Sunday, June 16, 2024
Homeസ്പെഷ്യൽകവിയും ചിത്രകാരനും കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിലെ വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം മേധാവിയുമായ...

കവിയും ചിത്രകാരനും കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിലെ വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം മേധാവിയുമായ ഫാ.ഡോ. സുനിൽ ജോസുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം (അഭിമുഖ പരമ്പര -11)

ഡോക്ടർ തോമസ് സ്കറിയ

ചിത്രകാരനും വൈദികനും അധ്യാപകനുമായ കവിയാണ് ഫാ.ഡോ. സുനിൽ ജോസ്. പ്രശസ്തമായ കോഴിക്കോട് ദേവഗിരി കോളേജിൻ്റെ വൈസ് പ്രിൻസിപ്പലുമാണ് അദ്ദേഹം . കണ്ണൂർജില്ലയിലെ മാങ്ങോട് ജനിച്ച സുനിൽ ജോസ് വാക്കുകളെ വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ഒരു കവിയാണ്. ഒഴുക്കിലൊറ്റപ്പെട്ട് തുഴഞ്ഞു പോകുന്ന ഒരാൾ അദ്ദേഹത്തിൻ്റെ കവിതകളിലുണ്ട്. ഒച്ച എന്ന വാക്കിൻ്റെ ആവർത്തനവും കവിതയിലുണ്ട്. അനീതിയോടിടയുന്ന വിരൽത്തുമ്പിനാൽ കവിത ചമയ്ക്കുന്ന ഡോ. സുനിൽ ജോസുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം .

(അഭിമുഖ പരമ്പര 11)

ഉത്തരാധുനികത കവിതയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. –
ഡോ. സുനിൽ ജോസ്

ചോദ്യം 1

കവി, ചിത്രകാരൻ അധ്യാപകൻ, നിരൂപകൻ, വൈദികൻ എന്നിങ്ങനെ ഒന്നിലേറെ മേഖലകളിൽ ഒരേ സമയം പ്രവർത്തിക്കുന്ന ഒരാളാണ് ഡോ. സുനിൽ ജോസ്. തിരക്കുകൾക്കിടയിൽ സർഗ്ഗാത്മക ജീവിതത്തെ എങ്ങനെ പൂരിപ്പിക്കുന്നു?

ജീവിതത്തെ എന്നും വിസ്മയത്തോടെ കാണാനാണ് എനിക്കിഷ്ടം. നിരന്തരം ആവർത്തിക്കുന്നതെങ്കിലും പുതിയതായി എന്തെങ്കിലുമൊക്കെ ഓരോ ദിനവും സമ്മാനിക്കുന്നുണ്ട്. ഇലയും പൂവും മരവും മനുഷ്യനും ഒക്കെ പുതിയ എന്തോ ഓരോ ദിവസവും പങ്കുവെക്കുന്നുണ്ട് .ഇത്തരം കൗതുകങ്ങൾ അന്വേഷിക്കുമ്പോഴാണ് ജീവിതം കൂടുതൽ മനോഹരമാകുന്നത് . തിരക്കുകൾക്കിടയിലാണ് ഒരുപക്ഷേ ഒരാൾക്ക് ഏറ്റവും അധികം സർഗാത്മകമാകാൻ കഴിയുക. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഇടവേളകളില്ലാതെയുള്ള ഓട്ടത്തിനിടയിൽ എവിടെയോ ഞാൻ മുമ്പ് പറഞ്ഞ ഈ കൗതുകത്തിന്റെ ഒറ്റ നിമിഷം ഒരാൾ കണ്ടെത്തുന്നുണ്ട് . അത് ഉള്ളിലിരുന്ന് പതിയെ കവിതയോ ചിത്രമോ ഒക്കെയായി രൂപപ്പെടുകയാണ് എന്നതാണ് അനുഭവം.വലിയ ആലോചനകളോ മുന്നൊരുക്കങ്ങളോ കൂടാതെ സംഭവിച്ചവയാണ് എന്റെ കവിതകളിലധികവും.

