Saturday, November 23, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 26, 2024 തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 26, 2024 തിങ്കൾ

🔹തന്റെ നേതൃത്വത്തിലുള്ള മൂന്നാംഘട്ട സര്‍ക്കാര്‍ ജൂണ്‍ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇപ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയാണെന്നും അത് സാക്ഷാത്കരിക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 41,000 കോടി രൂപയുടെ രണ്ടായിരത്തോളം റെയില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

🔹ഭിന്നശേഷിക്കാരുടെ സമഗ്രവികസനം പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന് മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സൃഷ്ടിയില്‍ ഭിന്നശേഷി ഉള്ളവരെ കൂടി ഉള്‍പ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔹മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് വഴിയില്‍ സിമന്റ് കയറ്റി വന്ന ലോറി പടയപ്പ എന്ന കാട്ടാന തടഞ്ഞു. ഇതേ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം ഈ റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയില്‍ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നില്‍ റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികള്‍ ബഹളം വച്ചതോടെയാണ് പടയപ്പ ജനവാസ മേഖലയില്‍ നിന്നും മാറിയത്.

🔹വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി. വടാനകവലയ്ക്ക് സമീപം വനമൂലികയില്‍ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ നാല് കൂടുകള്‍ സ്ഥാപിച്ചിരുന്നു. മൂന്നാമത് സ്ഥാപിച്ച കൂടിനോട് ചേര്‍ന്ന കെണിയിലാണ് കടുവ കുടുങ്ങിയത്. കടുവയെ ആദ്യം കുപ്പാടിയിലേക്ക് മാറ്റാനാണ് തീരുമാനം.

🔹പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ തിരുവനന്തപുരത്തെത്തും. ഐഎസ്ആര്‍ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മോദി ഉദ്ഘാടനം ചെയ്യും.

🔹ആലപ്പുഴയിലെ കാട്ടൂരുള്ള ഏഴാം ക്ലാസുകാരന്‍ പ്രജിത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിലെ കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെ മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വടികൊണ്ട് തല്ലിയതിനാണ് കേസ്. അധ്യാപകരുടെ ശിക്ഷാനടപടിയില്‍ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി.

🔹കൊയിലാണ്ടിയില്‍ മാരാമുറ്റം തെരുവിന് സമീപത്തുവെച്ച് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയില്‍വേ ഇന്‍സ്‌പെഷന്‍ കോച്ച് തട്ടിയാണ് അപകടം.

🔹സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്ന വിഎച്ച് പിയുടെ ഹര്‍ജിയില്‍ വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്ന് സിംഹങ്ങളെ പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലേക്ക് എത്തിച്ചത്. ആരാധനമൂര്‍ത്തികളുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുതെന്നും പേര് മാറ്റാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമായിരുന്നു വിഎച്ച്പി യുടെ ഹര്‍ജിയിലെ വാദം.

🔹വാരണാസി ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്തെ നിലവറകളില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. 30 വര്‍ഷത്തിന് ശേഷമാണ് നിലവറകളില്‍ പൂജ നടത്താന്‍ വാരണാസി കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

🔹അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ഏകദേശം 10 കിലോഗ്രാം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും ഇതിന് പുറമെ പണമായും ചെക്കായും ഡ്രാഫ്റ്റായും 25 കോടി രൂപയും ലഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രസ്റ്റിന്റെ ബാക്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകയുടെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാല്‍ ഇതു വഴിയുള്ള തുക ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇന്‍ ചാര്‍ജ് വ്യക്തമാക്കി. ക്ഷേത്രത്തില്‍ ലഭിച്ച സ്വര്‍ണവും വെള്ളിയും മറ്റ് അമൂല്യ ലോഹങ്ങളും ഉരുക്കി സൂക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്ര സര്‍ക്കാറിന്റെ നാണയ നിര്‍മാണ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

🔹നിഗൂഢതകള്‍ നിറച്ച് ക്രൈം ഡ്രാമ ത്രില്ലര്‍ ‘സീക്രട്ട് ഹോം’ ടീസര്‍. യഥാര്‍ഥ സംഭവ കഥയെ ആസ്പദമായി എടുത്ത ചിത്രം സംവിധാനം ചെയ്തത് അഭയകുമാര്‍ കെ ആണ്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിന്റെ നിര്‍മാണം. ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം എത്തുന്നത്.

🔹ഞെട്ടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ധനുഷ്. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം ‘രായനി’ല്‍ വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വന്‍ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും ചിത്രത്തില്‍ ഉണ്ടാകും എന്നതാണ് പുതിയ അപ്ഡേറ്റ്. അപര്‍ണ ബാലമുരളി രായന്‍ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടിട്ടുണ്ട്.

തയ്യാറാക്കിയത്
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments