കാർമേഘം മൂടിയ ഉച്ചനേരത്തും വേഗതയിൽ കറങ്ങുന്ന പങ്ക അയാളുടെ വേവ് മാറ്റിയില്ല. തളത്തിൽ നിന്നും റൂമിലേക്കും റൂമിൽ നിന്നും തളത്തിലേക്കും അയാൾ പതിയെ നടന്നു. ഉള്ളിലേക്ക് നീറ്റലായി ചിന്തകൾ കിനിഞ്ഞ് ഇറങ്ങി. ഒരു നീറ്റൽ തൊണ്ടക്കുഴിയിലേക്ക് ഇഴഞ്ഞിറങ്ങുമ്പോൾ അയാൾ ലേശം വെള്ളം കുടിച്ചു. ഇറായത്തുള്ള ചാരുകസേരയിൽ ഒരു നിമിഷം ഇരുന്നു. പതിയെ തിരിഞ്ഞ് വാതിൽപ്പടിയിലേക്ക് നോക്കി. കാഴ്ച മങ്ങിയ കണ്ണിലൂടെ മിന്നായം പോലെ ഒരാളെ കണ്ടുവോ. പതിയെ എഴുന്നേറ്റ് വാതിൽപ്പടിയിലേക്ക് നടന്നു. നിറം മങ്ങിയ പടികളിൽ വിരലുകൾ ഓടിച്ചു. വെളിച്ചം കുറഞ്ഞ ഇടനാഴിയിലൂടെ അടുക്കളയിലേക്ക് നടന്നു. കാർമേഘങ്ങൾ ഒരു മഴയാകാതെ വിങ്ങലായി നിന്നു. ഉള്ളിൽ ഓർമ്മകൾ ഇടിയും മിന്നലുമായി. ഒരു പേമാരിപോലെ കണ്ണുകൾ നിറഞ്ഞു. നിറം മങ്ങിയ അടുക്കളയിൽ അയാൾ കാഴ്ച മങ്ങിയ കണ്ണുകൾ കൊണ്ട് എന്തോ പരതി. നിറം കെട്ട ഒരു പാത്രത്തിലേക്ക് കണ്ണുകൾ ചുരത്തിയപ്പോൾ അയാൾ വിവശനായി. അടുക്കളപ്പടിയിൽ കുറേനേരം തളർന്നിരുന്നു. പുറത്ത് പെയ്യാൻ മറന്ന കരിമേഘങ്ങൾ കലമ്പൽകൂട്ടി. ശോഷിച്ച കൈകൾ കൊണ്ട് അടുക്കളപ്പടിയിൽ അയാൾ സാവധാനം തടവി കൊണ്ടിരുന്നു. പെയ്യില്ല എന്ന് വാശിപിടിക്കുന്ന ഒരു പേമാരി അയാളുടെ മനസ്സിൽ നിറഞ്ഞു നിന്നു. ഒന്ന് ഉറക്കെ കരയാനാകാത്ത വേദന ഓർക്കാപ്പുറത്ത് വെട്ടുന്ന വെള്ളിടിയായി അയാളെ മൂടി. പുറത്ത് തണുത്ത കാറ്റ് മൂളി. അയാളുടെ ശോഷിച്ച നെഞ്ചിൻകൂടിലേക്ക് തണുപ്പ് ഇരച്ചു കയറി. ഒരു ദീർഘനിശ്വാസം ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു. ഉള്ളിൻ്റെയുള്ളിൽ അയാൾ ആരോടോ സംസാരിച്ചു കൊണ്ടിരുന്നു. ഒരു തുള്ളി പോലും പെയ്തൊഴിയാതെ വിങ്ങുന്ന മുറ്റത്തേക്ക് അയാൾ ഇറങ്ങി. തേഞ്ഞു പോയ അയാളുടെ കാൽമുട്ടുകൾ കലമ്പൽകൂട്ടി. കിഴക്കേകോണിൽ നിൽക്കുന്ന ചെമ്പകത്തിൻ്റെ ചുവട്ടിലേക്ക് അയാൾ പതിയെ നടന്നു. ചെമ്പകം അയാളോട് കുസൃതിയോടെ ചിരിച്ചു. ചെമ്പകപ്പൂവിൻ്റെ മണത്തിൽ അയാൾ സ്വയം പൂത്തു. ശ്വാസഗതി അയാളുടെ നെഞ്ചിൻ കൂടിന് താങ്ങാനാവാത്തവണ്ണം തീഷ്ണമായി. ഒരു കിതപ്പോടെ അയാൾ തെക്കോട്ടു നോക്കി. തടിതിരിഞ്ഞ തൈത്തെങ്ങിൻ്റെ കുഞ്ഞോലകൾ അയാളോട് സ്വകാര്യം പറഞ്ഞു. അമ്പതു വർഷം പങ്കുവച്ച ഏതെല്ലാം വികാരങ്ങളാണ് അവർ പങ്ക് വച്ചത് .ചെറിയ അരഭിത്തി ചാടിയാലെ തൊടിയിലെ തെങ്ങിൻ്റെയടുത്തേക്ക് എത്താനാകൂ. അയാളുടെ തേഞ്ഞമുട്ടും വിങ്ങുന്ന ഹൃദയവും പിന്നോട്ടു വലിച്ചു .എന്നിട്ടും ഏന്തി വലിഞ്ഞ് അയാൾ തെങ്ങിനെ തഴുകി. തെങ്ങോലകൾ ഇളം കാറ്റിൽ അയാളുടെ നെറ്റിയിൽ തലോടി .
” സാറ് ,ചാടി വരണ്ടായിരുന്നു .തുളവീണ ഹൃദയത്തെ കൂടുതൽ പരീക്ഷിക്കണ്ട ”
തെങ്ങോലയിലൂടെ ഈ സ്നേഹസ്വരം തെറിച്ചു വീണപ്പോൾ അയാൾ വിങ്ങിപ്പൊട്ടി. കണ്ണും മാനവും പെയ്തു. നനഞ്ഞ മനസ്സും ശരീരവുമായി ഇറയത്തേക്ക് അയാൾ കയറി. മുറ്റത്ത് വെള്ളത്തുള്ളികൾ കുത്തി നടന്നു. പിന്നെ അയാളുടെ ഉള്ള് പോലെ മുറ്റം നിറഞ്ഞു .നനഞ്ഞു കുതിർന്ന തെങ്ങോലകളും അയാളെ നോക്കി പെയ്തിറങ്ങി.
ഇറായത്തെ കസേരയിൽ അയാൾ ഇരുന്നു. തിമിരം കൈയടക്കിയ കാഴ്ചയിലും അയാൾക്ക് പുറകിൽ ഒരു രൂപം നിന്നു. അയാൾ തിരിഞ്ഞ് ഇടനാഴിയിലേക്ക് നോക്കി.
” സാർ വിഷമിക്കണ്ട, രമേശൻ്റെ മോന് മെഡിക്കൽ കോളേജിൽ കിട്ടിയതല്ലേ . പത്തമ്പതു ലക്ഷം ചിലവാകില്ലേ. വീട് വിൽക്കാതെ തെണ്ടാൻ പറ്റുമോ? ”
അയാൾ രൂക്ഷമായി നോക്കി
” സാറ് എന്നോട് ചൂടാകണ്ട. അവന് എണ്ണിച്ചുട്ടിയ അപ്പം പോലെ ശമ്പളമല്ലേ ഉള്ളൂ .സ്വന്തം ഇഷ്ടപ്രകാരം കെട്ടിയതിനാൽ അവൾക്കും ഒന്നുമില്ല. രണ്ട് പിള്ളേരും പഠിക്കുന്നവർ .ഇളയവനും മെഡിസിന് കിട്ടും .”
അയാൾക്ക് ഇഷ്ടമായില്ല
” സാറിന് ഇഷ്ടമായില്ല എന്നറിയാം .നമുക്ക് രമേശൻ മാത്രമല്ലേ ഉള്ളൂ .സാറിൻ്റെ പിടിവാശി കാരണമാണ് അവൻ ഇതുവരെ ക്ഷമിച്ചത് .ഗ്രേസി യുടെ ഓപ്പറേഷനും കീമോയ്ക്കും കുറേ കാശായില്ലേ .അവന് ഒത്തിരി കടവും ഉണ്ട് .”
എന്നാലും എനിക്ക് ഈ വീട് വിട്ട് മറ്റൊരു ജീവിതമുണ്ടോ ?.എൻ്റെ സ്വപ്നവും ജീവിതവും ഈ വീടല്ലേ .
” ഒന്നിനെയല്ലേ ദൈവം തന്നുള്ളൂ. അതിൻ്റെ സന്തോഷമല്ലേ സാറ് നോക്കണ്ടത് . എവിടെയായാലും ഞാൻ അവിടെ കാണില്ലേ. ഈ ചെമ്പകത്തിലോ, പട്ടട തെങ്ങിലോ, വീട്ടിലോ ആണോ ഞാൻ. ഞാൻ ആത്മാവല്ലേ. സർവ്വവ്യാപിയല്ലേ .”
അയാൾക്ക് അരിശം വന്നു. എന്നും എപ്പോഴും അയാളുടെ വേദനകളെ അവൾ തത്വം പറഞ്ഞ് മാറ്റും. വെറുതേ വീട്ടിലിരുന്ന് ഭാഗവതവും ഗീതയും വായിച്ചതിൻ്റെ കുഴപ്പം .
” എന്നെ വഴക്കു പറയുകയല്ലേ .
‘വെറുതേ ഗീതയും പറഞ്ഞ് വരുന്നു, വേദനിക്കുന്നവനല്ലേ അറിയൂ അതിൻ്റെ ദു:ഖം എന്ന് .,
ഇങ്ങനെയൊക്കെപ്പറഞ്ഞ് .”
അയാൾക്ക് എപ്പോഴും അരിശം വരുന്നത് ഇതിലാണ്. അയാൾ മനസ്സിൽ കാണുന്നതിന് അവൾ മറുപടി പറയും .
പിന്നെയും അവൾ പലതും പറഞ്ഞു. അവളുടെ മോനെ ന്യായീകരിച്ചു .എല്ലാത്തിനും അവൾക്ക് ന്യായീകരണമുണ്ടല്ലോ. അവളുടെ അസുഖം കൈവിട്ടു പോയി എന്ന് അറിഞ്ഞ് തളർന്നപ്പോഴും അവൾ ഗീതയായിരുന്നല്ലോ ആയുധമാക്കിയത് .എന്നിട്ടും എനിക്ക് ഗീത മനസ്സിലാവുന്നില്ലല്ലോ?. ശരീരം വസ്ത്രമാണെന്നും ആത്മാവ് മരിക്കില്ലെന്നുമുള്ള സത്യം .
” അതിന് നല്ല മനസ്സിൽ വായിക്കണം. ഇല്ലാത്ത വിപ്ലവവും ചുമന്ന് ദൈവങ്ങളെ പുച്ഛിച്ച് നടന്നാൽ പോര ”
എനിക്ക് വായിൽ തെറിയാണ് വന്നത്. എന്നാൽ ഒന്ന് തെറി വിളിക്കാനോ പിണങ്ങാനോ ആരുമില്ലാത്ത ഭൂമിയെ ഓർത്തപ്പോൾ ഞാൻ തേങ്ങിപ്പോയി . ഉറക്കെയുറക്കെക്കരഞ്ഞുപോയി .ഒരു പേമാരിയും എനിക്കൊപ്പം ഓരിയിട്ടു.
” ആണായിട്ടും വിപ്ലവകാരിയായിട്ടും ഇങ്ങനെ കരയുന്നത് കൊറച്ചിലല്ലേ സാറേ, മരിച്ചാലും മനുഷ്യന് സ്വസ്ഥത തരാതെ വേദനിപ്പിക്കാനായി ”
പിന്നെയവൾ ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ നിറയുമ്പോൾ അവൾ സ്വയം ഉരുകി മാഞ്ഞു പോകില്ലേ. അതല്ലേ അയാൾ സ്വയം മറന്ന് അവളെ സ്നേഹിച്ചു പോയത് .
Dr. അനിൽ കുമാർ.S. D
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)