ചോദ്യം 2

കവിത എനിക്ക് കടഞ്ഞെടുത്ത വാക്കല്ല; കളഞ്ഞു കിട്ടിയ നിധിയാണ് എന്നു എഴുതിയിട്ടുണ്ടല്ലോ. എന്താണങ്ങനെ എഴുതാനുണ്ടായ സാഹചര്യം?

പൂവുകൾകൊണ്ട് പൂരിപ്പിക്കേണ്ട ഇടങ്ങൾ എന്ന സമാഹാരത്തിനു ശേഷം ഇരുപുറത്തിൽ കവിയാതെ പിന്നെയും എന്ന രണ്ടാമത്തെ കവിത സമാഹാരവുമായി എത്തുമ്പോഴാണ് കവിത എനിക്ക് എന്താണ് എന്ന ഒരു അന്വേഷണം കുറിപ്പിൽ ചേർത്താൽ കൊള്ളാമെന്നു തോന്നിയത്. അതിൽ ഞാൻ എഴുതിയ വാക്കുകളാണിവ. “കവിത എനിക്ക് കടഞ്ഞെടുത്ത വാക്കല്ല കളഞ്ഞു കിട്ടിയ നിധിയാണ്. മരങ്ങൾ ഇലപൊഴിക്കും പോലെ, മൗനത്തിലും മഴയിലും മുന്നറിയിപ്പുകൾ ഇല്ലാതെ അത് സംഭവിക്കുന്നു.വയലിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തിയവന്റെ ആനന്ദം തന്നും അതിലേറെ അസ്വസ്ഥമാക്കിയും ചിലപ്പോൾ കൂടെ വരുന്നു. ബലപ്രയോഗത്തിന്റെ വഴിയോ വാക്കോ ഇതിൽ ഉണ്ടാവില്ല. മുദ്രാവാക്യത്തിന്റെ മൂർച്ചയോ തീർച്ചയോ കാണില്ല. കവിതയിൽ നിറഞ്ഞുനിൽക്കുന്ന ജീവിതത്തെയും, ജീവിതത്തിൽ വിരുന്നെത്തുന്ന കവിതയെയും കണ്ടില്ലെന്ന് നടിച്ചിട്ടുമില്ല” ഇങ്ങനെയാണ് എഴുതിയത്.

ചോദ്യം 3

കവിതകളിലൊക്കെയും വീട് ,യാത്ര, പക്ഷി, പറക്കൽ, മഴ, വെയിൽ, കാറ്റ്, മരം ഇതൊക്കെ ആവർത്തിക്കുന്നുണ്ട്. എന്താണതിനെക്കുറിച്ചു കവിക്ക് പറയാനുള്ളത്?

മനുഷ്യൻറെ സ്മൃതികളുടെ അഗാധങ്ങളിൽ എവിടെയോ പ്രകൃതിയോടുള്ള ഒരു മമതയുണ്ട്. പക്ഷേ എല്ലാവരിലും അത് പ്രണയത്തോളം എത്തണമെന്നില്ല. തികച്ചും സാധാരണമായ ചില കാഴ്ചകൾക്കു മുമ്പിൽ വിസ്മയത്തോടെ നിന്നു പോയിട്ടുണ്ട്. സിദ്ധാർത്ഥനും ബുദ്ധനും ഇടയിൽ ഒരു ആൽമരത്തിന്റെ അകലമേ ഉള്ളൂ എന്ന് വായിച്ചത് അടുത്താണ്. ഏതൊരാളുടെയും ഉള്ളിൽ വർത്തമാനകാലത്തിന് കരുത്താവുന്ന ചില ഭൂതകാല ചിത്രങ്ങൾ ഉണ്ടാവും. അതിൽ നിറയെ ബാല്യമോ വീടോ പുഴയോ കാറ്റോ ഒക്കെ ഉണ്ടാകും വർഷങ്ങൾക്കുശേഷം അവ ചിത്രശലഭത്തെ തേടി നടന്ന് തളർന്നിരിക്കുന്ന കുഞ്ഞിൻറെ ചുമലിൽ വന്നിരിക്കുന്ന ശലഭത്തെ പോലെ നമ്മെ തേടി വരികയാവാം ഒരാളുടെ എഴുത്തിലും കവിതയിലും.

ചോദ്യം 4

നീണ്ട കവിതകളല്ല സുനിൽ ജോസ് എഴുതുന്നത്. കാച്ചിക്കുറുക്കിയ കവിതകൾ. കവിതയുടെ ഹ്രസ്വരൂപത്തോട് ഇഷ്ടം തോന്നാൻ കാരണമെന്താണ്?

കാലാകാലങ്ങളില്‍ കവിതയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ബൃഹദാഖ്യാനങ്ങളും ഏകാധിപത്യപരമായ പറച്ചിലും പോയി. കവിത ആഖ്യാനപരമായി സ്വയം പുതുക്കിയെടുത്തു. അനാവശ്യമായ അലങ്കാരങ്ങളുടെ തൊങ്ങലുകളും ആടയാഭരണങ്ങളും പാടേ ഉപേക്ഷിച്ചു. ജീവിതത്തിന്റെ സന്ദേഹങ്ങളും സംഘര്ഷണങ്ങളും ആവാഹിക്കാന്‍ കഴിയുന്ന പുതിയ ഒരു കാവ്യശൈലി/ഭാഷ കണ്ടെടുക്കാനുള്ള ശ്രമങ്ങളുണ്ടായി. എന്താണ് കവിത എന്തെല്ലാമാണ് ഒരു കവിതയെ കവിതയാക്കുന്നത് കവിത എങ്ങനെ ഉണ്ടാകുന്നു എവിടെ നിന്നു വരുന്നു കവിത ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ അനിവാര്യമായ സാമഗ്രികള്‍ എന്തൊക്കെ കവിതയുടെ ഭൂതവര്ത്തങമാനഭാവികാലങ്ങള്‍ എന്തൊക്കെ ? കവിത പലര്ക്കും പലതാണ്. വിനോദം, വിശേഷം, രുചിക്കുന്ന വിഭവം, വിലാപം, വിപ്ലവം, വിശപ്പിനപ്പം, ലോകത്തോടുള്ള വിളിച്ചുപറയല്‍, അനുഭവം, ആവിഷ്ക്കാരം, നിര്വൃംതി, നിതൃവൃത്തി, പേര്, പ്രശസ്തി, പണം, പദവി, മഹിമ, ചോറ്, നിവൃത്തികേട്. കവിത പലമയുടെതാണ്. വ്യത്യസ്തതരം ജോലി ചെയ്യുന്നവര്‍ കവികളായി. ഭാഷാപരമായ സാധ്യതകള്‍ പരീക്ഷിക്കാനുള്ള വ്യഗ്രതകളുണ്ടായി. വ്യക്തിപരമായ സ്വകാര്യാനുഭവങ്ങളുടെ ആവിഷ്കരിക്കലായി കവിത. പ്രപഞ്ചത്തിന്റെയും സത്യത്തിന്റെയും നിഗൂഢതയെ അനേ്വഷിക്കാന്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ അടയാളപ്പെടുത്താന്‍, വ്യക്തിപരമായ വേദനയും ആകാംക്ഷയും പ്രകടിപ്പിക്കാന്‍, ഭാഷയെ പുനരുദ്ധരിക്കാനും പുനരുജ്ജീവിപ്പിക്കാനും, മരണത്തെ വെല്ലുവിളിക്കാനും കവിതകള്‍ ഉണ്ടായി. കവിതയില്‍ വൈയക്തികാംശവും സാമൂഹികാംശവും രണ്ട്‌ ചിറകുകളായി. ചിത്രം, ശില്പം, നാടകം, സിനിമ, പുത്തൻ കലാരൂപങ്ങള്‍ ഇവയില്നി‌ന്നെല്ലാം പ്രചോദനങ്ങളും ഊർജ്ജവും നേടി കവിത. ഭാഷ വ്യവഹാരമാണ്. കവിത ഭാഷാവ്യവഹാരമാണ്, ഭാഷ സാമൂഹത്തിന്റെ ഉല്പ്പരന്നമാണ്. അതിനാല്‍ കവിത വ്യക്തിപരമാകുമ്പോള്ത്ത ന്നെ, സൂമൂഹികവ്യവഹാരമായി നിലനില്ക്കു ന്നു. കവിതയില്‍ ഓരോ വാക്കും ഓര്മ്മകയുടെ ഒരു ആർക്കൈവ് ആയി മാറുന്നു. ഉത്തരാധുനികത കവിതയില്‍ ആവിഷ്ക്കാരവൈവിധ്യം കൊണ്ടുവന്നു .ഭാഷയ്ക്കുള്ളിലെ പുതിയ ഭാഷ സൃഷ്ടിക്കാനുള്ള ശ്രമം ധാരാളമായി കവിതയിലുണ്ടായിക്കൊണ്ടിരിക്കുന്നു.

ചോദ്യം 5

ഇന്ന് സൈബർ ലോകം സജീവമാണല്ലോ. കവികൾക്ക് വലിയ സാധ്യതകൾ അവ തുറന്നു കൊടുക്കുന്നു അതേ സമയം അതിൻ്റേതായ പ്രശ്നങ്ങളും ഉണ്ട്. അതിനെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്റര്നെ്റ്റ് നല്കിുയ അവസരം ഒരു ജനസമൂഹം തങ്ങളുടെ സ്വതന്ത്രമായ ആവിഷ്കാരങ്ങള്ക്ക് ഉപയോഗിച്ചുതുടങ്ങി. അച്ചടിയിലും ടെലിവിഷനിലും ആസ്വാദകര്ക്ക് കവിതയിൽ നേരിട്ട് ഇടപെടാന്‍ കഴിയില്ല . ഇത്തരമൊരു സന്ദര്ഭരത്തിലാണ് അച്ചടിയുടെയും (എഴുത്ത്) ടെലിവിഷന്റെയും (കാഴ്ച) സവിശേഷതകളെ ഒരേസമയം ഉള്ക്കൊഅണ്ടുകൊണ്ട് ഇന്റര്നെ റ്റ് പ്രചാരം നേടുന്നത്. ബ്ലോഗുകവിതയിലെ എഴുത്തിടങ്ങളിൽ വായനക്കാർക്കും (പ്രതികരണങ്ങള്‍, പോസ്റ്റുകള്‍, ലൈക്കുകള്‍, വിമർശനങ്ങള്‍, മറുപടികള്‍) സവിശേഷമായ ഇടപെടൽ സാദ്ധ്യമാകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. വ്യക്തിഭാഷകളുടെ സാന്നിധ്യം, വർദ്ധി ച്ചു വരുന്ന ഇംഗ്ലീഷ് പദങ്ങള്‍, നേരിട്ട് ഇടപെടുന്ന തരത്തിലുള്ള ഭാഷ ഇവയൊക്കെ ചേര്ന്ന് മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായ ഒരു വിനിമയ ഭാഷ (പലപ്പോഴും മൊഴിവഴക്കങ്ങൾ കൊണ്ട് സമ്പുഷ്ടമായത്) സൃഷ്ടിക്കാൻസൈബർ കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട് . നാട്യങ്ങളില്ലാത്ത ഒരു തുറന്നെഴുത്തായും വരേണ്യസാഹിത്യത്തിന്റെ കൃത്രിമ ഗൗരവം ചോര്ത്തി ക്കളഞ്ഞ ഭാഷയായും അത് തിരിച്ചറിയപ്പെട്ടിട്ടുണ്ട് .
പൊതുവായനാ സമൂഹത്തിലൂടെ അവ ടെസ്റ്റ് ചെയ്യപ്പെടുന്നില്ല . അതുകൊണ്ട് തന്നെ എന്തെഴുതിയാലും സുഹൃത്തുക്കള്‍ അഭിനന്ദിക്കുന്നതിനാൽ സ്വയം വിമർശനത്തിന്റെ അഭാവത്തിൽ രൂപപരമായ ശ്രദ്ധക്കുറവ്ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ് . പൊതുവേദികളോടുള്ള ഒരു തരം ഭീതി അത് പുച്ഛമായും അതിവിനയമായും സൈബർ കവിതകളിൽ കാണാം ഭൂതകാലഭാരം തീരെയില്ലാതെ പുതിയ ബിംബങ്ങള്‍, അസ്സോസ്സിയേഷനുകള്‍, ഗദ്യതാളങ്ങള്‍, ഘടനകള്‍, വാഗ്സംയുക്തങ്ങള്‍, ലജ്ജയില്ലാതെ തന്നെ ഇംഗ്ലീഷിന്റെ ഉപയോഗം, വ്യത്യസ്തമായ പ്രകൃതിയുടെയും സംസ്കൃതികളുടെയും സാന്നിധ്യം ഇവയൊക്കെ കവിതകള്‍ പുതിയൊരു ടെക്ച്ചർ നകുന്നു. രൂപസ്വാച്ഛന്ദ്യം, ബിംബങ്ങളുടെ മൗലികത, ഓര്മ്മ്കളുടെ ആധികാരികത, ഒരു പുതിയ ഭാഷയ്ക്കായുള്ള ശ്രമം ഇത്തരം സവിശേഷതകള്‍ ബ്ലോഗ് കവിതയുടെ സവിശേഷതകളായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .
മാറുന്ന മാധ്യമത്തിന്റെ സാധ്യതകളെ സ്വന്തമാക്കി പുതിയ വാക്കും വഴിയും നിർമ്മിച്ച് വര്ത്തയമാനത്തെക്കുറിച്ചുവെച്ചും ഭാവിയെ ലക്ഷ്യം വച്ചും പുതുകവിത മുന്നേറുകയാണ്. കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകള്‍ അതിന് അധികഭാരമാകുന്നില്ല . ആടയാഭരണങ്ങള്‍ നിറഞ്ഞ പഴയ ഭാവുകത്വത്തിന്റെ ആലങ്കാരികഭാഷയെ അത് കുടഞ്ഞെറിയുന്നു. പുതിയ സ്വാതന്ത്ര്യത്തിന്റെ വാമൊഴി വഴക്കത്തെയും ആരെയും കൂസാത്ത തുറന്നെഴുത്തിനെയും ഏകതാനതയെ ചെറുത്തുനിക്കുന്ന പലമകളെയും അത് സ്വന്തമാക്കുന്നു. അത്തരം കാവ്യസാധ്യതകള്ക്ക് ഇന്റര്നെിറ്റ് എന്ന നവമാധ്യമത്തിലെ ബ്ലോഗിടം ഏറെ സഹായകമാകുന്ന കാഴ്ചയാണ് പുതുകാലത്തിന്റെ കാവ്യവര്ത്ത മാനം.

ചോദ്യം 6.

ചിത്രകാരനായ കവിയാണ്. അതിനാൽ കവിതയിൽ നിറയെ ചിത്രങ്ങളുണ്ട്. ചിത്രം വരയ്ക്കാനുള്ള ഇഷ്ടത്തെക്കുറിച്ച് ഒന്നു വിവരിക്കാമോ?

കുട്ടിക്കാലം മുതലേ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് .സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാതലങ്ങളിൽ മത്സരത്തിൽ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് സ്ഥിരമായി വീട്ടിൽ എത്താറുണ്ടായിരിക്കുന്ന ഒരു ജ്ഞാന വൃദ്ധനാണ് ചിത്രങ്ങളെല്ലാം ക്രമമായി സൂക്ഷിക്കാൻ എന്നോട് പറഞ്ഞത് അങ്ങനെ ഞങ്ങൾ ചെമ്പോട്ടിക്കൽ ആശാൻ എന്ന് വിളിക്കുന്ന ആ വലിയ മനുഷ്യന്റെ നിർബന്ധവും പ്രോത്സാഹനവും എന്നിലെ ചിത്രകാരന് വളരാനുള്ള ആദ്യത്തെ നിലമൊരുക്കി. പിന്നീട് പുരോഹിതനായപ്പോഴും പൗരോഹിത്യജീവിതത്തിന്റെ നാൾവഴികളിൽ സെമിനാരികളിലും ധാരാളം പ്രോത്സാഹനവും സൗഹൃദ സഹായങ്ങളും ഉണ്ടായിട്ടുണ്ട് .കാർപ് (carp ) എന്ന പേരിലുള്ള ചിത്രകാരന്മാരുടെ സംഘടനയുടെ ഭാഗമാണ് ഇന്ന് കൂടുതൽ കലയിൽ ഏർപ്പെടുന്നത് . പരസ്പരം പ്രോത്സാഹിപ്പിച്ചും കലയുടെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തും കല കലഹങ്ങൾക്ക് അപ്പുറം മനുഷ്യനെ ഒന്നിപ്പിക്കുന്ന വലിയ ഒരു ഊർജ്ജമാണ് എന്ന് തിരിച്ചറിഞ്ഞു ഞങ്ങൾ കമ്പനി ഓഫ് ആർട്ടിസ്റ്റ് ഫോർ റേഡിയൻസ് ഓഫ് പീസ് (കാർപ് ) എന്ന മൂവേമെന്റിനു രൂപം നൽകിയത് . വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ അതിൻറെ ഭാഗമാണ് .സമാധാനവും സൗഹൃദവും സമൂഹത്തിൽ കൂടുതൽ വേരോടേണ്ടതിന്റെ ആവശ്യകതയും കലക്ക് അതിൽ എന്ത് ചെയ്യാനാകും എന്ന് അന്വേഷണവും ഒക്കെയാണ് ഈ ഒരു പ്രവർത്തനങ്ങളുടെ പിമ്പിൽ. കുട്ടികൾക്കുവേണ്ടി സ്റ്റുഡൻസ് ആര്ട്ട് ഫോർ പീസ് (sap) എന്ന വിഭാഗവും അതിനുണ്ട് . വിവിധ സ്കൂളുകൾ സന്ദർശിച്ചു കുട്ടികളെ ചിത്രങ്ങൾ വരയ്ക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് കലയിലൂടെ പരസ്പരം കൈകോർക്കാൻ, പ്രകൃതിയെ തിരിച്ചറിയാൻ, സ്വയം മനസ്സിലാക്കാൻ ഒക്കെ അവരെ സഹായിക്കുന്ന തരത്തിലുള്ള വർക്ക്ഷോപ്പികളും ക്യാമ്പുകളും ആണ് ഞങ്ങൾ സംഘടിപ്പിക്കുന്നത്.

ചോദ്യം 7

പൂവുകൾ കൊണ്ടു പൂരിപ്പിക്കേണ്ട ഇടങ്ങൾ,ഹുയാൻസാങിൻ്റെ കൂട്ടുകാരി എന്നിങ്ങനെ കവിതാസമാഹാരങ്ങളുടെ ശീർഷകങ്ങൾ പോലും കാവ്യാത്മകമാണ്. അവയൊക്കെയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ശീർഷകങ്ങളിലേക്കെത്തുന്നതെങ്ങനെയാണ്?

ഒരുപക്ഷേ ഒരു പുസ്തകത്തിലേക്ക് ഒരാളെ ആകർഷിക്കുന്നത് അതിൻറെ ശീർഷകം തന്നെയാണ് .കവിതയാകട്ടെ നമുക്ക് പറയാനാവാത്തതിനെ , മറ്റൊരു വിധത്തിലും ആവിഷ്കരിക്കാൻ ആവാത്തതിനെ ആവിഷ്കരിക്കുന്ന ഒരു മാധ്യമം എന്ന നിലയിൽ പറയാതെ പറയേണ്ട കുറെയധികം കാര്യങ്ങൾ അതിൻറെ ശീർഷകത്തിൽ ഉണ്ടാകണം എന്ന് തോന്നിയിട്ടുണ്ട് .അതുകൊണ്ട് കൃത്യമായ ധാരണയോടും തെരഞ്ഞെടുപ്പോടും കൂടിയാണ് കവിത പുസ്തകങ്ങൾക്ക് വ്യത്യസ്തമായതും കൗതുകം കലർന്നതുമായ ശീർഷകങ്ങൾ തിരഞ്ഞെടുത്തത്.

തയ്യാറാക്കിയത്:

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments