത്” എന്ന്. സാലിമ്മ വന്നപ്പോൾ വീട്ടിലേക്ക് പൊയ്കൊള്ളാൻ ജോയലിനോട് പറഞ്ഞെങ്കിലും അവൻ പോയില്ല. സ്റ്റീഫനെ ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞ് വീട്ടിൽ എത്തിച്ച് വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്ത് കൊടുത്തിട്ടാണ് അവൻ പോയത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എപ്പോഴാണെങ്കിലും വിളിക്കണേ ആന്റി എന്ന് പലവട്ടം ഓർമ്മിപ്പിക്കുകയും ചെയ്തു. അവൻ വീട്ടിൽ ചെന്ന് കയറിയപ്പോൾ സിസിലിയാമ്മ ഉറക്കെ ബൈബിൾ വായിക്കുകയായിരുന്നു.
കുളിച്ച് ഫ്രഷ് ആയി അവൻ അമ്മയുടെ അടുത്തിരുന്ന് ആശുപത്രി വിശേഷങ്ങൾ പറഞ്ഞു കേൾപ്പിച്ചു. സിസിലിയാമ്മ വീണ്ടും അത് തന്നെ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലായി എന്ന്. ജോയൽ ചിരിച്ചുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചതും അവന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി……

 സുജ പാറുകണ്ണിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com