ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിനടീമിൽ സഞ്ജു സാംസൺ ഇന്ത്യ കളിച്ച അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും എന്തിന് സഞ്ജുവിനെ തഴയുന്നുവെന്നാണ് ആരാധകർ ചോദിക്കുന്നത്. ബാറ്റിംഗ് ദുഷ്‌കരമായ ദക്ഷിണാഫ്രിക്കൻ പിച്ചിൽ സെഞ്ചുറിയുമായി ഒറ്റയ്ക്ക് പൊരുതി ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിച്ച സഞ്ജു സാംസണെ ഒഴിവാക്കിയ കാരണമെന്താണാണെന്നാണ് ആരാധകരുടെ ചോദ്യം.
സഞ്ജുവിന്റെ ഈ ഏകദിന ഇന്നിംഗ്സ് ഏകദിനത്തിലെ വഴിത്തിരിവെന്ന് ഇതിഹാസങ്ങൾ താരങ്ങൾ വരെ വാഴ്ത്തി. പിന്നാലെ ഐപിഎലിൽ തിളങ്ങിയ സഞ്ജു ടി20 ലോകകപ്പിൽ ഇടം നേടി. എന്നാൽ ഒറ്റമത്സരത്തിൽ പോലും സഞ്ജു കളിച്ചില്ല. എന്തു കൊണ്ടാണ് സഞ്ജുവിനെ നിരന്തരം തഴയുന്നതെന്നും സഞ്ജുവിന് പകരം ശിവം ദുബെയെ ഉള്‍പ്പെടുത്തിയത് ദൗര്‍ഭാഗ്യകരമെന്നും ഇന്ത്യയുടെ മുന്‍ താരം ദൊഡ്ഡ ഗണേഷ് പറഞ്ഞു.
ഇന്ത്യന്‍ ജഴ്‌സിയില്‍ തിളങ്ങുന്നതിന് സെലക്ടര്‍മാര്‍ ഒരുവിലയും നല്‍കുന്നില്ലെന്നും അവസാന മത്സരത്തില്‍ സെഞ്ച്വറി അടിച്ച സഞ്ജുവിനെയും ട്വന്റി 20യില്‍ സെഞ്ച്വറി അടിച്ച അഭിഷേക് ശര്‍മയെയും ഒഴിവാക്കിയെന്നും ശശി തരൂര്‍ എംപിയും വിമര്‍ശിച്ചു.
ടി20 ടീമില്‍ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയത്. ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണുയരുന്നത്. റിഷഭ് പന്തായിരിക്കും ടി20 ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍. അതുകൊണ്ടുതന്നെ ടി20 ടീമിലെത്തിയെങ്കിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താനാവുമോ എന്ന കാര്യം സംശയമാണ്. സിംബാബ്വെയിലെ മികച്ച പ്രകടനത്തോടെ ശുഭ്മാന്‍ ഗില്‍ ടി20 ടീമിലെ സ്ഥാനം തിരിച്ചുപിടിച്ചതിനൊപ്പം ഹാര്‍ദ്ദിക്കില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും സ്വന്തമാക്കിയെന്നത് ശ്രദ്ധേയമാണ്.