ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഫലസ്തീനികൾക്കെതിരായ വംശഹത്യയാണെന്നും അഡോൾഫ് ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിന് തുല്യമാണെന്നും ബ്രസീലിയൻ പ്രസിഡൻറ് ലുല ഡാ സിൽവ. ആഫ്രിക്കൻ യൂനിയൻ ഉച്ചകോടിക്കായി എത്യോപ്യയിലെ അഡിസ് അബാബയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘ഗസ്സ മുനമ്പിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണ്. അത് സൈന്യം സൈന്യത്തിനെതിരെ നടത്തുന്ന യുദ്ധമല്ല, വൻ തയാറെടുപ്പ് നടത്തിയ സൈന്യവും കുട്ടികളും സ്ത്രീകളും തമ്മിലുള്ള യുദ്ധമാണ്. ഗസ്സ മുനമ്പിൽ ഫലസ്തീൻ ജനതക്കെതിരെ നടക്കുന്നത് ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും നടക്കാത്തതാണ്. ജൂതരെ കൊന്നൊടുക്കാൻ ഹിറ്റ്‌ലർ തീരുമാനിച്ചപ്പോൾ മാത്രമാണ് യഥാർഥത്തിൽ അത് സംഭവിച്ചത്’ -ബ്രസീലിയൻ പ്രസിഡൻറ് കുറ്റപ്പെടുത്തി.
ലുലയുടെ അഭിപ്രായത്തെ പ്രശംസിച്ച് ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘമായ ഹമാസ് രംഗത്തെത്തി. ഗസ്സ മുനമ്പിൽ ആളുകൾ അനുഭവിക്കുന്നതിന്റെ കൃത്യമായ വിവരണം എന്നാണ് ഈ പരാമർശങ്ങളെ ഹമാസ് വിശേഷിപ്പിച്ചത്. അതേസമയം, ലുല ഡിസിൽവയുടെ പരാമർശത്തിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. പരാമർശങ്ങൾ അപമാനകരവും ഗുരുതരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത് ഹോളോകോസ്റ്റിനെ നിസ്സാരവത്കരിക്കലും യഹൂദ ജനതയെയും സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെയും ദ്രോഹിക്കാനുള്ള ശ്രമവുമാണ്. ഇസ്രായേലിനെ നാസികളുമായും ഹിറ്റ്ലറുമായും താരതമ്യപ്പെടുത്തുന്നത് അതിര് കടക്കലാണ്. സമ്പൂർണ വിജയം വരെ ഇസ്രായേൽ സ്വയം പ്രതിരോധിക്കാനും ഭാവി ഉറപ്പാക്കാനും പോരാടുകയാണ്. അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അത് ചെയ്യുന്നത്’ -നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.