എൻ്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരുപാട് വ്യക്തികൾ ഉണ്ട്. അതിൽ ഒരാളാണ് ബഹു. വി. മുരളീധരൻ. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും ഉയർന്നു പറക്കാനുള്ള മോഹവും ഏതൊരു മനുഷ്യനും പ്രചോദനമാകേണ്ടതാണ്. എൽ.ഡി ക്ലർക്കായി ജോലി ലഭിച്ച അദ്ദേഹം അത് ഉപേക്ഷിച്ചിട്ടാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് മാത്രമായി തിരിയുന്നത് . അന്ന് അദ്ദേഹത്തിന് കിട്ടിയ ചെറിയ ജോലിയിൽ സംതൃപ്തനായിരുന്നു എങ്കിൽ ഇന്ന് നമുക്ക് ഗൂഗിളിലോ വിക്കിപീഡിയയിലോ ലോക മലയാളികളുടെ സ്വീകരണ മുറികളിലെ ടെലിവിഷനിലോ ഇദ്ദേഹത്തെ ഇത്ര തിളക്കത്തോടെ കാണാൻ ഒരിക്കലും സാധിക്കുമായിരുന്നില്ല. ഒരു പാടു ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞ ഇദ്ദേഹത്തിന് ഇനിയും തൻ്റെ കർമ്മപദത്തിൽ ചെയ്തു തീർക്കാൻ ഒരുപാടു കാര്യങ്ങളുണ്ട്. വലിയ സ്ഥാനങ്ങൾ അലങ്കരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
1958 ഡിസംബർ 12 – ന് വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും വെള്ളാം വെള്ളി ദേവകിയുടെയും മകനായി കണ്ണൂർ ജില്ലയിലെ തലശ്ശേരിക്ക് അടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തിൽ വി. മുരളീധരൻ ജനിച്ചു. 2010 മുതൽ 2015 വരെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റായി. 1999-ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് ഇദ്ദേഹം നെഹ്റുയുവകേന്ദ്രയുടെ വൈസ് പ്രസിഡന്റായി നിയമിതനായി. 2002-ൽ നെഹ്റുയുവകേന്ദ്രയുടെ ഡയറക്ടറായും ചുമതലയേറ്റു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ഓൾ ഇന്ത്യ ജനറൽ സെക്രട്ടറിയായി (1994-96 ) ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2018 മുതൽ 2024 പകുതി വരെ വിദേശകാര്യ സഹമന്ത്രിയായിരുന്നു. 2024 ജൂൺ മാസം മുതൽ ഇന്ത്യയുടെ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട ചുമതല വഹിക്കുന്നതിൽ വി.മുരളീധരൻ ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി. സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി.) യുടെ സജീവ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥാ കാലഘട്ടത്തിലാണ് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വി. മുരളീധരൻ രംഗപ്രവേശം ചെയ്യുന്നത്. 1978-ൽ എ.ബി.വി.പി.യുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം 1979-ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1980- ൽ എ .ബി . വി . പി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. അച്ഛന്റെ വിയോഗത്തെ തുടർന്ന് കുടുംബച്ചുമതല ഏറ്റെടുത്ത ഇദ്ദേഹം ജില്ലാ വ്യവസായ കേന്ദ്രത്തിൽ എൽ.ഡി. ക്ലർക്കായി സേവനമനുഷ്ഠിച്ചു. 2019-ൽ ബി.ജെ.പി. മന്ത്രിസഭ ഇദ്ദേഹത്തെ കേന്ദ്രമന്ത്രിയായി നിയമിക്കുകയുണ്ടായി
1980 ഒക്ടോബറിൽ മുരളീധരനെ രണ്ടു വർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെ ഡൽഹിയിൽ എ.ബി.വി.പി. പ്രവർത്തകർ ഘരാവോ ചെയ്ത് ഉപരോധിച്ചു എന്നതിൻ്റെ അടിസ്ഥാനത്തിലായിരുന്നു. ഈ സംഭവത്തോടെ അദ്ദേഹം കൂടുതൽ പൊതുജനശ്രദ്ധ നേടി. സർക്കാർ കെട്ടിച്ചമച്ച കേസാണെന്ന് തെളിഞ്ഞതിനാൽ പിന്നീട് കോടതി ഇത് എഴുതി തള്ളി. വി.മുരളീധരൻ കൂടുതൽ ജനകീയനായി മാറിക്കൊണ്ടാണ് കുറ്റവിമുക്തനാക്കപ്പെട്ടത്.
കോഴിക്കോട് ആർ.എസ്.എസ് കാര്യാലയത്തിലേക്ക് താമസം മാറിയ ഇദ്ദേഹം പിന്നീടങ്ങോട്ട് മുഴുവൻ സമയ പ്രവർത്തകനാവുകയായിരുന്നു.1983 -ൽ തന്റെ ഇരുപത്തിയഞ്ചാം വയസിൽ സർക്കാർ ജോലി രാജിവെച്ച് വി. മുരളീധരൻ എ.ബി.വി.പി.യുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതൽ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എ.ബി.വി.പി. അഖിലേന്ത്യാ സെക്രട്ടറിയായി പ്രവർത്തിച്ചു.
1998 – ൽ വി. മുരളീധരൻ ഡോ. കെ.എസ്. ജയശ്രീയെ വിവാഹം ചെയ്തു. ( ചേളന്നൂർ എസ്.എൻ. കോളേജിലെ സംസ്കൃതം അദ്ധ്യാപിക).
1998 – ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെയാണ് മുരളീധരൻ ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) നേതൃത്വനിരയിലേക്ക് വരുന്നത്. ന്യൂഡൽഹിയിലുള്ള ബി .ജെ .പി . കേന്ദ്ര ഇലക്ഷൻകൺട്രോൾ റൂമിൽ വെങ്കയ്യനായിഡുവിനെ സഹായിക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1999 – ൽ എ .ബി . വാജ്പേയ് സർക്കാർ അധികാരത്തിലേറിയ ശേഷം വി. മുരളീധരൻ ഇന്ത്യൻ സർക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴിൽ വരുന്ന നെഹ്റു യുവ കേന്ദ്രയുടെ ചെയർമാനായി നിയോഗിക്കപ്പെട്ടു. കൂടാതെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി 2000 – ത്തിൽ നടന്ന പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടികളുടെ കോർഡിനേറ്ററായി പ്രവർത്തിച്ചു. 2002 മുതൽ 2004 വരെ നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടർ ജനറലും ഖാദി വില്ലേജ് കമ്മീഷന്റെ കീഴിലുള്ള യൂത്ത് എംപ്ലോയിമെന്റ് ജനറേഷൻ ടാസ്ക് ഫോർസിന്റെ കൺവീനറുമായിരുന്നു. നെഹ്റു യുവകേന്ദ്രയുടെ ചുമതല വഹിക്കുന്ന കാലത്ത് നാഷണൽ റീ കൺസ്ട്രക്ഷൻ രൂപീകരിച്ചതിനെ തുടർന്ന് അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധ നേടി. ഈ മൂവ്മെന്റ് പിന്നീട് രാഷ്ട്രീയ സംഭാവന യോജന എന്ന പേരിലറിയപ്പെട്ടു. 2015 ഡിസംബറിൽ മുരളീധരന്റെ സംസ്ഥാന പ്രസിഡൻറ് എന്ന നിലയിലുള്ള രണ്ടാം ഊഴം അവസാനിച്ചു. തുടർന്ന് അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പ് മാനേജ്മെൻറ് കൺവീനർ ആയി നിയമിക്കപ്പെട്ടു.
2017 ജനുവരിയിൽ കേരള ലോ അക്കാദമിയുടെ പ്രിൻസിപ്പൽ ആയിരുന്ന ലക്ഷ്മി നായരെ ആ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം തുടങ്ങി. പദവിദുരു പയോഗം ചെയ്യൽ, ജാതി പറഞ്ഞ് വിദ്യാർത്ഥികളെ തരംതാഴ്ത്തൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഇവർക്ക് നേരിടേണ്ടിവന്നു.
