ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കൻ നഗരമായ പെഷവാറിലെ പള്ളിയിലുണ്ടായ സ്‌ഫോടനം പ്രതികാര ആക്രമണമായിരുന്നുവെന്ന് പൊലീസ് മേധാവി. ചാവേർ ആക്രമണത്തിൽ ഒരു ഇമാം ഉൾപ്പെടെ 100 പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനസമയത്ത് പള്ളിയുടെ പരിസരത്ത് പ്രാർത്ഥനയ്ക്കായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
തീവ്രവാദികൾക്കെതിരെ നടപടിയെടുക്കാൻ മുൻനിരയിലുള്ളതിനാലാണ് അവർ തങ്ങളെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ എഎഫ്‌പിയോട് പറഞ്ഞു. പൊലീസ് സേനയെ തകർക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മസ്ജിദിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയും രക്ഷിക്കാൻ കഴിയുന്നവരെ ആശുപത്രികളിലെത്തിക്കുകയും ചെയ്ത ശേഷമാണ് രക്ഷാപ്രവർത്തനം ചൊവ്വാഴ്ച അവസാനിപ്പിച്ചത്.
ഏഴു മണിക്കൂറോളം ഞാനൊരു മൃതദേഹത്തിനൊപ്പം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നു. എനിക്ക് അതിജീവനത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. സ്‌ഫോടനത്തിൽ കാലുകൾ ഒടിഞ്ഞ 23 കാരനായ പൊലീസ് കോൺസ്റ്റബിൾ വജാഹത്ത് അലി എഎഫ്‌പിയോട് പറഞ്ഞു.