തിരുവനന്തപുരം: ടെക്‌നോപാർക്ക് ഫെയ്‌സ് മൂന്നിന്റെ ഭംഗി കൂട്ടി ഇനി “നയാഗ്ര’യും. ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രത്തിന്റെ ഭാഗമായ എംബസി ടോറസ് ടെക്‌സോണിന്റെ ആദ്യ ഓഫീസ് കെട്ടിടം ‘നയാഗ്ര’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം ചതുരശ്രയടിയുള്ള ആധുനിക ഓഫീസ് സമുച്ചയം പ്രവർത്തനം ആരംഭിക്കുന്നതോടെ ലോകോത്തര ഐടി കമ്പനികൾ തലസ്ഥാനത്തെത്തും. സെൻട്രം ഷോപ്പിങ് മാൾ, നോൺ-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസിനസ് ഹോട്ടൽ എന്നിവ ഉൾക്കൊള്ളുന്നതാണ് 50 ലക്ഷം ചതുരശ്രയടിയിൽ ഒരുങ്ങുന്ന ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം. ബാക്കിയുള്ള 40 ലക്ഷം ചതുരശ്രയടിയിലുള്ള കെട്ടിടവും ഉടൻ നിർമിക്കും.
11.45 ഏക്കറിൽ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ്‌സും എംബസി ഗ്രൂപ്പും പൂർത്തീകരിച്ച എംബസി ടോറസ് ടെക്സോൺ എന്ന അത്യാധുനിക ഓഫീസ് മൂന്ന് ദശലക്ഷം ചതുരശ്രയടിയിൽ അത്യാധുനിക സൗകര്യങ്ങളുള്ളതാണ്. ഇതിൽ 1.5 ദശലക്ഷം ചതുരശ്രയടി വീതമുള്ള രണ്ട് കെട്ടിടമാണുള്ളത്. ആദ്യത്തെ കെട്ടിടമായ നയാഗ്രയ്ക്ക് 13 നിലയുണ്ട്. ഏഴു നിലയിലായി 1350 കാർ പാർക്ക് ചെയ്യാനാകും. അടുത്ത ഘട്ടത്തിൽ 1.5 ദശലക്ഷം ചതുരശ്രയടികൂടി വികസിപ്പിക്കും.
നയാഗ്രയിൽ ലോകപ്രശസ്ത ഐടി കമ്പനികളും പ്രമുഖ ‘ഫോർച്യൂൺ 100’ കമ്പനികളും ദീർഘകാല പാട്ടവ്യവസ്ഥ അടിസ്ഥാനത്തിൽ പ്രവർത്തിക്കും. 85 ശതമാനവും വിവിധ കമ്പനികൾ ഏറ്റെടുത്തുകഴിഞ്ഞു. ചടങ്ങിൽ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ്‌സ് കൺട്രി എംഡി അജയ് പ്രസാദ്, പ്രസിഡന്റ് എറിക് ആർ ജിൻബൗട്ട്, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഐടി സെക്രട്ടറി രതൻ യു ഖേൽകർ, അസെറ്റ് ഹോംസ് എംഡി സുനിൽ കുമാർ തുടങ്ങിയവരും ഉദ്‌ഘാടനച്ചടങ്ങിന്റെ ഭാഗമായി. ശശി തരൂർ എംപി ഓൺലൈനായി പങ്കെടുത്തു. തുടർന്ന് നയാഗ്രയുടെ ആറാം നിലയിലെ ഇക്വിഫാക്സ് ഓഫീസ് മുഖ്യമന്ത്രി സന്ദർശിച്ചു.