മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം. ദൈവത്തിന്റെ പ്രവ്യത്തികൾ എല്ലാം തന്നെ അത്ഭുതമാണ്. പഞ്ചേന്ദ്യങ്ങൾ കൊണ്ട് മനസ്സിലാക്കാവുന്നതും, ത്രിമാനതലത്തിലുള്ളവയുമായ വസ്തു മാത്രമേ മനുഷ്യന് ഗ്രഹിക്കുവാൻ കഴിയുകയുള്ളു. ശാസ്ത്രത്തിനും ഇതിന് അപ്പുറം ആത്‍മീക ലോകത്തെയോ, ആത്മാവിനെയോ, ദൈവീക അത്ഭുതങ്ങളെയോ, വിശ്വസിക്കുവാനോ, വിശദീകരിക്കുവാനോ സാധ്യമല്ല. ശാസ്ത്രം തെറ്റല്ല വസ്തുതകളാണ് പറയുന്നത്. എന്നാൽ ദൈവീക പ്രവർത്തികളെ മനസ്സിലാക്കുവാൻ ശാസ്ത്രം ഇനിയും വളരണം. ഒരു വ്യക്തി സ്വർഗീയതലത്തിൽ നിൽക്കുമ്പോൾ അസാധ്യങ്ങളെ സാധ്യമാക്കും.
1 കൊരിന്ത്യർ 2 : 14
“എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.”
ദൈവം പ്രക്യതിയ്ക്കു അധീനനാകയാൽ ദൈവത്തിന്റെ പ്രവ്യത്തികൾ എല്ലാം തന്നെ അത്ഭുതമായിരിക്കും. അത്ഭുതങ്ങളുടെ ഈ ദൈവീക തലത്തിലേയ്ക്ക് മനുഷ്യന് എത്തിപ്പെടുവാൻ ദൈവം തന്നിരിക്കുന്നതാണ് വിശ്വാസം.
1 കൊരിന്ത്യർ 2 : 15
“ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.”
പ്രാക്യത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈകൊള്ളുന്നില്ല. അത് അവനു ഭോഷത്വമാകുന്നു. ആത്‍മീകമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതല്ല. കാണുന്ന വസ്തുവിന്റെ നീളം, വീതി, ഉയരം നമ്മുക്ക് ഗ്രഹിപ്പാൻ കഴിയും. ഇതുകൂടാതെ സമയം എന്നൊരു മാനം കൂടിയുണ്ട്. ഇത് സാധാരണ മനുഷ്യരെ ഭരിക്കുന്നു.
1 കൊരിന്ത്യർ 1-18
” ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമ്മുക്കോ ദൈവ ശക്തിയുമാകുന്നു ”
മനുഷ്യന് ഒന്നിലധികം സ്ഥലത്തു ഒരേ സമയത്ത് ചെല്ലുക അസാധ്യമാണ്. അരൂപിയായ ദൈവത്തിനു നീളവും വീതിയും ഉയരവുമില്ലാത്തത് കൊണ്ട് സാധാരണ മനുഷ്യർക്ക് ബുദ്ധിയിൽ ഗ്രഹിപ്പാൻ സാധിക്കുകയില്ല.
സങ്കീർത്തനങ്ങൾ 9-9
“യഹോവ പീഡിതന് ഒരു അഭയ സ്ഥാനം കഷ്ടകാലത്തു അഭയ സ്ഥാനം തന്നെ ”
മനുഷ്യർ വീഴ്ചകൾ സംഭവിക്കുമ്പോൾ ആദ്യം ആശ്രയിക്കുന്നത് വ്യക്തികളെ തന്നെയാണ്. എന്നാൽ ആദ്യം ദൈവത്തെ ആശ്രയിച്ചാൽ പുതു വഴികളെ തുറന്നു തരും.
എബ്രായർ 3-12
“സഹോദരന്മാരെ ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയാതിരിക്കേണ്ടതിനു അവിശ്വാസമുള്ള ദുഷ്ട ഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാതിരിക്കുവാൻ നോക്കുവിൻ ”
വിശുദ്ധിയ്ക്കല്ല വിശ്വാസത്തിനാണ് പ്രാധാന്യം. വിശ്വസിക്കുന്നവർക്ക് വേണ്ടി വ്യാപാരിക്കുന്ന ദൈവീക ശക്തിയാണ് പരിശുദ്ധാത്മാവ്. പ്രവ്യത്തി മാർഗ്ഗമല്ല വിശ്വാസ മാർഗ്ഗമാണ് പ്രധാനം. വിശ്വാസത്തിൽ നടന്നു ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു മുന്നോട്ട് പോകാം.
ഈ വചനങ്ങളാൽ യേശുക്രിസ്തു ധാരാളമായി എല്ലാവരെയും നിറയ്ക്കട്ടെ. ആമേൻ.