Saturday, July 27, 2024
Homeകേരളംഭാര്യയെയും മക്കളെയും വിഷം കുത്തിവച്ചു കൊന്നു; പ്രതിക്ക് മൂന്ന് ജീവപര്യന്തം.

ഭാര്യയെയും മക്കളെയും വിഷം കുത്തിവച്ചു കൊന്നു; പ്രതിക്ക് മൂന്ന് ജീവപര്യന്തം.

കൊല്ലം; വിവാഹേതരത ബന്ധമുണ്ടെന്നു സംശയിച്ച് ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും വിഷം കുത്തിവച്ച് ക്രൂരമായി കൊന്ന കേസിൽ യുവാവിന് മൂന്നു ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. ആറുലക്ഷം രൂപ പിഴയും ഒടുക്കണം. കുണ്ടറയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്ന മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേർഡിനെ (42)യാണ് കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സുഭാഷ് ശിക്ഷിച്ചത്. ഭാര്യ വർഷ (26), മക്കളായ അലൻ (2), ആരവ് (3 മാസം) എന്നിവരെയാണ് കുണ്ടറ കേരളപുരം ഇടവട്ടത്തെ വാടകവീട്ടിൽ വിഷമരുന്ന് കുത്തിവച്ച് കൊന്നത്. 2021 മെയ് 11നായിരുന്നു സംഭവം. അനസ്ത്യേഷയ്ക്കു മുമ്പ്‌ മസിൽ റിലാക്സേഷനു വേണ്ടി നൽകുന്ന ‘സൂക്കോൾ’ മരുന്നാണ്‌ കുത്തിവച്ചത്‌.

ഓരോ കൊലപാതകത്തിനും ജീവപര്യന്തവും രണ്ടുലക്ഷംരൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക മകൾക്കു നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരോവർഷം വീതം കഠിനതടവ് കൂടി അനുഭവിക്കണം. ജീവന് ഹാനിയാകുമെന്ന്‌ അറിഞ്ഞുകൊണ്ട് വിഷം കുത്തിവച്ചതിന് 328–-ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നെങ്കിലും പ്രത്യേകമായി ശിക്ഷയില്ല. രണ്ടു വർഷമായി കൊല്ലം സബ്ജയിലിലുള്ള പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും. സംഭവത്തിനുശേഷം ഇവരുടെ വീട്ടിൽനിന്ന് പത്തരപ്പവനും 8000 രൂപയും പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. ഇത് 18 വയസ്സാകുമ്പോൾ മൂത്തമകൾക്കു കൈമാറാനും നിർദേശിച്ചു. കുട്ടിയുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പുനരധിവാസം ഉറപ്പാക്കാൻ ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റിക്കും നിർദേശം നൽകി.

വിഷമരുന്ന്‌ കുത്തിവയ്ക്കുന്നത് നേരിൽക്കണ്ട മകളുടെ മൊഴി കേസിൽ നിർണായകമായി. അമ്മ വർഷയുടെ അച്ഛനമ്മമാർക്കൊപ്പമാണ് ഇപ്പോൾ മകളുള്ളത്. കുറ്റക്കാരനാണെന്ന് വിധിച്ച ദിവസം പൊട്ടിക്കരഞ്ഞ പ്രതി ശനിയാഴ്ച വിധി പ്രസ്താവം കേട്ടത് നിസ്സം​ഗതയോടെയായിരുന്നു. പുറത്തിറങ്ങി ബന്ധുക്കളുമായി സംസാരിച്ചു. അജിയെ കാണാൻ മകൾ കൂട്ടാക്കിയില്ല. അമ്മയെയും സഹോദരങ്ങളെയും കൊന്ന അച്ഛനെ കാണേണ്ടെന്നായിരുന്നു മകൾ പറഞ്ഞത്. ഇതോടെ അജി വികാരാധീനനായി. കോവിഡ് കാലത്ത് കേരളപുരത്തെ ഞെട്ടിച്ച കൂട്ട കൊലപാതകക്കേസിൽ അഡ്വ. ഷറഫുന്നീസ ബീ​ഗമായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. കുണ്ടറ എസ്എച്ച്ഒമാരായിരുന്ന സജികുമാറും തുടർന്ന്‌ ജയകൃഷ്ണനും അന്വേഷിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കി സിഐ മഞ്ജുലാൽ കുറ്റപത്രം സമർപ്പിച്ചു. എസ്ഐ അബ്ദുൽ അസീസ്, സിപിഒ അജിത് എന്നിവരായിരുന്നു പ്രോസിക്യൂഷൻ സഹായി.

