Thursday, December 26, 2024
Homeകായികംമങ്ങിക്കത്തി ഇന്ത്യ ; പാകിസ്ഥാനെ 6 വിക്കറ്റിന്‌ തോൽപ്പിച്ചു.

മങ്ങിക്കത്തി ഇന്ത്യ ; പാകിസ്ഥാനെ 6 വിക്കറ്റിന്‌ തോൽപ്പിച്ചു.

നേരിട്ട ആദ്യപന്തിൽ ഫോറടിച്ച്‌ വയനാട്ടുകാരി എസ്‌ സജന ഇന്ത്യക്ക്‌ ജയമൊരുക്കി. വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ പാകിസ്ഥാനെ ആറ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. ന്യൂസിലൻഡിനോട്‌ ആദ്യകളി തോറ്റിരുന്ന ഇന്ത്യക്ക്‌ വിജയം ആശ്വാസമായി. എന്നാൽ, റൺനിരക്കിലെ കുറവ്‌ സെമിപ്രവേശനത്തിന്‌ തിരിച്ചടിയാകും. സ്‌കോർ: പാകിസ്ഥാൻ 105/8, ഇന്ത്യ 108/4 (18.5).

ടോസ്‌ നേടി ആദ്യം ബാറ്റെടുത്ത പാകിസ്ഥാനെ ഒതുക്കിയ പേസ്‌ ബൗളർ അരുന്ധതി റെഡ്ഡിയാണ്‌ കളിയിലെ താരം. നാല്‌ ഓവറിൽ 19 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു. രണ്ടു മലയാളികൾ ഒരുമിച്ച്‌ കളത്തിലിറങ്ങിയ അപൂർവതയ്‌ക്കും സ്‌റ്റേഡിയം സാക്ഷിയായി. ആശ ശോഭനയും എസ്‌ സജനയുമാണ്‌ കേരളത്തിന്റെ അഭിമാനമായത്‌. സ്‌പിന്നറായ ആശയ്‌ക്ക്‌ ഒരു വിക്കറ്റുണ്ട്‌. എട്ടു പന്തിൽ ജയിക്കാൻ രണ്ടു റൺ വേണമെന്നിരിക്കെ ക്രീസിലെത്തിയ സജന ഫോറടിച്ച്‌ ജയിപ്പിച്ചു.

ചെറിയ ലക്ഷ്യമായിട്ടും വിജയം ആധികാരികമായിരുന്നില്ല. ആദ്യഫോറിന്‌ എട്ടാം ഓവർവരെ കാത്തിരിക്കേണ്ടിവന്നു. ടീം ആകെ നേടിയത്‌ അഞ്ച്‌ ഫോറാണ്‌. ഒറ്റ സിക്‌സറുമില്ല. 35 പന്തിൽ 32 റണ്ണടിച്ച ഓപ്പണർ ഷഫാലിവർമയാണ്‌ ഉയർന്ന സ്‌കോറുകാരി. ജയത്തിന്‌ അരികെയെത്തിച്ച ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ 29 റണ്ണിൽ പരിക്കേറ്റു മടങ്ങി. തുടർന്നായിരുന്നു സജനയുടെ വരവ്‌. ജെമീമ റോഡ്രിഗസിനെയും (23) റിച്ചാഘോഷിനെയും (0) തുടരെയുള്ള പന്തുകളിൽ പുറത്താക്കി പാകിസ്ഥാൻ ക്യാപ്‌റ്റൻ ഫാത്തിമ സന തിരിച്ചുവരവിന്‌ ശ്രമിച്ചെങ്കിലും സ്‌കോർ കുറവായത്‌ തിരിച്ചടിയായി. വൈസ്‌ ക്യാപ്‌റ്റനായ ഓപ്പണർ സ്‌മൃതി മന്ദാന ഏഴു റണ്ണാണെടുത്തത്. ദീപ്‌തി ശർമ (7) സജനയ്‌ക്കൊപ്പം വിജയത്തിൽ പങ്കാളിയായി.

ആദ്യ ഓവറിൽ പേസർ രേണുക സിങ്‌ നേടിയ വിക്കറ്റ്‌ പാകിസ്ഥാന്റെ തകർച്ചയ്‌ക്ക്‌ തുടക്കമിട്ടു. റണ്ണെടുക്കാതെ ഓപ്പണർ ഗുൽ ഫെറൊസ പുറത്തായി. നിദ ദർ (28), മുനീബ അലി (17), ഫാത്തിമ സന (13) എന്നിവർക്കൊന്നും വലിയ സ്‌കോർ സാധ്യമായില്ല. 14 റണ്ണുമായി പുറത്താകാതെ നിന്ന സയിദ അരൂബ്‌ ഷായാണ്‌ സ്‌കോർ 100 കടത്തിയത്‌.

പാകിസ്ഥാനെ പൂട്ടിയ അരുന്ധതിയെ രണ്ടു വിക്കറ്റുമായി സ്‌പിന്നർ ശ്രേയങ്ക പാട്ടീൽ പിന്തുണച്ചു. പാകിസ്ഥാൻ ക്യാപ്‌റ്റന്റെ വിക്കറ്റാണ്‌ ആശ നേടിയത്‌. വിക്കറ്റിനുപിന്നിൽ റിച്ചാഘോഷിന്‌ തകർപ്പൻ ക്യാച്ച്‌. രേണുകയ്‌ക്കും ദീപ്‌തി ശർമയ്‌ക്കും ഓരോ വിക്കറ്റുണ്ട്‌. പട്ടികയിൽ രണ്ട്‌ പോയിന്റുമായി ഇന്ത്യ നാലാമതാണ്‌. ന്യൂസിലൻഡിനോട്‌ ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയുടെ റൺനിരക്ക്‌ മൈനസാണ്‌. ന്യൂസിലൻഡ്‌, ഓസ്‌ട്രേലിയ, പാകിസ്ഥാൻ ടീമുകൾക്ക്‌ രണ്ട്‌ പോയിന്റാണെങ്കിലും റൺനിരക്കിൽ മുന്നിലാണ്‌. മറ്റൊരു മത്സരത്തിൽ വെസ്റ്റിൻഡീസ് ആറ് വിക്കറ്റിന് സ്-കോട്ലൻഡിനെ തോൽപ്പിച്ചു. സ്-കോർ: സ്-കോട്ലൻഡ് 99/8; വിൻഡീസ് 101/4 (11.4).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments