ലങ്കാവി സ്കൈ കാബ്
ലങ്കാവിയുടെ വശ്യ സൗന്ദര്യം എന്ന് പറയുന്നത് തന്നെ കേബിൾ കാറിലൂടെ ഉള്ള യാത്രയാണ്.ദൃശ്യവിസ്മയം പകരുന്ന യാത്ര എന്ന് നിസ്സംശയം പറയാം.
കടലിനോട് ചേർന്ന് ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന അങ്ങേയറ്റം ഉയരം കൂടിയഒരു പർവതത്തിന്റെ മുളകിലേക്കാണ് കാർ സഞ്ചാരികളെ പൊക്കി കൊണ്ടു പോകുന്നത്.ഏറ്റവും നീളം കൂടിയ മോണോ കേബിൾ കാർ ആണ് ഇത്. സമുദ്രനിരപ്പിന് 708 മീറ്റർ ഉയരത്തിൽ .2200മീറ്റർ ആണ് ഇതിന്റെ നീളം.അടിത്തട്ടിൽ നിന്നും മുകളിലേക്ക് എത്താൻ എടുക്കുന്ന സമയം ഏകദേശം പതിനഞ്ച് മിനിറ്റ് മാത്രം. 2023 ലാണ് ഇത് ഔദ്യോഗികമായി തുറന്നത്.മൂന്ന് സ്റ്റേഷനുകൾ ആണ് അതിനുള്ളത്. ബേസ് സ്റ്റേഷനും മിഡിൽ സ്റ്റേഷനും ടോപ് സ്റ്റേഷനും.ശക്തമായ കാറ്റോ മഴയോ വന്നാൽ ടോപ് സ്റ്റേഷനിൽ പോകില്ല എന്ന് ആദ്യമേ തന്നെ അവർ അറിയിച്ചിരുന്നു. ചുറ്റുമുള്ള വനം, വെള്ളച്ചാട്ടം, കടലിൻറെ കാഴ്ച…. വിസ്മയകാഴ്ചകൾ തന്നെ.
ടോപ് സ്റ്റേഷനിൽ നിന്ന് ബ്രിഡ്ജിലേക്ക് പ്രവേശനം അനുവദിക്കുന്ന ഒരു പർവ്വത പാതയും ഉണ്ട്. അതാണ് ടോപ് മോസ്റ്റ്.ഇവിടെയുള്ള ഗ്ലാസ് ബ്രിഡ്ജിലൂടെ ഉള്ള യാത്രയും ആഴമേറിയ ഗർത്തത്തിലേക്കുള്ള കാഴ്ചയും കൗതുകമുണർത്തുന്നതാണ്.
ബാലി പെണ്ണിന്റെ മനസ്സും അവിടുത്തെ കാലാവസ്ഥയും ഒരു പോലെയാണെന്ന് എസ്. കെ. പൊറ്റക്കാട് എഴുതിയതാണ് എനിക്ക് ഓർമ്മ വന്നത് ഇവിടത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ കണ്ടപ്പോൾ. ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ നല്ല വെയില്; ദാ ,വരുന്നു നിനച്ചിരിക്കാതെ പെട്ടെന്ന് ഒരു മഴ;പിന്നെ ശക്തമായ കാറ്റ്. മഴയും വെയിലും കാറ്റും എപ്പോഴും മാറി മാറി വന്നു കൊണ്ടേയിരുന്നു.
പല തരം ഗണ്ടോലകൾ ഉണ്ട്.360° ഡിഗ്രി യിൽ ഉള്ളതിൽ കയറിയാൽ ചുറ്റുമുള്ള കാഴ്ചകൾ കാണാം.35തരം വ്യത്യസ്ത ഗണ്ടോളകൾ ഉണ്ട്. ഏത് വേണമെങ്കിലും നമുക്ക് തിരഞ്ഞെടുത്ത് കയറാം.ആദ്യത്തെ സ്റ്റേഷനിലിറങ്ങി അവിടുന്നുള്ള കാഴ്ചകളൊക്കെ കണ്ടു. അത് കഴിഞ്ഞ് നമ്മൾ ക്യൂ നിന്ന് അടുത്ത ഗണ്ടോലയിൽ കയറി അടുത്ത സ്റ്റേഷനിലേക്ക് പോകുന്നു. നേരെ നോക്കുമ്പോൾ കുന്നും മലയും മാത്രം.താഴെ നീലയും പച്ചയും നിറത്തിലുള്ള വെള്ളം. കുത്തനെയുള്ള കയറ്റം കയറുമ്പോൾ ഒരു ഭീതി തോന്നും.കാറ്റിന് അനുസരിച്ച് ഗണ്ടോളകൾ ആടുന്നുണ്ട്.പിന്നെ നമ്മുടെ പുറകിലും മുമ്പിലും ഇഷ്ടംപോലെ ടൂറിസ്റ്റുകൾ ഇതുപോലെ വരുന്നതും പോകുന്നതും കാണുമ്പോൾ ഒരു ആശ്വാസം. നമ്മുടെ വീട്ടിൽ കറന്റ് പോയാൽ നമ്മൾ ആദ്യം നോക്കുക തൊട്ടടുത്ത വീട്ടിൽ കറന്റ് ഉണ്ടോയെന്നാണ്. അവർക്കും ഇല്ലെന്ന് അറിയുമ്പോഴുള്ള ഒരു ആശ്വാസം പോലെ.
മിഡിൽ സ്റ്റേഷനിൽ രണ്ട് വ്യൂ പോയിന്റുകൾ ഉണ്ട്.പക്ഷേ ഞങ്ങൾ എത്തിയപ്പോഴേക്കും അവിടെ മുഴുവൻ മഞ്ഞുമൂടി തുടങ്ങിയിരുന്നു.അവിടെ ഇറങ്ങിയപ്പോൾ ഈഗിൾ സ്ക്വയറിൽ കണ്ടതുപോലെ തന്നെ ഒരു ഈഗിൾ പ്രതിമയുടെ പണി അവിടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നുണ്
അത് കഴിഞ്ഞു ടോപ് സ്റ്റോപ്പ് സ്റ്റേഷനിലെത്തി. താഴേക്കുള്ള കാഴ്ചയും ദ്വീപുകളും അതൊക്കെ നമുക്ക് അവിടെ നിന്ന് നോക്കിയാൽ കാണാൻ കഴിയും.ഇതൊക്കെ ഒരു സ്വപ്നമോ യാഥാർത്ഥ്യമോ എന്നൊക്കെ ഒരു നിമിഷം കൺഫ്യൂഷൻ വരും.
ജോയ് സി. ഐ., തൃശ്ശൂർ.
അവിടം മുഴുവൻ മഞ്ഞു മൂടി കഴിഞ്ഞിരുന്നതു കൊണ്ട് തന്നെ സ്കൈ ബ്രിഡ്ജ് തുറന്നു കൊടുത്തില്ല.മഞ്ഞു കൊണ്ട് ഞങ്ങൾക്ക് പരസ്പരം കാണാൻ പറ്റാത്ത അവസ്ഥ വരെയായി.കുറച്ചു സമയം അവിടെ ചെലവഴിച്ച് താഴോട്ടേക്ക് തന്നെ വരാനായി അടുത്ത ഘണ്ടോളയിൽ കയറി.
കുത്തനെ താഴോട്ട് വരുമ്പോൾ ഇതിന്റെ സ്പീഡ് നിയന്ത്രിക്കുന്നത് എങ്ങനെയാണാവോയെന്ന് നമുക്ക് അത്ഭുതം തോന്നും.ചെവിയിലെ ഇയർ ബാലൻസ് ഇടക്കിടെ തകിടംമറിയുന്നതായി തോന്നും. താഴെ ഇറങ്ങി നേരെ സുവനീർ ഷോപ്പിലേക്ക്, അവിടുന്ന് ഇന്ത്യൻ റെസ്റ്റുറന്റിലേക്ക്.അവിടെ തന്നെ നടന്നാൽ കാണാൻ ഒരുപാട് കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ പാർക്കും ഒരു തടാകവും……
പിന്നെ ഞങ്ങൾ പോയത് ത്രീഡി ആർട്ട് മ്യൂസിയത്തിലേക്ക്.
21, 000 സ്ക്വയർഫീറ്റ് ഉള്ള ഒരു കെട്ടിടം മുഴുവനും ഓറിയൻറൽ വില്ലേജിൽ തന്നെ നൂറോളം ത്രീഡി പെയിൻറിംഗ് ആർട്ടിസ്റ്റുകൾ വരച്ചത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ചിത്രങ്ങളോടൊപ്പം നിന്ന് ഫോട്ടോകൾ എടുത്ത് നമുക്കും ആ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിയും എന്നതാണ് ഇതിൻറെ പ്രത്യേകത. എവിടെനിന്ന് പോസ് ചെയ്താൽ ആണ് നമുക്ക് ത്രീ ഡി എഫെക്റ്റ് കിട്ടുക എന്നറിയാൻ അവിടെ ഒരു വൃത്തം വരച്ചു വച്ചിട്ടുണ്ട്.
അവിടെ നിന്ന് വേണം ഫോട്ടോ എടുക്കാൻ. പണ്ട് തൃശൂർ എക്സിബിഷൻ വരുമ്പോൾ ഫോട്ടോ സ്റ്റുഡിയോയിൽ നമ്മളെ ബെഞ്ചിൽ ഇരുത്തി ഫോട്ടോ എടുക്കും.
2മണിക്കൂറിനകം പ്രിന്റ് തരുമ്പോൾ നമ്മൾ ഇരിക്കുന്നത് വലിയഏതെങ്കിലും കാറിലോ വിമാനത്തിലോ ആയിരിക്കും. അതാണ് പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത്.എൻറെ കൊച്ചുമക്കൾ എയ്താനും ഇയാനും സന്തോഷം കൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് അറിയാത്ത ഒരു അന്തംവിട്ട അവസ്ഥയിലായി.അവസാനം ഫോണിലെ ചാർജ് തീർന്നു തുടങ്ങി. എന്നാൽ അവരോ, ഈ ആർട്ട് ഗാലറിയിൽ നിന്ന് ഫോട്ടോ എടുപ്പ് അവസാനിപ്പിച്ച് ഇറങ്ങാനും തയ്യാറായിരുന്നില്ല.
പിന്നെ അവിടെ തന്നെ ഒരു 10 മിനിറ്റ് നേരത്തെ ത്രീഡി ആർട്ട് പെയിൻറിംഗ് ഉൾപ്പെടുത്തിയുള്ള ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ 10 മിനിറ്റ് നേരം കണ്ടു.
പിന്നീട് ഞങ്ങൾ പോയത് സ്കൈ റെക്സ് -ഡൈനോസർ ഷോ കാണാൻ ആണ് . ഞങ്ങൾ 6പേരെയും ഒരു ബഗി വാൻ പോലുള്ള കാറിൽ കയറ്റി ഒരു തിയേറ്ററിൽ എത്തിച്ചു.എല്ലാവർക്കും വയ്ക്കാൻ 3 ഡി കണ്ണടയും. 15 മിനിറ്റ് നേരം കൊണ്ട് ഡൈനോസർ പാർക്കിൽ കൂടി പോകുന്ന പ്രതീതി പ്രേക്ഷകർക്ക് ഉണ്ടാകും.സാധാരണ ത്രീഡി സിനിമ കാണുമ്പോൾ മുമ്പിൽ മാത്രമാണ് സ്ക്രീൻ ഉള്ളത്.
നമ്മൾ ഇരിക്കുന്നതിന് നാലുചുറ്റും സ്ക്രീനാണ്. അതൊരു പ്രത്യേക അനുഭവം തന്നെ ആയിരുന്നു. ഇയാന് എല്ലാ ഡൈനോസറുകളുടെയും പേര് നിശ്ചയം ഉള്ളതുകൊണ്ട് അതൊക്ക വിളിച്ചു പറയുന്നുണ്ടായിരുന്നു.
പിന്നെ പോയത് പാന്തായ് ചേനാങ് ബീച്ചിൽ. സൂര്യാസ്തമയം ഈ ബീച്ചിലെ മനോഹരമാണെന്ന് കേട്ടിട്ടുണ്ട്.
അതുകൊണ്ടാണ് അവിടേക്ക് പോയത്.പിന്നെ അവിടെ ഉള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്ക് പോയി. അവിടെനിന്ന് ഇഷ്ടംപോലെ ചോക്ലേറ്റും ആൾക്കഹോളും എല്ലാം വാങ്ങിച്ചു കൂട്ടി. റേറ്റ് ഇവിടെ ഒരുപാട് കുറവാണ്.രാത്രി മണി ഏഴര ആയാലെ ഇവിടെ സൂര്യൻ അസ്തമിക്കു.എയ്താനും ഇയാനും മണ്ണിൽ കൂടാരം ഉണ്ടാക്കി കളിച്ചു കുറേ സമയം.അപ്പോഴേക്കും നല്ല രീതിയിലുള്ള മഴയും കാറ്റും തുടങ്ങി. കാറ്റ് എന്ന് പറഞ്ഞാൽ നിസ്സാര കാറ്റൊന്നുമല്ല. അവിടെ ഉള്ള ഒട്ടു മുക്കാൽ ഫ്ലെക്സ് പോലുള്ള സാധനങ്ങൾ പറപ്പിച്ചു കൊണ്ടുപോകും.നമ്മൾ ആരെ പ്രതീക്ഷിച്ചാണോ അവിടെ എത്തിയത് ആ ആളെ മാത്രം കാണാൻ കഴിഞ്ഞില്ല.സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ചു കളിക്കുകയായിരുന്നു.അവിടെത്തന്