ക്ലാസ്സിലെ കുട്ടി,
അധ്യാപകരുടെ അരുമ.
അവൻ (അവൾ) അനുസരണയോടെ
എല്ലാം അനുകരിക്കുന്നു.
പാടാൻ, കളിക്കാൻ, എഴുതാൻ.
വൃത്തിയോടെ, വെടിപ്പോടെ നടക്കാൻ.
കാണാപാഠങ്ങൾ, കണക്കുകൾ,
ഗൃഹപാഠങ്ങൾ ചെയ്തു തീർക്കാൻ.
ചിട്ടയോടെ എല്ലാത്തിലും ഇടപ്പെടാൻ.
രക്ഷിതാക്കളെ, അധ്യാപകരെ
ബഹുമാനിക്കാൻ.
അപരിചിതരോട് വേറിട്ടു നിൽക്കാൻ.
കറുപ്പും വെറുപ്പും പ്രകടിപ്പിക്കാൻ.
വിവേചനവും, വിവേകവും കാട്ടാൻ.
വീട്ടിലെ പട്ടി,
വീട്ടുകാരുടെ അരുമ.
അവൻ(അവൾ) അനുസരണയോടെ
എല്ലാം അനുകരിക്കുന്നു.
ഇരിക്കാൻ, നടക്കാൻ, കുരയ്ക്കാൻ.
വൃത്തിയോടെ, വെടിപ്പോടെ പാത്രങ്ങൾ
നക്കിത്തുടയ്ക്കാൻ.
ചിട്ടയോടെ എല്ലാ കാര്യങ്ങളും
ചെയ്യാൻ.
യജമാനനോട് നന്ദി കാട്ടി വാലാട്ടാൻ.
അപരിചിതരോട് മുറുമുറുക്കാൻ.
കടിക്കുമെന്ന് ഭയപ്പെടുത്താൻ.
ശത്രുവിനേയും, മിത്രത്തേയും
തിരിച്ചറിഞ്ഞു പെരുമാറാൻ.
മണം പിടിച്ചും, മണ്ണു തുരന്നും,
സമയം കളഞ്ഞു കിടന്നുറങ്ങാൻ.
ക്ലാസ്സിലെ കുട്ടിയ്ക്ക് യൂണിഫോമിട്ട
ചിട്ടകൾ.
വീട്ടിലെ പട്ടിക്ക് ചങ്ങലയിട്ട ചട്ടങ്ങൾ.
ചിട്ടകൾ പൂട്ടി വെച്ച കാലത്തേക്ക്,
കുട്ടികൾ ആകാശം വരയ്ക്കുന്നു.
ചട്ടങ്ങൾ കെട്ടിയിട്ട കാലത്തേക്ക്,
പട്ടികൾ കൂട്ടമായ് ഓരിയിടുന്നു.