വിജയവാഡ: രാഹുൽ ഗാന്ധിക്ക് 2004-14 കാലഘട്ടത്തിൽത്തന്നെ പ്രധാനമന്ത്രിയാകാമായിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി.പദവിയും പ്രശസ്തിയും അദ്ദേഹത്തിന് പ്രധാനമായിരുന്നില്ല എന്നതുകൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം വേണ്ടായെന്ന് വെച്ചതെന്നും രേവന്ത് റെഡ്ഢി പറഞ്ഞു.കോൺഗ്രസ് അതികായൻ വൈ എസ് രാജശേഖര റെഡ്ഢിയുടെ എഴുപത്തിയഞ്ചാം ജന്മവാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഢി. ‘2004നും 14നും ഇടയ്ക്ക് രാഹുലിന് എപ്പോൾ വേണമെങ്കിലും പ്രധാനമന്ത്രിയാകാമായിരുന്നു.
2009ൽ വീണ്ടും സർക്കാരുണ്ടാക്കിയതിന് ശേഷം രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് വൈഎസ്ആർ പറഞ്ഞത് ഇപ്പോഴും എനിക്കോർമയുണ്ട്.എന്നാൽ അത് കാണാൻ നിൽക്കാതെ അദ്ദേഹം പോയി. രാഹുൽജിക്ക് അന്നും ഇന്നും പദവികളും പ്രശസ്തിയുമായിരുന്നില്ല പ്രധാനം. ഇനി നമ്മൾ ചെയ്യേണ്ടത് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ പരിശ്രമിക്കുക എന്നതാണ്’; രേവന്ത് റെഡ്ഢി പറഞ്ഞു.രാഹുലിനെ പ്രധാനമന്ത്രിയായി കാണാൻ തന്റെ അച്ഛൻ ആഗ്രഹിച്ചിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത വൈ എസ് ആറിന്റെ മകളും ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷയുമായ വൈ എസ് ശർമിളയും പറഞ്ഞു. പിതാവിന്റെ ഈ ആഗ്രഹം 2029ൽ ജനങ്ങൾ നിറവേറ്റി നൽകുമെന്നും ശർമിള പറഞ്ഞു.ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ ഗാന്ധി. വൈഎസ്ആറിനെ ഓർമിച്ച രാഹുൽ അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ആന്ധ്രയുടെ മുഖം തന്നെ മാറിയേനെയെന്ന് പറഞ്ഞു.
ഇന്ന് ആന്ധ്ര അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും അദ്ദേഹമുണ്ടെങ്കിൽ പരിഹാരമുണ്ടാക്കുമായിരുന്നുവെന്നും വൈ എസ് ആറിന്റെ പദയാത്രയായിരുന്നു ഭാരത് ജോഡോ യാത്രയ്ക്കുള്ള തന്റെ പ്രചോദനമെന്നും രാഹുൽ കൂട്ടിച്ചേർത്തു.