കഴിയില്ലീ സാഗരം നീളെ നീന്താൻ
കഴിയേണമിദ്വീപിലെന്നുമെന്നും
പഴിചാരുവാനില്ല നേരമൊട്ടും
കഴിയുന്ന കർമ്മങ്ങൾ പൂജയാക്കാം
ചിതയായൊടുങ്ങേണ്ട ജീവിതങ്ങൾ
കൊതിയോടെ വാഴുമീക്കർമ്മഭൂമി
അതിലാണു കൊയ്ത്തും
മെതിപ്പുമെല്ലാം
പതിവായി നമ്മൾ നടത്തിടേണ്ടൂ
കനവിലും നിനവിലും നിന്റെ രൂപം
കനകാംബരത്തിന്റെ വർണ്ണമാർന്നു
താനേ നിറഞ്ഞു തുളുമ്പി നില്ക്കും
പാനപാത്രം ദിവ്യമെത്ര പുണ്യം
കറതീർന്നു തെളിയുന്നൊരുൾപ്രമോദം
നിറയുന്നു ചുറ്റും നിലാവു പോലെ
അറിയുന്നു ഞാൻ നിന്റെയുള്ളിലൂറും
പറയുവാനാകാത്തൊരീ വികാരം
പകരാതെ നിന്നിൽ നിറഞ്ഞു നിൽക്കും
മകരന്ദമാണെന്റെയിഷ്ടഭോജ്യം
നുകരേണം മാധുര്യവർഷ പൂരം
പകരം വെയ്ക്കാനില്ല ഭൂവിലൊന്നും
തിരതല്ലിയാർക്കുന്ന സാഗരം പോൽ
കരളിലെ സ്വപ്നങ്ങളെത്ര മാത്രം
കരയേതുമില്ലാത്തൊരാഴിയിൽ ഞാൻ
തിരകൾ മുറിച്ചങ്ങു നീന്തിടുന്നു…