കൂട്ടുക്കാര്‍ ഒത്തുകൂടിയാല്‍ പിന്നെ അവിടെ പാട്ടും, കൊട്ടും കൈതാളവുമായി ശബ്ദമുഖിരി തമാണ്. കൂട്ടത്തില്‍ പാട്ടുപാടാന്‍ മിടുക്കന്‍ ഗോപാല കൃഷ്ണനാണ്. അതുകൊണ്ട് പാട്ടുകൂട്ടങ്ങള്‍ ഗോപാല കൃഷ്ണനുവേണ്ടിയുള്ള പിടിവലിയിലാണ്. കൂടാതെ ചന്ദ്രൻ തമിഴ് പാട്ടുകളും , മൊയ്തു ഹിന്ദി പാട്ടുകളും നന്നായി പാടും. താളം പിടിയ്ക്കാൻ മിടുക്കൻ ജോയിയാണ്. തബല,ഹാര്‍മോണിയം തുടങ്ങിയ ഉപകണങ്ങള്‍ ആവിശ്യമില്ല എന്നതുകൊണ്ട് എവിടേയും,എപ്പോഴും ഒത്തുകൂടാം.
സാധാരണ താളം പിടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നത് മേശ,കസേര ,പാത്രങ്ങള്‍ മുതലായവയാണ്. പിന്നെ കൈയിൽ കിട്ടിയതെന്തും ഉപകരണങ്ങളാണ് .കൂട്ടത്തില്‍ രവിയ്ക്ക് പാട്ടുപാടാന്‍ അതിയായ മോഹം. തന്റെ ആഗ്രഹം ആരോടും പറയാതെ തന്നില്‍ മാത്രമായി ഒളിപ്പിച്ചു. എന്നാലും പറമ്പിലെ തെങ്ങിന്‍ തടത്തില്‍ പ്രഭാത ചടങ്ങുകള്‍ നിർവഹിക്കുന്നതോടൊപ്പം തന്നാല്‍ കഴിയും വിധം നല്ല ശബ്ദത്തിൽ പാടാന്‍ ശ്രമിച്ചുവന്നിരുന്നു. ആകാലത്താണ് ശങ്കരാഭരണം സിനിമ തിയ്യറ്ററുകളിൽ ഇറങ്ങിയത് രവിയും ആ സിനിമ കാണാന്‍ പോയിരുന്നു. സിനിമയിൽ ഒരു പെൺകുട്ടി സ്വരശുദ്ധി വരുത്താൻ വെള്ളത്തിൽ കഴുത്തോളം മുങ്ങി നിന്ന് സാധകം ചെയ്യുന്നതുകണ്ട് അതൊന്ന് പരീക്ഷിയ്ക്കാൻ തീരുമാനിച്ചു.
പിറ്റേന്ന് തന്നെ പുലർച്ചക്ക് വീടിന്റെ തെക്കേലെ കുളത്തിലേക്ക് എടുത്ത്ചാടി കഴുത്തിനൊപ്പം നിലയുള്ളടത്ത് നിന്ന് പാടാൻ ശ്രമിച്ചു. രാത്രിയിലെ മഞ്ഞിൽ തണുത്തിരുന്ന വള്ളത്തിൽ നിന്ന് പാടിയപ്പോൾ ചുണ്ടുകളും , ശരീരം മുഴുവനുമായും വിറച്ച് അത് ഒരു അപശബ്ദമായിമാറി. ഈസമയത്താണ് തെക്കേതിലെ കുമാരേട്ടൻ വേലിയ്ക്കരുകെയുള്ള തെങ്ങിൻ തടത്തിൽ വെളിയ്ക്ക് ഇരുന്നിരുന്നത്. പൊതുവെ പേടികാരനായ അദ്ദേഹം പുലർക്കാല നിശബ്ദതയിൽ ഒരു ഭയങ്കര ശബ്ദവും കൂടെ ഒരു അപശബ്ദവും കേട്ടപ്പോൾ അയ്യോ അമ്മേ എന്നുപറഞ്ഞ് കരഞ്ഞു വീട്ടിലേയ്ക്ക് ഓടി. പിന്നെ പനി പിടിച്ച് കിടപ്പിലായി.
കാരൃങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ അതൊന്ന് കണ്ടുപിടിയ്ക്കണമല്ലൊ എന്നായി ഭാര്യ കല്ലൃാണിയ്ക്ക്. പിറ്റേന്ന് നേരത്തെ എഴുന്നേറ്റ് പറമ്പിൽ നിൽല്പായി. സാധകം ഇന്ന് അധികനേരം ചെയ്യണമെന്ന് മനസ്സിലുറപ്പിച്ച് രവി പിറ്റേന്ന് വീണ്ടും കുളത്തിലേയ്ക്ക് എടുത്തു ചാടി . വെള്ളത്തിലേയ്ക്ക് ചാടുമ്പോഴുള്ള വലിയ ശബ്ദവും കൂടെ അപശബ്ദവും കേട്ട് കല്ലൃാണി നോക്കുമ്പോൾ കണ്ണുകളടച്ച് കുളത്തിൽ നിന്ന് രവി പാടുന്നതാണ് കണ്ടത്.പിന്നെ കല്ലൃാണിയുടെ തെറിയഭിഷേകമായിരുന്നു ചെക്കന് കുളിയ്ക്കാൻ കണ്ടൊരു സമയം.നിന്റെ കഴുതരാഗം കേട്ട് പേടിച്ചു കുമാരേട്ടന് പനി പിടിച്ച് കിടപ്പിലായി. അപ്പോഴാണ് തൻെറ പാട്ടുകാരണം കുമാരേട്ടൻ പനി പിടിച്ച് കിടപ്പിലാണ് എന്ന് അറിയുന്നത്. അതോടെ കുളത്തിലെ പരിപാടി വേണ്ടന്നുവെച്ചു. എന്നാലും തന്നിലെ പാട്ടുകാരനെ പുറത്തെടുക്കണമെന്നത് ഒരു വാശിയായിരുന്നു. അതിനായി ഒരു ഭാഗവതരുടെ അടുത്തുപോയി പാട്ടു പരിശീലനം ആരംഭിച്ചു .
ഭാഗവതരുടെ ഉപദേശപ്രകാരം ഒരു പഴയ ഹാർമ്മോണിയം വാങ്ങി. വീട്ടിലെ ജനലുകളും,വാതിലും അടച്ചിട്ട് അതിരാവിലെ രവി പാടാൻ തുടങ്ങി. സാ… രീ… ഗാ… മാ… അപ്പോഴാണ് വാതിൽക്കൽ ഭയങ്കര തട്ടും മുട്ടും. രവി മെല്ലെ വാതിൽ തുറന്നു നോക്കി.പുറത്തു അമ്മ തന്നെ ദയനീയമായി നോക്കിനിൽക്കുന്നു, എന്നിട്ടൊരു ചോദ്യവും “എന്താ മോനെ നിലവിളിക്കണേ?”
ഇത് കേട്ടത്തോടെ സങ്കടവും, ദേഷ്യവും, ഒക്കെവന്ന് സഹിക്കാൻപറ്റാതെ ഹാർമണിയം എടുത്ത് ഒരു ഏറ്കൊടുത്തു.
അതോടെ പാട്ടുകാരൻ ആകാനുള്ള മോഹത്തിനു സമാപ്ത്തിയായി.