തിരുവനന്തപുരം: നിയമസഭയെ ദുഃഖത്തിലാഴ്ത്തി ഓണാഘോഷത്തിനിടെ ജീവനക്കാരന്റെ മരണം. ഓണാഘോഷത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് ഡെപ്യൂട്ടി ലൈബ്രേറിയൻ വി ജുനൈസ് (46) വേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്. വയനാട് ബത്തേരി സ്വദേശിയായിരുന്നു ജുനൈസ്.
പതിനൊന്നുപേരുടെ സംഘം നൃത്തം ചെയ്യുന്നതിനിടെ ജുനൈസ് പെട്ടെന്ന് കൈകൊണ്ട് നെറ്റിയിൽ താങ്ങി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. ആശുപത്രിയിലെത്തിച്ച് അഞ്ചു മിനിറ്റിനുള്ളിൽ മരണം സംഭവിച്ചതായി സഹപ്രവർത്തകർ പറഞ്ഞു.
ഓണാഘോഷത്തിലെ അത്തപ്പൂക്കള മത്സരത്തിൽ ജുനൈസ് പങ്കെടുത്ത ടീമിനായിരുന്നു മൂന്നാം സ്ഥാനം. ഇതിനു ശേഷം നടന്ന വടംവലി മത്സരത്തിൽ ജുനൈസിന്റെ ടീം ഒന്നാം സ്ഥാനം നേടി. സ്പീക്കർ എ എൻ ഷംസീറാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.
ജീവനക്കാർക്കൊപ്പം ഓണസദ്യ കഴിച്ച ശേഷം സ്പീക്കർ മടങ്ങി. തുടർന്നാണ് കലാപരിപാടികൾ ആരംഭിച്ചത്. ജുനൈസിന്റെ മരണത്തെത്തുടർന്ന് പരിപാടികൾ നിർത്തിവച്ചു.