ജനുവരി 25ന് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുരളീധരൻ ലോ അക്കാദമിയുടെ മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.തുടർന്നു ള്ള ആഴ്ചയിൽ ആ ഇളക്കം ഒരു വലിയ പൊതു പ്രക്ഷോഭമായി മാറി. ഭൂമി കയ്യേറ്റം, പൊതു സ്ഥലം സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കൽ തുടങ്ങി പല പരാതികളും അക്കാദമിക്കെതിരെ ഉണ്ടായി.
29 ദിവസം നീണ്ട സമരം 2017 ഫെബ്രുവരി 8- ന് പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്നും മാറ്റിയതോടെ വിജയകരമായി അവസാനിച്ചു.മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എം.പി.യായി വി. മുരളീധര തെരഞ്ഞെടുക്കപ്പെട്ടു. 2018- ഏപ്രിൽ 3- ന് അദ്ദേഹം രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്ത് 2024 ജൂൺ വരെ കേന്ദ്രസഹമന്ത്രിയായി തുടർന്നു.
കടപ്പാട്: വിക്കിപ്പീഡിയ
ചിലർക്ക് കഴിവുണ്ടെങ്കിലും വിധിയുണ്ടാകില്ല. മറ്റു ചിലക്ക് ഒരു കഴിവും ഇല്ലെങ്കിലും ഭാഗ്യത്തിൻ്റെ കടാക്ഷം ഏറെയായിരിക്കും. വേറെ ചിലരുണ്ട് തൻ്റെ കഴിവുകൾ മനസ്സിലാക്കി, പ്രതിസന്ധികൾ തരണം ചെയ്ത്, സ്വയം പ്രയത്നിച്ച്, ചെറുതല്ല വലിയ ലക്ഷ്യങ്ങളാണുണ്ടാകേണ്ടതെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവർ.ഏതൊരു വ്യക്തിക്കും ഉയർന്നു പറക്കാനുള്ള മോഹവും നന്മയും കരുതലും സ്നേഹവും അധ്വാനിക്കാനുള്ള മനോഭാവവും മറ്റുള്ളവരെക്കൂടി സഹായിക്കാനും ചേർത്തുപിടിക്കാനുള്ള നല്ല മനസ്സും ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും എന്ന കാര്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
എന്നെ വായിക്കുന്ന ഓരോരുത്തരും ഇദ്ദേഹത്തെ പോലെ ഏതെങ്കിലും ഒരു സ്ഥലത്ത് ചെറുതിൽ മാത്രം ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കാതെ ഉയർന്നു പറക്കാൻ മോഹിച്ചിട്ടുള്ളവരായിരിക്കും എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് നിങ്ങൾക്ക് അമേരിക്കയുടെ മണ്ണ് വരെ വളർന്നെത്താൻ സാധിച്ചത്. കേരളത്തിൻ്റെ ഏതെങ്കിലും ഒരു അറ്റത്ത് ഒതുങ്ങിക്കൂടാൻ നിങ്ങൾക്ക് മനസ്സുണ്ടായിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ” മലയാളി മനസ്സി “ലെ അംഗങ്ങൾ ആകുമായിരുന്നില്ല.
അഭിമാനത്തോടെ തന്നെ എന്നെക്കുറിച്ചും ഞാൻ ഓർക്കാറുണ്ട്. മടത്തറ എന്ന് പറയുന്ന മലയോര ഗ്രാമത്തിൻ്റെ റോഡരികിലെ ഒരു കുടിലിൽ പത്താം ക്ലാസിൽ തോറ്റുപോയ പെൺകുട്ടിയാണ് ഞാൻ. കാടുവെട്ടാനും തൈ നടാനും കുഴിയെടുക്കാനും ഒക്കെ പോയ ഒരു കൗമാരമായിരുന്നു എനിക്ക്. എൻ്റെ അമ്മാമയുടെ നിർബന്ധപ്രകാരമാണ് വീണ്ടും എസ്.എസ്.എൽ.സി. എഴുതുന്നത്. ആരുടെയെങ്കിലും വീട്ടുവേലക്കാരിയായി ചുരുങ്ങി പോകേണ്ട ഞാൻ നിലമേൽ എൻ.എസ്.എസ് കോളേജിൽ നിന്നും പ്രീ-ഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത് മലയാളത്തിലാണ്. ജീവിത സാഹചര്യങ്ങൾ അനുകൂലമായതുകൊണ്ടല്ല ഞാൻ ഒരിക്കലും മുന്നോട്ടു നീങ്ങിയത്. പ്രതികൂല സാഹചര്യങ്ങളെ വെട്ടിമാറ്റിക്കൊണ്ടാണ് മുന്നേറിയത് എന്നത് ചിന്തിക്കുമ്പോൾ എന്നിലെ എന്നെ ഞാൻ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞാൻ എന്നെ അംഗീകരിക്കുന്നത് പോലെ മറ്റാർക്കും അത് സാധിക്കില്ല.
വൈവാഹിക ബന്ധം എന്ന് പറയുന്നതല്ല ഒരു സ്ത്രീയുടെ ജീവിതത്തിൻ്റെ അവസാനവാക്ക് എന്ന് തിരിച്ചറിഞ്ഞ് ഒരു നാലുവയസുകാരനേയും കൊണ്ട് പടപൊരുതിയത് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയാണ്. ഭർത്താവ് മറ്റൊരു സ്ത്രീയുമായി ജീവിക്കുന്നതിലോ പിന്നീടവരുടെ മകളെ ഭാര്യയാക്കിയതിലോ അതിലവർക്കൊരു കുഞ്ഞു ജനിച്ചതിലോ ഞാൻ സങ്കടപ്പെട്ടില്ല.നഷ്ടപ്പെട്ടതിനു പിന്നാലെ പോകുന്നതിനെക്കാൾ നേട്ടങ്ങൾ മുന്നിലുണ്ട് അവിടെ എത്തിച്ചേരുക എന്ന ലക്ഷ്യത്തിലൂടെ ഞാൻ ബി.എഡ്. പഠിക്കാൻ തീരുമാനിക്കുന്നു. അതോടൊപ്പം ph.D യുടെ എൻട്രൻസും എഴുതി വിജയിച്ചു. നാല് വർഷം കൊണ്ട് അത് പൂർത്തിയാക്കി. അവിടെയും എന്റെ ലക്ഷ്യം അവസാനിച്ചിരുന്നില്ല. ഒരൊറ്റ സീറ്റ് മാത്രമുള്ള പോസ്റ്റ് ഡോക്ടറൽ ഗവേഷണം ആഗ്രഹിച്ചു. ഇത് എല്ലാവർക്കും പെട്ടെന്ന് സാധിച്ചെടുക്കാൻ പറ്റുന്ന ഒരു മേഖലയല്ല . അത് കൂടി പൂർത്തിയാക്കിയിട്ടാണ് ഞാനെൻ്റെ വിദ്യാഭ്യാസ – ഗവേഷണ ജീവിതം അവസാനിപ്പിക്കുന്നത്. കേരള – കേന്ദ്ര സർവകലാശാലയിലെ മലയാള വിഭാഗത്തിലും ഇന്റഗ്രേറ്റഡ് ബി.എഡിൻ്റെ ആദ്യ ബാച്ചിലെ ഭാവി ടീച്ചർമാരാകാൻ പോകുന്ന 84 പേരെയും പഠിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.
അർഹത ഇല്ലാത്ത ഒരിടത്തു നിന്നും ഒന്നും ഇതുവരെ ഞാൻ സ്വന്തമാക്കിയിട്ടില്ല. ഇനിയും അങ്ങനെ തന്നെ. മൂല്യമുള്ളതും കഷ്ടപ്പെട്ടു നേടിയതുമായ വിദ്യാഭ്യാസത്തിൽ എനിക്ക് അഭിമാനമുണ്ട്. പിൻവാതിലുകളിലൂടെ ഒന്നും നേടിയിട്ടില്ല എന്ന ഉത്തമബോധ്യമുള്ളതിനാൽ അംഗീകരിക്കാൻ കഴിയാത്തിടത്ത് നിന്ന് മുഖമുയർത്തി ചങ്കൂറ്റത്തോടെ പടിയിറങ്ങാനും മടി കാണിച്ചിട്ടില്ല. സമ്പാദിക്കാൻ വേണ്ടി മനസ്സമാധാനം ഇല്ലാതാക്കിയിട്ട് ആത്മാഭിമാനം പണയപ്പെടുത്തി നിൽക്കാനും ഇതുവരെ തയ്യാറായിട്ടില്ല. അതിനാൽ അല്ലലറിഞ്ഞു തന്നെ ഇന്നും ജീവിക്കുന്നു. പക്ഷേ ആത്മവിശ്വാസവും പ്രയത്നിക്കാനുള്ള മനസ്സും ഒരിക്കലും എവിടെയും അടിയറവുപറയാത്ത സ്വഭാവവും തന്നെയാണ് എൻ്റെ വിജയ രഹസ്യം.
ഞാൻ ഇത്രയും സൂചിപ്പിച്ചത് നമ്മളിൽ ഓരോരുത്തരും നമുക്ക് കിട്ടിയ ചെറിയ ചുള്ളിക്കമ്പുകൾ കൊണ്ട് തൃപ്തരാണ്. അതിനു മുകളിലുള്ള വലിയ വലിയ ചില്ലകൾ നമ്മൾ കാണുന്നില്ല എന്നതാണ് സത്യം. എന്നെ വായിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കാൻ പറയുകയാണ്. പ്രായം എന്നത് അക്കങ്ങൾ മാത്രമാണ്. ഇനിയും നമുക്ക് മുന്നിലേക്ക് പോകാൻ വലിയ വലിയ ലക്ഷ്യങ്ങൾ ഉണ്ടാകണം. വിജയത്തിൽ എത്താനുള്ള പ്രയത്നം അവസാനിപ്പിക്കരുത്. അത് നേടിയെടുക്കും എന്നുള്ള ഒരു ആത്മവിശ്വാസം ഉണ്ടാകണം. വി.മുരളീധരൻ എന്ന് പറയുന്ന വ്യക്തിയിൽ ഞാൻ കണ്ടത് ഇതൊക്കെ തന്നെയാണ്. അദ്ദേഹത്തിൻ്റെ ഓരോ ചുവടുവയ്പുകളും പക്വതയോടെ, ദീർഘവീക്ഷണത്തോടെ ഉള്ളതായിരുന്നു. അതുകൊണ്ടാണ് അടിപതറാതെ മുന്നോട്ട് വലിയ വലിയ സ്ഥാനങ്ങളും അതിനനുസരിച്ചുള്ള മേഖലകളും കയ്യടക്കാൻ അദ്ദേഹത്തിനു കഴിയുന്നത്. അദ്ദേഹത്തിൻ്റെ ഓരോ വളർച്ചയിലും മറ്റാരെക്കാളും അതിനു വേണ്ടി ശ്രമിച്ചത് അദ്ദേഹം തന്നെയായിരിക്കും. ഇതേ ഒരു ശ്രമം നമ്മളിൽ ഓരോരുത്തരിലും ഉണ്ടാകണം. എങ്കിൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന മേഖലകളിൽ എത്താൻ പറ്റുകയുള്ളൂ. ഇനിയും സഞ്ചരിക്കാൻ ഏറെ ദൂരം ബാക്കിയാണ്. അതുകൂടി നന്നായി വിജയത്തിൽ എത്തിക്കുക എന്നതാകണം ഓരോരുത്തരുടേയും ലക്ഷ്യം.