കേരളപുരത്തെ ഞെട്ടിച്ചായിരുന്നു 2021 മെയ് 11ന് ഒരു കുടുംബത്തിന്റെ കൂട്ടമരണം പുറത്തുവന്നത്. അഞ്ചം​ഗ കുടുംബത്തിലെ അമ്മയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി, ഭർത്താവ് ​ഗുരുതരാവസ്ഥയിൽ, മൂത്തമകൾ രക്ഷപ്പെട്ടു എന്നായിരുന്നു ആദ്യ വിവരം. എന്നാൽ, ആ വാർത്തയ്ക്ക് അ​ധികം ആയുസുണ്ടായില്ല. ഭാര്യയെയും മക്കളെയും വിഷം കുത്തിവച്ച് കൊന്നതാണെന്ന് അടുത്ത ദിവസംതന്നെ തെളിഞ്ഞു. അജി മുറിയിൽ അബോധാവസ്ഥയിലാണെന്ന്‌ നടിച്ചു കിടന്നതാണെന്ന് ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായതോടെ ഡോക്ടറോട് കുറ്റസമ്മതം നടത്തുകയായിരുന്നു. അന്ന് അഞ്ചുവയസ്സുള്ള മൂത്ത മകൾ സ്വന്തം നിലയിൽ ജീവിക്കുമെന്ന്‌ കരുതിയാണ്‌ കൊല്ലാതിരുന്നതെന്നാണ് പ്രതിയുടെ മൊഴി.

പതിനഞ്ചു വർഷത്തിലേറെയായി കൊല്ലത്തെ വിവിധ മെഡിക്കൽ സ്റ്റോറുകളിൽ ജോലിചെയ്തിരുന്ന അജി സംഭവം നടക്കുമ്പോൾ കുണ്ടറയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു. മെഡിക്കൽ സ്റ്റോർ ഉടമയുടെ ഭർത്താവ് റിട്ട. വെറ്ററിനറി സർജൻ തൊട്ടടുത്ത്‌ ‌‌‌‌‌പെറ്റ് ഷോപ്പ് നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ പേഴ്സണൽ കിറ്റിൽനിന്നാണ് പ്രതി ‘സൂക്കോൾ’ മരുന്ന് കൈക്കലാക്കിയത്. ഇതു കുത്തിവച്ചാൽ പത്തുമിനിറ്റിനുള്ളിൽ ജീവൻനഷ്ടമാകുമെന്ന്‌ അറിയാമായിരുന്നു. സംഭവദിവസം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഭാര്യയെ അജി തള്ളിയിട്ടു. അബോധാവസ്ഥയിലായ ഭാര്യയെയും ഒപ്പമുണ്ടായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയും മുറിയിലെത്തിച്ചു. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരനെയും എടുത്തുകൊണ്ടുവന്നു. തുടർന്നാണ് മരുന്ന്‌ കുത്തിവച്ചത്. വാതിലിനിടയിലൂടെ ഇതെല്ലാം മൂത്തമകൾ കാണുന്നുണ്ടായിരുന്നു. മകളുടെ മൊഴി കേസിൽ നിർണായകമായി. കുത്തിവയ്ക്കാനുപയോ​ഗിച്ച സിറിഞ്ച് ക്ലോസറ്റിൽനിന്നാണ് കണ്ടെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments