Sunday, June 23, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 9) 'ക്രൂരനായ വേട്ടക്കാരൻ'

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 9) ‘ക്രൂരനായ വേട്ടക്കാരൻ’

റെക്സ് റോയി

അദ്ധ്യായം 9
ക്രൂരനായ വേട്ടക്കാരൻ

” ബിസിനസ് ലോകം അങ്ങനെയാണ് തോമസേ, മുഴുവൻ ചതിയും തട്ടിപ്പും വഞ്ചനയുമൊക്കെ തന്നെയാണ്. നേരെ വാ നേരെ പോ പരിപാടിയൊന്നും ബിസിനസുകാരെക്കൊണ്ടു നടക്കൂല്ല”. ചിരിച്ചുകൊണ്ടാണ് ഗൗതം മുതലാളി അത് പറഞ്ഞത്. ഇത്തവണ അദ്ദേഹം മുറിക്കുള്ളിലേക്ക് വന്നത് ഒറ്റയ്ക്കാണ്. അംഗരക്ഷകർ പുറത്തു കാത്തു നിൽപ്പുണ്ടെന്ന് എനിക്കുറപ്പാണ്.
എന്തുകൊണ്ടാണ് അദ്ദേഹം ഒറ്റയ്ക്ക് അകത്ത് വന്നത് ? അംഗരക്ഷകർ കേൾക്കരുതാത്ത എന്തെങ്കിലും പറയാൻ വേണ്ടിയിട്ടാണോ ? അതിന്റെ ആമുഖമായിരുന്നോ ഈ പറഞ്ഞത് ? അതോ എന്നിലുള്ള വിശ്വാസം കൂടിയതുകൊണ്ടോ ? അല്ലെങ്കിലും ആജാനുബാഹുവായ ഈ തെരുവ് പോരാളിയെ അശുവായ ഞാൻ എന്ത് ചെയ്യാൻ !
” ഒന്നുകിൽ മറ്റുള്ളവരെ ചതിച്ച് മുന്നോട്ട് പോകുക അല്ലെങ്കിൽ മറ്റുള്ളവരാൽ ചതിക്കപ്പെട്ട് നശിച്ചുപോകുക. അതാണ് ഇവിടുത്തെ നിയമം.”
ഇദ്ദേഹം എന്തിനുള്ള പുറപ്പാടാണ് ? എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ? ഒട്ടൊരു ആശങ്കയോടെ ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
” ഞാൻ രാജ് ഡിസ്റ്റിലറീസ് സ്വന്തമാക്കിയ കഥ തോമസിന് അറിയാമോ ? മഹേഷിന്റെ കുടുംബ ബിസിനസ്സായിരുന്നു അത് ? ഏറ്റവും പോപ്പുലറായ ഇന്ത്യൻ മെയ്ഡ് സ്കോച്ച് വിസ്കി. അവൻെറ വിസ്കി കാരണം എൻ്റെ വിസ്കി ഒരു തുള്ളി വിൽക്കാൻ പറ്റുന്നില്ലായിരുന്നു . താങ്കൾക്ക് അറിയാമോ തോമസ്, ആ ബ്രാൻഡ് വാങ്ങിച്ചെടുക്കുവാൻ വേണ്ടി ഞാൻ അവന്മാരുടെയൊക്കെ കാലു പിടിച്ചു. യഥാർത്ഥ വിലയുടെ മൂന്നിരട്ടി കൊടുക്കാമെന്ന് പറഞ്ഞു. അവന്മാർക്ക് ഈഗോ ! പൂട്ടേണ്ടി വന്നാലും എനിക്ക് വിൽക്കില്ലത്രേ ! അവര് വലിയ കുടുംബക്കാര് ! പരമ്പരാഗത ബിസിനസ്സുകാര് ! ഞാൻ വെറും ഏഴാം കൂലി വാറ്റുകാരന്റെ മകൻ. അവരുടെ കുടുംബ ബിസിനസ് എന്നെപ്പോലൊരുത്തന് കൊടുക്കില്ലത്രേ ! ” അദ്ദേഹം പല്ലിറുമ്മുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാം.
” എന്നിട്ടിപ്പോ എന്തായി ? അവരുടെ കമ്പനി ഇപ്പോൾ എവിടെയാണ് ? എവിടെപ്പോയി അവന്റെ വിസ്കി ? പൊടിപോലുമില്ല കണ്ടുപിടിക്കാൻ. കേട്ടിട്ടില്ലേ തോമസേ?”
ഒന്നു നിർത്തിയിട്ട് അദ്ദേഹം തുടർന്നു ” അവൻ്റെ പുസ്തകത്തിൽ അവൻ എന്തൊക്കെയാ എഴുതി വെച്ചിരിക്കുന്നത് ? ലോകത്തൊരുത്തനും അവൻ്റെയത്രയും അനുഭവ പരിചയമില്ലത്രേ ! എന്നിട്ട് എവിടെപ്പോയി അവന്റെ അനുഭവ പരിചയം മുഴുവൻ ? തൂത്തുവാരി ചവറ്റുകൊട്ടയിൽ ഇട്ടു കളഞ്ഞു? ഹഹഹ.”

ഞാൻ ഒരു ഞെട്ടലോടെയാണ് ഇതെല്ലാം കേട്ടിരുന്നത്. രാജ് ഡിസ്റ്റിലറീസ്. അവരുടെ സ്കോച്ച് വിസ്കി ആയിരുന്നു ഇന്ത്യയിൽ ഏറ്റവും അധികം വിറ്റിരുന്ന ഇന്ത്യൻ മെയ്ഡ് സ്കോച്ച് വിസ്കി . എന്നാൽ ഒരിക്കൽ ആ വിസ്കി കഴിച്ച ഒരുപാട് പേർ മരണപ്പെടുകയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാവുകയും ചെയ്തു. ഒരു പ്രീമിയം ബ്രാൻഡ് ആയിരുന്നതുകൊണ്ടു തന്നെ സമൂഹത്തിലെ ഉന്നതരായിരുന്നു ആ വിസ്കിയുടെ ഉപഭോക്താക്കൾ. മരണപ്പെട്ടതും ആശുപത്രിയിലായതുമെല്ലാം സമൂഹത്തിലെ ഉന്നതരായതുകൊണ്ടുതന്നെ വളരെയധികം മാധ്യമശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു അത്. വൻ നിയമ പോരാട്ടങ്ങളും സമരങ്ങളും ഒക്കെ നടന്നിരുന്നു. ഒടുവിൽ രാജ് ഡിസ്റ്റിലറീസ് പൂട്ടിപ്പോയി. അതോ ആരോ വാങ്ങിച്ചെടുത്ത് പേരു മാറ്റുകയായിരുന്നോ ? ങാ എന്തായാലും !
” സാർ പക്ഷേ അവർ വ്യാജമദ്യം ……?”
” ഹഹഹ, വ്യാജമദ്യമോ ? ഞാൻ നോട്ടുകെട്ടുകൾ എറിഞ്ഞ് അവന്മാരുടെ മണ്ടയ്ക്കുള്ളവന്മാരെ മുഴുവൻ കുപ്പിയിൽ വീഴ്ത്തി . അവന്മാരാണ് ആ പണി ഒപ്പിച്ചത്.”
ഞാൻ ഞെട്ടിപ്പോയി
” സർ ഇങ്ങനെയൊക്കെ എഴുതിയാൽ സാറിനും പണി വരില്ലേ ?”
” എന്തു പണി വരാൻ.” താങ്കൾ ധൈര്യമായിട്ട് എഴുതിക്കോ. അല്ലേൽ വേണ്ട. മദ്യവ്യവസായമാണ് എന്റെയും ജീവിതമാർഗം. ഞാൻ വ്യാജ മദ്യം ഉണ്ടാക്കി എന്നറിഞ്ഞാൽ എൻ്റെ ബിസിനസിനെയും ബാധിക്കും. അതുകൊണ്ട് അങ്ങനെ എഴുതണ്ട.”
അദ്ദേഹം അൽപനേരം എന്തോ ആലോചിച്ചു കൊണ്ട് നിന്നു.
” ഒരു കാര്യം ചെയ്യ് തോമസ്, അവർ വ്യാജ മദ്യമാണ് ഇറക്കുന്നത് എന്ന് എനിക്ക് അറിവുണ്ടായിരുന്നെന്നും പക്ഷേ ഞാൻ ബോധപൂർവ്വം മിണ്ടാതിരുന്നു എന്നും കാച്ചിക്കോ.”
” പക്ഷേ സാർ, അങ്ങനെ എഴുതിയാലും എന്തെങ്കിലും നിയമപ്രശ്നം ഉണ്ടാവാൻ സാധ്യതയില്ലേ ?”
” എന്ത് നിയമ പ്രശ്നം ? അതൊക്കെ സെറ്റിൽഡായ കാര്യങ്ങൾ അല്ലേ ? ഇനി ആരെങ്കിലും അത് കുത്തിപ്പൊക്കിക്കോണ്ടു വന്നാലും ഞാൻ അത് ഡീൽ ചെയ്തോളാം. പിന്നെ ഇതൊരു നോവലല്ലേ ? എന്തെങ്കിലും പ്രശ്നമുണ്ടായാൽ , ആരോ താങ്കൾക്ക് തെറ്റായ വിവരങ്ങൾ നൽകി എഴുതിച്ചതാണെന്ന് അങ്ങ് പറഞ്ഞാൽ പോരെ ?”
” എന്നാലും ഈ കഥ നോവലിൽ ഉൾപ്പെടുത്തണമെന്ന് സാർ നിർബന്ധം പിടിക്കുന്നതിന്റെ ……”
” അതെയ് തോമസ്, ….. ചില ഡീലുകൾ വരുന്നുണ്ട്. എൻെറ അടുത്ത് കളിച്ചാൽ പണി കിട്ടും എന്ന് എല്ലാവരുമൊന്ന് അറിഞ്ഞിരുന്നോട്ടെ.”

ഓ, ഭീഷണിപ്പെടുത്താൻ.

” പക്ഷേ സാർ, നോവൽ പ്രസിദ്ധീകരിച്ചു കിട്ടാൻ മാസങ്ങളുടെ താമസം വരും.”
” ആ ഡീലുകളും അങ്ങനെ തന്നെയാണ് തോമസ് . മാസങ്ങൾ കഴിഞ്ഞുള്ള കാര്യങ്ങളാണ്.”
ദീർഘവീക്ഷണം ! കൊള്ളാം ! ചുമ്മാതല്ല ഇദ്ദേഹം ഇത്ര വലിയ ഒരു വ്യവസായിയായി മാറിയത്.
” സർ, ആ രാജ് ഡിസ്റ്റിലറീസിന് ശരിക്കും എന്തു സംഭവിച്ചു?”
” അത് ഞാൻ വാങ്ങി. എൻ്റെ ബിനാമിയെ വെച്ച് . ഹഹഹ”
” പക്ഷേ സാർ, അവരുടെ പേര് കളഞ്ഞു കുളിച്ച ശേഷം അത് വാങ്ങിച്ചെടുതത്തുകൊണ്ട് പ്രയോജനം എന്തെങ്കിലുമുണ്ടോ , നഷ്ടം വരികയല്ലേ ഉള്ളൂ ?”
” തോമസ് നിങ്ങൾക്കൊരു ബിസിനസ് സെൻസ് ഇല്ലാതെ പോയല്ലോ! മറ്റാരെങ്കിലും അതു വാങ്ങി അതിനെ പൊക്കിയെടുത്തോണ്ടു വന്നാൽ പിന്നെയും എനിക്ക് പണിയാവില്ലേ ? അതുകൊണ്ട് ഞാൻ അതിനെ വാങ്ങി താഴ്ത്തിയിട്ടിരിക്കുന്നു. കുടിക്കുന്നവൻ എപ്പോഴും കുടിച്ചു കൊണ്ടിരിക്കും. ഒരു ബ്രാൻഡ് കിട്ടുന്നില്ലെങ്കിൽ മറ്റൊരു ബ്രാൻഡിലേക്ക് അവൻ ചുവടു മാറും. എൻെറ ബ്രാൻഡിലേക്ക് . അല്ലാതെ അവരൊന്നും കുടി നിർത്തിപ്പോകത്തൊന്നുമില്ല.”
” വെടക്കാക്കി തനിക്കാക്കുക എന്ന് പറയുന്നതു പോലെ , അല്ലേ സാർ?”
” ഹഹഹ” അദ്ദേഹം പൊട്ടിച്ചിരിച്ചു.
” ഇത് എഴുതുമ്പോൾ …..”
” ങാ , ഇതെഴുതുമ്പോൾ, മഹേഷിനെയും അവൻ്റെ കുടുംബത്തെയും രക്ഷിക്കുവാൻ വേണ്ടി ഞാൻ പുറകിൽ നിന്ന് സഹായിച്ചു എന്ന രീതിയിൽ കാച്ചിക്കോ. പിന്നെ ആ വിസ്കി കൊള്ളുകേലാത്തതായതുകൊണ്ടാണ് ഇത്രയും പണം മുടക്കി മേടിച്ചിട്ടും ഞാനത് പ്രമോട്ട് ചെയ്യാത്തത് എന്നും കൂടെ സൂചിപ്പിച്ചേരേ.”
അന്തം വിട്ടുനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
” ഞാൻ പറയുന്നത് കേൾക്കുന്നില്ലേ തോമസ് ?”
” … ഉണ്ട് സാർ, അങ്ങനെ എഴുതിക്കോളാം സർ .”

‘ക്രൂരനായ വേട്ടക്കാരൻ’ അതെ, അതാണ് ഈ നോവലിനു ചേരുന്ന തലക്കെട്ട്. പക്ഷേ ഇദ്ദേഹം എന്നെ കൊല്ലും. ഇദ്ദേഹത്തിന്റെ ഇരകളുടെ കാര്യമാണ് കഷ്ടം. ഞാനും ഒരു ഇരയാണല്ലോ. എന്തായാലും കൊള്ളാം ! ഒരു ഒന്നൊന്നര പണിയാണ് കിട്ടിയിരിക്കുന്നത്.

പെട്ടെന്നാണ് മറ്റൊരു കാര്യം ഓർത്തത്.
” സാർ അവർക്ക് എന്ത് സംഭവിച്ചു? ”
” ആർക്ക്?”
” രാജ് ഡിസ്റ്റിലറീസിൽ സാറിനെ സഹായിച്ച കുറെ ഉന്നത ഉദ്യോഗസ്ഥരില്ലേ ? അവർക്ക് സാർ വൻ ശമ്പളത്തിൽ വേറെ ജോലി കൊടുത്തവെന്ന് എഴുതട്ടെ?”
” അതെന്തിനാണ് അവരുടെ കാര്യങ്ങളൊക്കെ എഴുതുന്നത് ?”
” ഒരു പെർഫെക്ഷന് വേണ്ടിയിട്ടാണ് സാർ. മാത്രമല്ല, സാറിനെ സഹായിച്ചാൽ സാറും തിരിച്ചു സഹായിക്കും എന്ന് ഒരു സൂചന കൂടിയാണല്ലോ.”
” അവരുടെ കാര്യമൊന്നും എഴുതാൻ നിക്കണ്ട. ഇനി അതിന്റെ വാല് പിടിച്ച് ആരെങ്കിലും വരാൻ ….”
എനിക്ക് കാര്യം മനസ്സിലായി. ഞാൻ പ്രതീക്ഷിച്ചതു തന്നെയാണ് കേട്ടത്. എങ്കിലും എന്റെ കൈ ചെറുതായിട്ടൊന്നു വിറക്കാൻ തുടങ്ങി. അദ്ദേഹവും അത് ശ്രദ്ധിച്ചു. അദ്ദേഹം എഴുന്നേറ്റ് പതിയെ എൻ്റെ അടുത്തേക്ക് വന്നു. ഞാനും ഞെട്ടി വിറച്ച് എഴുന്നേറ്റു. അദ്ദേഹം കൈനീട്ടി എൻ്റെ തോളിൽ പിടിച്ചു. ഭയന്ന് പ്രതിമ പോലെ സ്തംഭിച്ചു നിൽക്കുകയാണ് ഞാൻ.

” തോമസേ, ഒരിക്കൽ ചതിച്ചവൻ പിന്നെയും ചതിക്കും. മഹേഷിനെ ചതിച്ചവൻ എന്നെയും ചതിക്കും. എനിക്ക് ചതിയന്മാരെ ആവശ്യമില്ല. വെറുതെ എന്തിനാ നമ്മൾ പണി വാങ്ങി വെക്കുന്നത്.”

” അല്ല സാർ ….ഞാൻ ജസ്റ്റ് …. അറിയാതെ ….”
” എനിക്ക് അത്യാവശ്യമായി ഒന്ന് രണ്ടു പേരെ കാണാനുണ്ട്. താങ്കൾ എഴുത്ത് തുടർന്നോളൂ. ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഞാൻ വന്നോളാം.” അതും പറഞ്ഞ് അദ്ദേഹം വാതിലിനു നേരെ നടന്നു.

തോമസ് ! ബി കെയർഫുൾ. സൂക്ഷിച്ചു സംസാരിക്കണം. തെറ്റായ ഒരു ചോദ്യം മതി തല നിലത്തു കിടന്ന് ഉരുളും. അദ്ദേഹത്തിന് എത്ര എഴുത്തുകാരെ വേണമെങ്കിലും കിട്ടും. പണം കൊടുത്തോ തട്ടിക്കൊണ്ടുവന്നോ എങ്ങനെയെങ്കിലും. നിൻെറ നാക്ക് നീ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. യാതൊരു മൊറാലിറ്റിയും ഇല്ലാത്ത ഒരു മനുഷ്യമൃഗത്തോടാണ് നീ ഇടപെടുന്നത്. എല്ലാ ദുർഘട സാഹചര്യങ്ങളോടും പോരാടി കഠിനപ്പെട്ട് ജയിച്ചു വന്ന ഒരു മനുഷ്യൻ. മനുഷ്യത്വം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഒരു വേട്ടക്കാരൻ .

ക്രൂരനായ വേട്ടക്കാരൻ

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments