Tuesday, October 8, 2024
Homeകഥ/കവിതകാമുകന്‍ (കഥ) ✍ബെന്നി സെബാസ്റ്റ്യൻ

കാമുകന്‍ (കഥ) ✍ബെന്നി സെബാസ്റ്റ്യൻ

ബെന്നി സെബാസ്റ്റ്യൻ

കുറേ നാളായി അയാള്‍ക്ക് ചില സംശയങ്ങള്‍. കുറേ നാളെന്നു വച്ചാല്‍ രണ്ട് മൂന്നു മാസങ്ങളായി. വീട്ടിലെ അന്തരീക്ഷത്തിനൊരു മാററം വന്നതു പോലെ,, എവിടൊക്കയോ വെളിച്ചവും ഇരുളും വീടിനുള്ളില്‍ പടര്‍ന്നതു പോലെ,

ഒരു ദിവസം അയാള്‍ ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുന്‍വശത്തെ വാതിലടഞ്ഞു കിടക്കുന്നു. കുറേ വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. മുററത്തു നിന്ന് വീട്ടിനുള്ളിലെ ലാന്‍ഡ് ഫോണിലേയ്ക്ക് ബല്ലടിപ്പിച്ചു. അത് രണ്ട് തവണ റിംഗ് ചെയ്തു നിന്നു. അകത്ത് പ്രായമായ അമ്മയുള്ളതാണ്, അമ്മയ്ക്ക് എഴുന്നേററു വന്ന് ഫോണെടുക്കാന്‍ പററില്ല.

ഇവളെവിടെ പോയോ എന്തോ..?

വീടിനു പിറകിലേയ്ക്ക് നടന്നു. മുററം ചുററി അടുക്കള വാതിക്കല്‍ എത്തി അത് തുറന്ന് കിടക്കുന്നു.

വീടിനുളളിലെങ്ങും അവളില്ല.

ഇനി കുളിമുറിയിലോ കിടപ്പു മുറിയിലോ ഉണ്ടോ..?

ഇല്ല..

അടുക്കള വാതിലിലൂടെ പുറത്തിറങ്ങി. കൂട്ടില്‍ കിടക്കുന്ന നായ പറമ്പിന്‍റെ അതിരുതീര്‍ന്നൊഴുകുന്ന പുഴയുടെ ഭാഗത്തേയ്ക്ക് നോക്കുന്നുണ്ട്. അയാള്‍ പടര്‍ന്നു കിടക്കുന്ന പുല്ലിനിടയിലൂടുള്ള നടപ്പു വഴിയിലൂടെ പുഴയുടെ അരികിലേയ്ക്ക് നടന്നു . അവിടെ അവള്‍ പുഴയിലേയ്ക്ക് കാലിട്ട് , ഒഴുകിപ്പോകുന്ന വെള്ളത്തിലേയ്ക്ക് നോക്കിയിരിയ്ക്കുന്നു.

നീയവിടെ എന്തെടുക്കുവാണ്..?

അവള്‍ ഞെട്ടി തിരിഞ്ഞു നോക്കി.

ഒന്നും സംഭവിയ്ക്കാത്തതു പോലെ അയാളെ മറികടന്ന് വീട്ടിലേയ്ക്ക് നടന്നു. പോയ വഴി ഒരു നീണ്ട പുല്ലിന്‍റെ കമ്പൊടിച്ച് എന്തോ ആലോചിക്കും പോലെ ചവച്ചു കൊണ്ടിരുന്നു .

അയാള്‍ വന്നപ്പോളേയ്ക്കും നേരത്തെ എപ്പോളോ തിളപ്പിച്ചു വച്ച ചായ ഫ്ളാസ്ക്കില്‍ നിന്നും ഗ്ളാസില്‍ പകര്‍ന്ന് മേശപ്പുറത്ത് വച്ചു. അടുക്കളയിലേയ്ക്ക് പോയി .

ചായയുമെടുത്ത് അയാള്‍ ചെന്നു നോക്കുമ്പോള്‍ അവള്‍ പാത്രങ്ങള്‍ കഴുകിയുണക്കാന്‍ വച്ചിട്ടുള്ള സ്ളാബില്‍ കയറി എന്തോ ആലോചിച്ചിരിപ്പാണ്.

അയാള്‍ സാധാരണ ജോലി കഴിഞ്ഞ് ആറ് ആറരയോടെ വീട്ടിലെത്തും. പിന്നെ ചായകുടി കുളി പിന്നീട് മൊബൈല്‍ ഫോണുമായി ഹാളിലെ കോര്‍ണര്‍ സെററിയില്‍ ചടഞ്ഞിരിയ്ക്കും.

ടിവി അവിടെ ചിലച്ചു കൊണ്ടിരിയ്ക്കും. അമ്മ സീരിയലുകള്‍ മാററി മാററി നോക്കി കാണും.
അവളാകട്ടെ അടുക്കളയില്‍ ചട്ടിയോടും കലത്തിനോടും കലഹിച്ചു പോരാടിവിയര്‍ത്ത് കുളിച്ചിരിയ്ക്കും നെററിയിലെ വിയര്‍പ്പിനെ പുറം കൈകൊണ്ട് തുടച്ചു മാററും.

ഇടയ്ക്ക് അരി തീരാറായി.. പത്രത്തിന്‍റെ പൈസ കൊടുക്കണം എന്നൊക്കെ അവള്‍ ഒരു അശിരീരി പോലെ അടുക്കളയില്‍ നിന്നും ഹാളിലേയ്ക്ക് തൊടുത്തു വിടും. അയാള്‍ മൂളും ചിലപ്പോള്‍ ദേഷ്യപ്പെടും .

എനിയ്ക്കറിയാം നീയൊന്നു പോകുന്നുണ്ടോ..?

ചിലപ്പോള്‍ അറിഞ്ഞാണോ അറിയാതയാണോ പാത്രങ്ങള്‍ തറയില്‍ വീണ് നിലവിളിയ്ക്കും. അയാളതൊന്നും ശ്രദ്ധിക്കില്ല. ഒരേ ഒരു മോളുള്ളവളെ രണ്ട് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചയച്ചത്, മോള്‍ വല്ലപ്പോളും വരുമ്പോളാണ് അവള്‍ സംസാരിയ്ക്കുന്നത് കേള്‍ക്കുന്നത്. ഹാളിലെ ലാന്‍ഡ് ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചാല്‍ മാത്രം അടുക്കള വാതില്‍ പടിയില്‍ നിന്ന് എന്തൊരു ശല്യമാണെന്ന ഭാവത്തില്‍ നോക്കും.

ഫോണിന്‍റെ മറുതലയ്ക്കല്‍ മോളാണേല്‍ മാത്രം പതിഞ്ഞ, ശബ്ദത്തില്‍ കുറച്ചു സംസാരിയ്ക്കും. അവളുടേതായ ഒരു ആവിശ്യവും അവള്‍ പറയാറില്ല .

പക്ഷേ കുറേ നാളുകളായി വലിയ മാററം. വീട്ടിലവള്‍ സാധാരണ സാരിയാണുടുക്കാറ് അത് ചുരുണ്ടു കൂടിയും നിറം മങ്ങിയും. അടുക്കളപ്പണിക്കിടയില്‍ മുന്താണിയില്‍ നനഞ്ഞ കൈ തുടച്ച്… തുടച്ച്… അത് നനഞ്ഞ് പഴംതുണിയേക്കാള്‍ ചീഞ്ഞിരിയ്ക്കും..

ഇപ്പോള്‍ ഉടുക്കുന്ന സാരി തേച്ച് മിനുക്കി നെററിയിലൊരു പൊട്ടുകുത്തി സാരിയുടെ ഞൊറിയൊക്കെ പിടിച്ചിട്ട്, പഴയ, മങ്ങിയ, മൂതേവി കേറിയ മുഖത്തിനു പകരം സദാപ്രസാദം നിറഞ്ഞ മുഖവും മൂളിപ്പാട്ടും.

പുലര്‍ച്ച മുതല്‍ തുടങ്ങുന്ന വീട്ടു ജോലി പാതിരാവായാലും തീരാറില്ല.
ഇപ്പോ ഉച്ചയോടുകൂടി പണികള്‍ തീരും. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടിവിയില്‍ പ്രണയ ഗാനങ്ങളോ കോമഡി പരിപാടികളോ വരുമ്പോള്‍ ഹാളിലെ കോര്‍ണര്‍ സെററിയില്‍ ഇടതു കാലിന് മുകളിലേയ്ക്ക് വലതു കാലുകയററി വച്ച് ആസ്വദിയ്ക്കാന്‍ തുടങ്ങി.

വര്‍ഷങ്ങളായി രണ്ട് മുറിയിലാണ് കിടപ്പ്, ഒരു രാത്രിയില്‍ ഹാളില്‍ നിന്നും കിടപ്പു മുറിയിലേയ്ക്ക് പോകുമ്പോള്‍ അവളുടെ മുറിയില്‍ നിന്നും പതിഞ്ഞ സ്വരത്തിലുള്ള ചിരിയും വര്‍ത്തമാനവും. അയാള്‍ ഞെട്ടിപ്പോയി ആരാണ് ആ മുറിയില്‍ ഒരു നിമിഷം കൊണ്ട് അനേകായിരം ചിന്തകള്‍ അയാളുടെ ഹൃദയത്തിലൂടെ കടന്നു പോയി.

വാതിലില്‍ പതുക്കെ തള്ളി നോക്കി അകത്തു നിന്നും കുററിയിട്ടിരിയ്ക്കുന്നു. അവളെ വിളിച്ചാലോ …
പക്ഷേ എന്തോ ഒരു ഭയം..
അസ്വസ്ഥമായ മനസ്സോടെ അവളുടെ റൂമിന് നേരെ ഹാളിലെ കസേര തിരിച്ചിട്ട് നോക്കിയിരുന്നു. സമയം കടന്നു പോയി.രാത്രി മൂന്നായി നാലായി അഞ്ചുമണിയായി .

പതിവു പോലെ അഞ്ചു മണിയ്ക്കവള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. പതിവില്ലാതെ ഹാളിലിരിയ്ക്കുന്ന അയാളെ ഒന്നു നോക്കി അടുക്കളയിലേയ്ക്ക് പോയി.

അയാള്‍ പെട്ടന്ന് അവളുടെ മുറിയില്‍ കയറി നോക്കി കട്ടിലിനടിയില്‍,
ബാത്ത്റൂമില്‍, എല്ലാം നോക്കി അവിടൊന്നും ആരുമില്ല. ഇനി തനിയ്ക്ക് തോന്നിയതാണോ..?
ഏയ് അല്ല അവള്‍ ശബ്ദമുണ്ടാക്കി ചിരിയ്ക്കുന്നതും സംസാരിയ്ക്കുന്നതും താന്‍ കേട്ടതാണല്ലോ…

അന്ന് പകല്‍ അയാളുടെ കണ്ണില്‍ മണല്‍ വാരിയിട്ടതു പോലെ ഉറക്കം ഏല്‍പ്പിച്ച മുറിവ് തരുതരുപ്പായി വേദനിപ്പിച്ചു.

പിന്നീടയാള്‍ അവളെ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. പണ്ടെങ്ങുമില്ലാത്തവിധം അവള്‍ സുന്ദരിയായിരിയ്ക്കുന്നു. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിലെ പോലെ ഒരു പ്രസരിപ്പ് അവളില്‍ കാണാറായി.

അയാളുടെ അമ്മയും അയാളോട് പറഞ്ഞു .ആരോടോ പകലെല്ലാം അവള്‍ സംസാരിയ്ക്കുന്നതും ചിരിയ്ക്കുന്നതും കേള്‍ക്കാം നടക്കാന്‍ പററാത്തതു കൊണ്ട് ഇതേവരെ ആളെ കാണാന്‍ പററിയിട്ടില്ലെന്ന്, അതോടു കൂടി അയാള്‍ ഓരോ ചലനവും ശ്രദ്ധിക്കാന്‍ തുടങ്ങി.
ഒരു ദിവസം അലക്കു കല്ലിനടത്തു നിന്ന് അവളാരോടോ സംസാരിയ്ക്കുന്ന ശബ്ദം. അയാള്‍ ചെന്നപ്പോളേയ്ക്കും ഒന്നും സംഭവിയ്ക്കാത്തപ്പോലെ ചെരിപ്പു മണലില്‍ ഉരയുന്ന ശബ്ദം കേട്ടാവണം അവള്‍ തിരിഞ്ഞു നടന്നു.

അയാള്‍ അന്ന് മോളെ കാണാന്‍ പോയി പതിവില്ലാതെ അയാളെ കണ്ട് മോള്‍ അത്ഭുതപ്പെട്ടു.
അയാള്‍ മുഖവുരയില്ലാതെ തന്നെ മോളോടു പറഞ്ഞു

നീയൊന്നു വീട്ടിലേയ്ക്കു വരൂ

എന്താ പപ്പാ …?

നിന്‍റെ അമ്മയ്ക്ക് എന്തോ ഒരു പ്രശ്നം..

പ്രശ്നമോ ഞാനിന്നലയും കൂടി വിളിച്ചതാണല്ലോ..?

കഴിഞ്ഞ ദിവസം രാത്രിയില്‍ അവളുടെ മുറിയിലാരോ ഉണ്ടായിരുന്നു.

ആര്..?

ഏതോ ഒരുത്തന്‍..

പപ്പാ അനാവിശ്യം പറയരുത്..

സത്യമാണ്…

പപ്പയ്ക്ക് നാണമില്ലേ…ആരേക്കുറിച്ചാണീ പറയുന്നതെന്ന് വല്ല ഓര്‍മ്മയുമുണ്ടോ..?

എനിയ്ക്ക് നല്ല ബോധ്യമുണ്ട്…

അയാള്‍ മകളോട് പിണങ്ങിയാണ് മടങ്ങിയത്,

എന്തായാലും പിറേറന്ന് അവള്‍ രണ്ട് ദിവസം വീട്ടില്‍ നില്‍ക്കാനുള്ള തയ്യാറെടുപ്പില്‍ എത്തിച്ചേര്‍ന്നു.

അയാള്‍ ഓഫീസിലായിരുന്നു.
മകളെ കണ്ട് അവളത്ഭുതപ്പെട്ടു.

നീയെന്താണ് പതിവില്ലാതെ…?

ഓ..പതിവില്ലാത്തതല്ലേ ലോകത്തില്‍ സംഭവിയ്ക്കുന്നത്…?

സംസാരിയ്ക്കുമ്പോളും അടുക്കള പണികള്‍ ചെയ്യുമ്പോളും അമ്മ അസ്വസ്ഥതയോടെ ഹാളിലെ, ക്ളോക്കിലേയ്ക്ക് ഇടയ്ക്കിടെ നോക്കുന്നത് അവള്‍ കണ്ടു.

ആരേയോ, വരാമെന്നു പറഞ്ഞ ആളെ പ്രതീക്ഷിയ്ക്കും പോലൊരു തിടുക്കം…

മൂന്നു മണിയോട് കൂടി അമ്മയെ കണ്ടില്ല അവള്‍ വീട്ടിലാകെ നോക്കി. വീട്ടിലെങ്ങുമില്ല അവള്‍ മുററത്തുകൂടി വീടിന്‍റെ പിറകിലേയ്ക്ക് നടന്നു.

പുറകുവശത്തെ വിറകു പുരയില്‍ നിന്നൊരു നേര്‍ത്ത ചിരി.

അടുക്കി വെച്ച ചൂട്ടും ചുളയ്ക്കും കീറി അടുക്കിയ വിറകിനുമിടയില്‍ പഴയൊരു സ്ററൂളിലിരുന്ന് ഒരു ഫോണിലൂടെ അമ്മ ആരോടോ സംസാരിയ്ക്കുന്നു. ഇടയ്ക്ക് ചിരിയ്ക്കുന്നുമുണ്ട് അവള്‍ ശബ്ദം മുണ്ടാക്കാതെ കുറച്ചൂടെ അടുത്തേയ്ക്ക് ചെന്നു. അമ്മ അരോടൊ പറയുന്നുണ്ട്..

അവള്‍ നാളെ പൊയ്ക്കൊള്ളും ഒരു ദിവസം ക്ഷമിയ്ക്കൂ..

അവള്‍ പതിയെ പിറകിലേയ്ക്ക് മാറി..

വൈകിട്ട് ജോലികഴിഞ്ഞ് വന്ന അയാള്‍ അത്ഭുതപ്പെട്ടു.

നീ വരില്ലെന്നാണു ഞാനോര്‍ത്തത്.. നിന്‍റെ അമ്മയെവിടെ ..?

അടുക്കളയില്‍…

പപ്പാ പറഞ്ഞത് സത്യമാണെന്നു പറഞ്ഞാലോയെന്നവളോര്‍ത്തു പിന്നെ വേണ്ടന്നുവച്ചു നാളെയാവട്ടെ…

രാത്രിയവള്‍ അമ്മയുടെ കൂടെയാണ് കിടന്നത്. അവളോട് അവളുടെ മുറിയില്‍ കിടന്നു കൂടെയെന്നമ്മ ചോദിച്ചതാണ്.

അവള്‍ പറഞ്ഞു ഇന്നെനിയ്ക്കമ്മയുടെ കൂടെ കിടക്കണം..

മനസ്സില്ലാ മനസ്സോടെയാണവള്‍ സമ്മതിച്ചത്…

രാത്രി അമ്മയ്ക്ക് എന്തോ അസ്വസ്ഥതയുള്ളതു പോലെ അവള്‍ക്ക് തോന്നി. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു ദീര്‍ഘ നിശ്വാസം വിടുന്നു.

അവള്‍ പതിയെ ഉറങ്ങിയതു പോലെ കിടന്നു. നേര്‍ത്ത ശബ്ദത്തില്‍ കൂര്‍ക്കം വലിയ്ക്കും പോലെ ശബ്ദമുണ്ടാക്കി. അമ്മ പതുക്കെ തിരിഞ്ഞ് അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി . അവളുറങ്ങിയെന്നു ഉറപ്പുവരുത്തി . സാവധാനം തലയിണയുടെ അടിയില്‍ നിന്നും ഒരു ഫോണെടുത്തു തീരെ ചെറിയൊരു ഫോണ്‍. അതുചെവിയോട് ചേര്‍ത്തു.

രാവിലെ വിളിയ്ക്കാമേ…

അവളിപ്പളാ ഉറങ്ങിയത്.. പിണങ്ങരുത് കേട്ടോ..

ഫോണ്‍ തലയിണയ്ക്കടിയിലേക്കു വച്ചു.
അമ്മ തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോളോ അമ്മയുറങ്ങി.

അവള്‍ സാവധാനം കൈയ്യെത്തിച്ച് തലയിണയ്ക്കടിയില്‍ നിന്നും ആ ഫോണെടുത്തു. അവള്‍ ഞെട്ടിപ്പോയി പഴയ ഒരു നോക്കിയ ഫോണ്‍ അതിന്‍റെ വശങ്ങളാകെ താഴെ വീണോ മറേറാ പൊട്ടി. ബാറററി പഴകി ഫോണിന്‍റെ പിറകു വശം വീര്‍ത്ത്…

അത് ഓണ്‍ അല്ലായിരുന്നു അവള്‍ പതുക്കെ അതിന്‍റെ പിറകു വശം ഊരിമാററി . അതിനുള്ളില്‍ സിം ഉണ്ടായിരുന്നില്ല. അവള്‍ തല തിരിച്ച് അമ്പരപ്പോടെ അമ്മയെ നോക്കി. അവര്‍ നിഷ്കളങ്കമായ മുഖത്തോടെ ചെരിഞ്ഞു കിടന്നുറങ്ങുകയാണ്. ഇടയ്ക്ക് ഏതോ കഠിനമായ വേദന അനുഭവിയ്ക്കും പോലെ മുഖം ചുളിയ്ക്കുന്നുണ്ട്. ചിലപ്പോള്‍ ഏതോ മനോഹരമായ സ്വപ്നം കണ്ടതുപോലെ പുഞ്ചിരിയ്ക്കുകയും.

ഒററപ്പെടലിന്‍റെ തിരസ്കരണത്തിന്‍റെ മഹാസാഗരം നീന്തി കടക്കാനമ്മ കണ്ടു പിടിച്ചൊരു കഥാപാത്രം..

അവളാ ഫോണ്‍ തലയിണയ്ക്കടിയിലേയ്ക്കു വച്ചു. ഇടതു കൈ കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. തണുത്ത കാററടിച്ചതുപോലെ അവള്‍ മകളിലേയ്ക്ക് ചേര്‍ന്നു കിടന്നു.

പിറേറന്ന് രാവിലെ അവള്‍ നോക്കുമ്പോള്‍ തലയിണക്കടിയിലാ ഫോണില്ല. അടുക്കളയില്‍ അമ്മ മൂളിപ്പാട്ടോടു കൂടി പണികള്‍ ചെയ്യുന്നുണ്ട്. അവളമ്മയെ പിറകില്‍ നിന്നും കെട്ടിപ്പിടിച്ചു.

പേടിച്ചു പോയല്ലോ പെണ്ണേയെന്നവര്‍ പറഞ്ഞു.

ഉച്ചയ്ക്ക് പുറത്തുപോയ അവള്‍ വെയിലാറിയപ്പോളാണ് തിരിച്ചു വന്നത് . അമ്മയപ്പോള്‍ പുഴയിലേയ്ക്കും നോക്കി അലക്കുകല്ലിലിരുന്ന് സിം ഇല്ലാത്ത ബാറററി വീര്‍ത്ത അരുകുകള്‍ പൊട്ടിയ ഫോണിലൂടെ ചിരിയ്ക്കുകയാണ്.

കാല്‍ പ്പെരുമാററം കേട്ട് അവര്‍ തിരിഞ്ഞു നോക്കി .

പെട്ടന്ന് ഫോണെവിടയോ ഒളിപ്പിച്ചു. അവള്‍ കൈയ്യിലിരുന്ന പേപ്പര്‍ കവറമ്മയ്ക്ക് നേരെ നീട്ടി .
അവര്‍ ആ കവറഴിച്ചു മനോഹരമായ ഒരു ഫോണ്‍,

അമ്മേ.. അതില്‍ സിം ഉണ്ട് അതില്‍ എന്‍റെ ഫോണ്‍ നമ്പര്‍ ഉണ്ട്, പപ്പയുടേയും..

അവളുടെ കണ്ണ്‌ നിറഞ്ഞൊഴുകാന്‍ തുടങ്ങി കവിളിലൂടെ മൂക്കിന്‍ തുമ്പിലൂടെ താഴേയ്ക്ക്..താഴേയ്ക്ക്…
അപ്പോള്‍, ദൂരെ ആകാശത്തിന്‍റെ കോണില്‍ മേഘങ്ങള്‍ക്കു മുകളില്‍ മഴവില്ല് പ്രത്യക്ഷപ്പെട്ടു..

ബെന്നി സെബാസ്റ്റ്യൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments