അഗളി ; ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ നാടക ഗവേഷകൻ കുപ്പുസ്വാമി മരുതൻ (39) അന്തരിച്ചു. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മരണം. തലയിലെ ശസ്‌ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നു. ഷോളയൂർ ആനക്കട്ടിയിലെ പരേതരായ മരുതന്റെയും മണിയുടെയും മകനാണ്. സംസ്കാരം ഞായറാഴ്ച ആനക്കട്ടിയിലെ ഊര് ശ്മശാനത്തിൽ. ഭാര്യ: ജയന്തി. സഹോദരൻ: രാമസ്വാമി.
മാർച്ച് 27, ലോകമെമ്പാടും നാടകദിനം ആചരിക്കുമ്പോൾ കുപ്പുസ്വാമി ഒരു യാത്രയിലായിരുന്നു. പതിവ് പോലെ ആശുപത്രിയിലേക്ക്. അതൊരിക്കലും പിൻമടക്കമില്ലാത്തതായിരുന്നുവെന്ന് ആരുമറിഞ്ഞില്ല. ഏതുവീഴ്‌ചയിലും മടങ്ങി വരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു നാടകത്തെ അത്രമേൽ സ്‌നേഹിച്ച ആ കലാകാരൻ.
വൃക്കരോഗം ബാധിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് പെട്ടെന്ന് തലച്ചോറിലെ രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കിയത്. ശസ്‌ത്രക്രിയ നടത്തി ഐസിയുവിലിരിക്കേ ശനിയാഴ്‌ച വൈകിട്ട് നാലിനായിരുന്നു അന്ത്യം. വൃക്ക മാറ്റിവയ്‌ക്കാനുള്ള സാമ്പത്തിക സമാഹരണത്തിലായിരുന്നു ‘നാടക് ’ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. കാഴ്‌ച മങ്ങിയതിനെ തുടർന്ന് ഒരു കണ്ണിന് ശസ്‌ത്രക്രിയ നടത്തി. ‘പ്രിയപ്പെട്ടവർ കാണാൻ വരുമ്പോൾ ആരുടെയും മുഖം തെളിഞ്ഞിരുന്നില്ല. അതായിരുന്നു അസുഖത്തേക്കാൾ തന്റെ സങ്കട’മെന്ന് വലിയ ചിരിയോടെ പറഞ്ഞുനിർത്തിയ കുപ്പുസ്വാമിയുടെ വാക്കുകൾ വേദനയാവുന്നു.
അഗളി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടതാണ് കുപ്പുസ്വാമിയുടെ ജീവിതം വഴി മാറ്റിയത്. തോറ്റവരെ പഠിപ്പിക്കാൻ ദാസന്നൂർ സ്വദേശി ഡി നാരായണൻ സ്ഥാപിച്ച “കാനക’ത്തിൽ എത്തിയതോടെ അരങ്ങ് എന്ന സ്വപ്‌നം വളർന്നു. അട്ടപ്പാടിയിലെ 192 ഊരുകളിൽ നാടകങ്ങൾ അരങ്ങിലെത്തിച്ചു. മല്ലി, കൊങ്കത്തി, നൊന്ത് വെന്ത മനസ്സ്, എമുത് സമുദായ എന്നീ നാടകങ്ങൾ സംവിധാനം ചെയ്‌ത് അഭിനയിച്ചു.
വീണ്ടും പഠിച്ച് പത്താം ക്ലാസ് ജയിച്ചു. സംവിധാനം മുഖ്യവിഷയമാക്കി ബിടിഎ പഠനം പൂർത്തിയാക്കി. അക്കാലത്ത് അട്ടപ്പാടിയിൽനിന്ന് പുറത്തുപോയി പഠിച്ചയാളെന്ന പേരും കുപ്പുസ്വാമിക്കായിരുന്നു.
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ എസ്‌എഫ്‌ഐ യൂണിറ്റ് രൂപീകരിക്കാൻ നേതൃത്വം നൽകി. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ആദ്യ ട്രൈബൽ യൂണിയൻ ഭാരവാഹിയുമായി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ഇലക്‌ട്രോണിക് മീഡിയയിൽ എംഎസ്‌സിയും വിഷ്വൽ ഇഫക്‌ട്‌സിൽ സർട്ടിഫിക്കേഷൻ കോഴ്‌സും പൂർത്തിയാക്കി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്‌ഡി ഗവേഷണം തുടരുകയായിരുന്നു. അഹാഡ്‌സിന് വേണ്ടി “കറുമ്പ്ളി സെമ്പിളി’ എന്ന ഡോക്യുഫിക്ഷനിൽ അഭിനയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നാടക പ്രവർത്തനം നടത്തി. 2018 ൽ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ് ലഭിച്ചു. “നമുക്കുനാമെ കലാ സാംസ്കാരിക സമിതി’ രൂപീകരിച്ചു. ഗായിക നഞ്ചിയമ്മയെ സിനിമാലോകത്തിന് പരിചയപ്പെടുത്തി.
ലോക് ഡൗൺ കാലത്ത് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി വേറിട്ട രീതിയിൽ പഠനകൂട്ടായ്മ ഒരുക്കി. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ വിദൂരസ്ഥലങ്ങളായ ഊരുകളിൽ പുസ്തകസഞ്ചി എത്തിച്ചു. കുടുംബശ്രീയുടെ ഭാഗമായ ബ്രിഡ്ജ് സ്കൂളിൽ നാടക പരിശീലനം, ഐടിഡിപി അട്ടപ്പാടി, കില, സംസ്ഥാന ശിശു ക്ഷേമ വകുപ്പ്, അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റലുകളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി സംഘടിപ്പിച്ച നാടക പരിശീലന കളരി, എൻഎസ്എസ് ക്യാമ്പ്, സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ നാടക പരിശീലനം നൽകി. “ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിൽ അഭിനയിച്ചു.
പ്രിയനന്ദനൻ സംവിധാനം ചെയ്ത “ദബാരിക്കുരുവി’ സിനിമയിലൂടെ അട്ടപ്പാടിയിലെ നിരവധി ഗോത്ര കലാകാരൻമാർക്ക് അവസരമൊരുക്കി. “ദബാരിക്കുരുവി’യുടെ തിരക്കഥ ഒരുക്കി, അഭിനയിച്ചു. “നാടക്’ അട്ടപ്പാടി മേഖല പ്രസിഡന്റായിരുന്നു.