Thursday, December 26, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 25 | വ്യാഴം ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 25 | വ്യാഴം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

അകലങ്ങളിലല്ല, അടുത്തു തന്നെയുണ്ട് അത്ഭുതം
——————————————————————————

ലോക മഹാത്ഭുതങ്ങൾ ഏതൊക്കെ എന്നെഴുതാൻ, ഒരു ടീച്ചർ തൻ്റെ കുട്ടികളോട് ആവശ്യപ്പെട്ടു. ഒരു കുട്ടി മാത്രം, ഉത്തരമെഴുതി തീരാതിരിക്കുന്നതു കണ്ട ടീച്ചർ, അയാളോടു ചോദിച്ചു: “നിൻ്റെ പട്ടിക ഇനിയും തീർന്നില്ലെ?” അവൻ പറഞ്ഞു: “എഴുതിയിട്ടു തീരുന്നില്ല, ടീച്ചർ!”
ടീച്ചർ അടുത്തുചെന്നു നോക്കുമ്പോഴും, അവൻ എഴിതിക്കൊണ്ടിരിക്കുകയായിരുന്നു.

ലോകാത്ഭുതങ്ങൾ എന്തൊക്കെയാണ്? കാണാനും, കേൾക്കാനും, സ്പർശിക്കാനും, രുചിക്കാനും, ചിരിക്കാനും, സ്നേഹിക്കാനും, ചിന്തിക്കാനും ഒക്കെയായി, ദൈവം മനുഷ്യർക്കു നൽകിയിട്ടുള്ള കഴിവുകൾക്ക് അത്രയും വരുമോ, മനുഷ്യനിർമ്മിത അത്ഭുതങ്ങൾ?

മനുഷ്യനിർമ്മിതമായ എന്തിനേക്കാളും വലിയ അത്ഭുതമല്ലെ മനുഷ്യൻ? താൻ, സ്വയം ഒരു അത്ഭുതമാണെന്നു തിരിച്ചറിഞ്ഞവർക്കു മാത്രമേ, ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആകൂ. അസാധാരണ പ്രതിഭകളോ, അത്ഭുത പ്രവർത്തകരോ ആയി, ആരും ജനിക്കുന്നില്ല. മറ്റുള്ളവരെല്ലാം, സ്വാഭാവികമെന്നും, സാധാരണമെന്നും കരുതി, എഴുതിത്തള്ളിയ സവിശേഷതകളെ, കണ്ടെത്തി പരിപോഷിപ്പിക്കുന്നവരാണ് പിന്നീട് അത്ഭുതങ്ങളായി രൂപാന്തരപ്പെടുന്നത്.

വളരെ സാധാരണക്കാരായവരുടെ, അസാധാരണമായ കാഴ്ചപ്പാടു കൊണ്ടും, കഷ്ടപ്പാടു കൊണ്ടുമാണ് അസാധാരണമായ പലതും സംഭവിക്കുക.
തങ്ങൾ വ്യാപരിക്കുന്ന ഇടങ്ങളിലെ, അത്ഭുതങ്ങൾ തിരിച്ചറിയാൻ കഴിയാത്തവരാണ് മറ്റെവിടെയോ ഉള്ള അത്ഭുതങ്ങൾ തേടി അലയുന്നത്. ആയിരിക്കുന്ന സ്ഥലത്ത് ആക്കപ്പെട്ടിരിക്കുന്ന അവസ്ഥയിൽ, ഒരാൾ പ്രകടിപ്പിക്കുന്ന അസാധാരണത്വമാണ് യഥാർത്ഥ അത്ഭുതം. ബീഥോവനും, ഹെലൻ കെല്ലറുമൊക്കെ, അത്ഭുതമായത് അങ്ങനെയാണ്.

മനസ്സിൽ നന്മയും വിശുദ്ധിയുമുള്ളവരുടെ കഴിവുകൾ, അത്ഭുതങ്ങളായി രൂപാന്തരപ്പെടും. മനസ്സിൽ, അശുദ്ധിയും മ്ലേച്ഛതയും സൂക്ഷിക്കുന്നവർ തങ്ങൾക്കു തന്നെ അപമാനം വരുത്തി വയ്ക്കും. അത്ഭുതങ്ങൾ തേടി അലയുന്നവരാകാതെ, സ്വയം ഒരത്ഭുതമായി രൂപാന്തരപ്പെടാനാകട്ടെ നമുക്ക്.

ജഗദീശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments